ബിഗ് ബോസ് മലയാളം സീസൺ 8ൽ സ്ത്രീ മത്സരാർത്ഥികൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും സദാചാര വിചാരണകളിലും വിമർശനവുമായി മുൻ ബിഗ് ബോസ് താരം റിനി ആൻ ജോർജ്. സ്ത്രീകളുടെ പെരുമാറ്റത്തെ മാത്രം സദാചാരത്തിന്റെ പേരിൽ ചോദ്യം ചെയ്യുന്ന കേരള സമൂഹത്തിന്റെ ഇരട്ടത്താപ്പിനെതിരെയാണ് റിനി രംഗത്തെത്തിയത്. നേഹ ഫാത്തിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും മാതാപിതാക്കൾക്കെതിരായ സൈബർ ആക്രമണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ പ്രതികരണം.
ബിഗ് ബോസ് ഷോ സ്ത്രീ മത്സരാർത്ഥികൾക്ക് നിരന്തരമായ മാനസിക സമ്മർദവും സൈബർ ആക്രമണങ്ങളും സമ്മാനിക്കുകയാണെന്ന് റിനി തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ ആരോപിച്ചു. നേഹ ഫാത്തിമയുടെ കാര്യത്തിൽ സംഭവിക്കുന്നതും ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് അവർ പറഞ്ഞു. നേഹയുടെ മാതാവിന് നേരെ ഉയർന്ന സൈബർ ആക്രമണങ്ങളും സമ്മർദങ്ങളുമാണ് അവരെ ബിഗ് ബോസ് വേദിയിലെത്തിച്ചതെന്നും ഇത് നേഹയ്ക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കിയെന്നും റിനി ചൂണ്ടിക്കാട്ടി.
ഷോയിലെ മറ്റ് സ്ത്രീ മത്സരാർത്ഥികൾ നേരിട്ട അനുഭവങ്ങളും റിനി കുറിപ്പിൽ പരാമർശിച്ചു. ലോലിറ്റയെ മാത്രം ലക്ഷ്യമിട്ട് ഹേറ്റ് ക്യാമ്പയിൻ നടത്തിയെന്നും ശക്തമായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ച ഷിബിനയെ പുറത്താക്കിയെന്നും അവർ ആരോപിച്ചു. നോബിയും നിലീനയും ഉൾപ്പെട്ട വിഷയത്തിൽ നിലീനയെ മാത്രം കുറ്റക്കാരിയായി ചിത്രീകരിച്ചപ്പോൾ നോബിക്കെതിരെ സമാനമായ സദാചാര വിചാരണ ഉണ്ടായില്ലെന്നും റിനി വിമർശിച്ചു.
സ്ത്രീകളുടെ ഓരോ പ്രവൃത്തിക്കും സമൂഹം വ്യത്യസ്തമായ വിശേഷണങ്ങൾ നൽകുകയാണെന്നും റിനി പറയുന്നു. ഒരു സ്ത്രീ കരഞ്ഞാൽ അത് സഹതാപം പിടിച്ചുപറ്റാനുള്ള നാടകമായി വ്യാഖ്യാനിക്കും. ശക്തമായി അഭിപ്രായം പറഞ്ഞാൽ അഹങ്കാരിയെന്നും ദേഷ്യപ്പെട്ടാൽ മാനസിക പ്രശ്നമുള്ളവളെന്നും ആധുനിക വസ്ത്രം ധരിച്ചാൽ മോശം സ്വഭാവമുള്ളവളെന്നും മുദ്രകുത്തും. എന്നാൽ പുരുഷന്മാർ ദേഷ്യപ്പെട്ടാൽ അതിനെ ആവേശമായും കരുത്തായും കാണുന്ന സമീപനമാണ് നിലനിൽക്കുന്നതെന്നും റിനി കുറ്റപ്പെടുത്തി.
ബിഗ് ബോസ് ആരംഭിച്ച കാലം മുതൽ സ്ത്രീ മത്സരാർത്ഥികൾ കടുത്ത സൈബർ ആക്രമണങ്ങൾക്കും സദാചാര വിചാരണകൾക്കും ഇരയാകുന്നുണ്ടെന്നും ഇത് അവരുടെ ഷോയ്ക്ക് ശേഷമുള്ള ജീവിതത്തെപ്പോലും ബാധിക്കുന്നുണ്ടെന്നും റിനി അഭിപ്രായപ്പെട്ടു. ഫെമിനിസ്റ്റുകളായ സ്ത്രീകൾ പുറത്താകുന്നത് തങ്ങളുടെ ഗെയിം സ്ട്രാറ്റജിയുടെ മികവായി ആഘോഷിക്കുന്നവരോടും അവർ വിമർശനം ഉന്നയിച്ചു. സ്ത്രീപക്ഷ നിലപാടുകളോട് വെറുപ്പ് പുലർത്തുന്ന സമൂഹത്തിന്റെ സ്ത്രീ വിരുദ്ധ മനോഭാവമാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
ഈ സീസണിൽ സ്ത്രീ-പുരുഷ മത്സരാർത്ഥികളുടെ എണ്ണം ഏതാണ്ട് തുല്യമായിട്ടും നിരവധി സ്ത്രീകൾ വിവിധ കാരണങ്ങളാൽ പുറത്തായപ്പോൾ കാര്യമായ സംഭാവനകളില്ലാത്ത പുരുഷ മത്സരാർത്ഥികൾ സുരക്ഷിതരായി തുടരുന്നുവെന്നതും റിനി ചൂണ്ടിക്കാട്ടി. ഭൂരിഭാഗം പ്രേക്ഷകരും സ്ത്രീകളായ ഒരു ഷോയിൽ പോലും സ്ത്രീകൾക്കെതിരായ സമീപനം തുടരുന്നത് വിരോധാഭാസമാണെന്നും അവർ പറഞ്ഞു.
സ്ത്രീകളെ കൂട്ടമായി അപമാനിക്കുകയും ബുള്ളി ചെയ്യുകയും അവരുടെ വേദനകളിൽ വിനോദം കണ്ടെത്തുകയും ചെയ്യുന്ന പ്രവണതയെക്കുറിച്ചും റിനി രൂക്ഷമായി വിമർശിച്ചു. ഒടുവിൽ ബിഗ് ബോസ് ഒരു ഗെയിം ഷോ മാത്രമാണെന്നും ഓരോ സംഭവത്തെയും അമിതമായി വിശകലനം ചെയ്ത് മത്സരാർത്ഥികളെ വിചാരണ ചെയ്യേണ്ടതില്ലെന്നും അവർ ഓർമിപ്പിച്ചു.
ഷോയിൽ പങ്കെടുക്കുന്നവരും മനുഷ്യരാണെന്നും ക്യാമറയ്ക്ക് പുറത്തും അവർക്ക് വ്യക്തിജീവിതമുണ്ടെന്നും മറക്കരുതെന്ന അഭ്യർഥനയോടെയാണ് റിനി കുറിപ്പ് അവസാനിപ്പിച്ചത്. മത്സരാർത്ഥികളുടെ ഗെയിം വിലയിരുത്തുമ്പോൾ അവരുടെ വ്യക്തിത്വത്തെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങളിൽ നിന്ന് പ്രേക്ഷകർ വിട്ടുനിൽക്കണമെന്ന ശക്തമായ സന്ദേശമാണ് റിനിയുടെ പ്രതികരണം നൽകുന്നത്.
