
ബിഗ് ബോസ് വീട്ടിൽ നിന്നുള്ള പുറത്താകലിന് പിന്നാലെ താൻ കടന്നുപോകുന്ന മാനസികാവസ്ഥ വെളിപ്പെടുത്തി ശ്രീലക്ഷ്മി അറക്കൽ. മാസ് എവിക്ഷൻ വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്നും ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
ബിഗ് ബോസിൽ നിന്ന് പുറത്തുവന്നതിന് ശേഷം നിരവധി പേർ വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നെങ്കിലും ആർക്കും മറുപടി നൽകാൻ കഴിഞ്ഞിരുന്നില്ലെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കി. വളരെ കുറച്ചുപേരെ മാത്രമാണ് ഇതിനിടെ നേരിൽ കണ്ടത്. ബിഗ് ബോസ് വീട്ടിലെ ജീവിതവും പുറത്തുള്ള ലോകവും തമ്മിൽ വേർതിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും താരം പറഞ്ഞു.
കുളിക്കാനോ കിടക്കയിൽ നിന്ന് എഴുന്നേൽക്കാനോ പോലും കഴിയാത്ത വിധം മാനസികമായി തളർന്നിരുന്നുവെന്നും ഒരു ദിവസം ഭക്ഷണം പോലും കഴിച്ചില്ലെന്നും ശ്രീലക്ഷ്മി വെളിപ്പെടുത്തി. സന്ദേശങ്ങൾക്ക് മറുപടി നൽകാത്തത് ആരോടെങ്കിലും ദേഷ്യമുള്ളതുകൊണ്ടോ ജാഡ കാണിക്കുന്നതുകൊണ്ടോ അല്ലെന്നും തന്റെ മാനസികാവസ്ഥ അതിന് അനുവദിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
“പെട്ടെന്നുള്ള മാസ് എവിക്ഷൻ ഭയങ്കര ഷോക്കായിരുന്നു. പുറത്തുവന്നപ്പോഴും എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല. എന്റെ മനസ് ഒട്ടും ഓക്കെയല്ല,” എന്ന് ശ്രീലക്ഷ്മി വീഡിയോയിൽ പറഞ്ഞു. മാനസികാവസ്ഥ മെച്ചപ്പെട്ട ശേഷം എല്ലാവരെയും വിളിക്കുകയും നേരിൽ കാണുകയും ചെയ്യുമെന്നും താരം ഉറപ്പുനൽകി. ആരും തന്നെക്കുറിച്ച് മോശമായി ചിന്തിക്കരുതെന്നും ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് പതിയെ പുറത്തുകടന്ന് എല്ലാവരിലേക്കും എത്തുമെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.












