‘ഉമ്മ പെട്ടെന്ന് ക്ഷമിച്ച് തരുന്നയാളല്ല, ഇനി എന്ത് ചെയ്യും’; പൊട്ടിക്കരഞ്ഞ് നേഹ, എല്ലാം ത്യജിക്കാൻ തയ്യാറായി താഷി

‘ഉമ്മ പെട്ടെന്ന് ക്ഷമിച്ച് തരുന്നയാളല്ല, ഇനി എന്ത് ചെയ്യും’; പൊട്ടിക്കരഞ്ഞ് നേഹ, എല്ലാം ത്യജിക്കാൻ തയ്യാറായി താഷി

ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ പുതിയ പ്രമോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കുടുംബാംഗങ്ങളുടെ ചിത്രങ്ങളും ആശംസാ വീഡിയോകളും കണ്ട് ഓർമകൾ പങ്കുവെക്കാനുള്ള അവസരമാണ് ഇത്തവണ മത്സരാർഥികൾക്ക് ലഭിച്ചത്. എന്നാൽ മറ്റുള്ളവരെപ്പോലെ കുടുംബത്തിന്റെ വീഡിയോ സന്ദേശം ലഭിക്കാതെ പോയതോടെ നേഹ ഫാത്തിമ പൊട്ടിക്കരയുന്നതാണ് പുതിയ പ്രമോയിലെ പ്രധാന രംഗം. നേഹയുടെ സങ്കടം കണ്ടുനിൽക്കാനാകാതെ താഷിയും വിഷമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മുതൽ മത്സരാർഥികൾക്ക് കുടുംബത്തെക്കുറിച്ച് സംസാരിക്കാനും വീട്ടുകാരുടെ സന്ദേശങ്ങൾ കാണാനുമുള്ള അവസരം ബിഗ് ബോസ് ഒരുക്കിയിരുന്നു. ഓരോരുത്തരുടെയും കുടുംബാംഗങ്ങൾ അയച്ച ആശംസാ വീഡിയോകൾ പ്രദർശിപ്പിക്കുകയും ചെയ്തു. എന്നാൽ നേഹയുടെ ഊഴം എത്തിയപ്പോൾ മാത്രം അത്തരമൊരു വീഡിയോ ഉണ്ടായിരുന്നില്ല. താഷിയുമായുള്ള പ്രണയബന്ധത്തോട് മാതാപിതാക്കൾക്കുള്ള എതിർപ്പായിരിക്കാം ഇതിന് പിന്നിലെന്നാണ് നേഹ കരുതുന്നത്. ഇതോടെ വീട്ടുകാർ തന്നെ വെറുത്തുവെന്ന ചിന്തയിൽ താരം തളർന്നുപോയി.

ആദ്യം കുടുംബത്തെക്കുറിച്ച് മറ്റ് മത്സരാർഥികൾക്കു മുന്നിൽ മനസ് തുറന്നാണ് നേഹ സംസാരിച്ചത്. ഇന്ന് താൻ ബിഗ് ബോസ് വേദിയിൽ വരെ എത്തിനിൽക്കാൻ കാരണം മാതാപിതാക്കൾ ഇതുവരെ നൽകിയ സ്നേഹവും പിന്തുണയുമാണെന്ന് നേഹ പറഞ്ഞു. എല്ലാ കാര്യങ്ങളിലും അവരെ അഭിമാനിപ്പിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാൽ മാതാപിതാക്കൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞുവെന്നും താരം വിഷമത്തോടെ പങ്കുവെച്ചു.

‘ഞാൻ നിങ്ങളെ മനസിലാക്കുന്നുണ്ട്. അതുപോലെ നിങ്ങളും എന്നെ ഒന്ന് മനസിലാക്കണം. വീഡിയോ കാണാൻ എനിക്ക് നല്ല പേടിയുണ്ട്. എന്നാലും ഞാൻ വീഡിയോ കാണട്ടേ’ എന്നായിരുന്നു നേഹയുടെ വാക്കുകൾ.

വീഡിയോ കാണാനായി കാത്തിരുന്ന നേഹയ്ക്ക് മുന്നിൽ ബിഗ് ബോസിന്റെ അറിയിപ്പാണ് എത്തിയത്. എല്ലാവർക്കും തിരികെ പോകാമെന്ന അനൗൺസ്‌മെന്റ് കേട്ടതോടെ ‘വീഡിയോ ഇല്ലേ ബിഗ് ബോസ്?’ എന്ന് ഇടറിയ ശബ്ദത്തിൽ നേഹ ചോദിച്ചു. തുടർന്ന് ആക്ടിവിറ്റി ഏരിയയിൽ നിന്ന് പുറത്തുവന്ന താരം വീടിന്റെ ഒരു കോണിൽ മാറിയിരുന്ന് പൊട്ടിക്കരയുകയായിരുന്നു.

മൃദുല ഉൾപ്പെടെയുള്ള മത്സരാർഥികൾ ആശ്വസിപ്പിക്കാനെത്തിയെങ്കിലും നേഹയ്ക്ക് സങ്കടം നിയന്ത്രിക്കാനായില്ല. വീട്ടുകാർ തനിക്ക് വീഡിയോ അയക്കാത്തതിന്റെ കാരണം എന്തായിരിക്കുമെന്ന് താരം പലവട്ടം ചിന്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ താൻ പങ്കുവെച്ച ചിത്രമാണ് ബിഗ് ബോസ് ടീം കാണിച്ചതെന്നും നേഹ പറഞ്ഞു.

‘ഞാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. അവരെ ആളുകൾ ഇപ്പോഴും വിമർശിച്ചുകൊണ്ടിരിക്കുകയാകും. അതുകൊണ്ടായിരിക്കും വീഡിയോ അയക്കാതിരുന്നത്. ഞാൻ സംഭവിക്കുന്നതെല്ലാം ഉൾക്കൊള്ളാൻ തുടങ്ങിയിട്ടുണ്ട്. എന്താണെന്ന് വെച്ചാൽ ആയിക്കോട്ടെ. എനിക്ക് ഒന്നും ചെയ്യാനില്ല. പറയാൻ പാടില്ലാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ടോ? അതുകൊണ്ടാണോ അവർ വീഡിയോ അയക്കാത്തത്? എന്റെ ഉമ്മ പെട്ടെന്നൊന്നും എന്നോട് ക്ഷമിക്കുന്നയാളല്ല. ഉമ്മയ്ക്ക് ദേഷ്യം വന്നാൽ പിന്നെ ദേഷ്യം തന്നെയായിരിക്കും’ എന്നായിരുന്നു നേഹയുടെ വാക്കുകൾ.

നേഹയുടെ സങ്കടങ്ങളെല്ലാം അടുത്തുനിന്ന് കാണുന്ന താഷിയെയും പ്രമോയിൽ കാണാം. മാതാപിതാക്കൾ വീട്ടിൽ വന്നുപോയതിന് ശേഷം നേഹയുടെ അടുത്തേക്ക് മനപൂർവം എത്താതെയും പ്രണയബന്ധം ഒരു കണ്ടന്റാക്കി മാറ്റാൻ ശ്രമിക്കാതെയുമാണ് താഷി കഴിയുന്നതെന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം. നേഹയെ ചേർത്തുപിടിക്കാൻ പോലും കഴിയാതെ വിഷമിക്കുന്ന താഷിയുടെ മുഖഭാവവും പ്രമോയിൽ ശ്രദ്ധേയമാണ്.

അതേസമയം, പുതിയ പ്രമോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഇത്രയും കാലം സ്നേഹത്തോടെ ചേർത്തുനിർത്തിയ മാതാപിതാക്കളെ നേഹ മറക്കാൻ പാടില്ലായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ നേഹയ്ക്കുള്ള പക്വത പോലും മാതാപിതാക്കൾ കാണിക്കുന്നില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിമർശനം.

നേഹയ്ക്കുവേണ്ടി എന്തും ത്യജിക്കാൻ താഷി തയ്യാറാണെന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമാണെന്നും ചിലർ കുറിക്കുന്നു. നേഹയുടെയും താഷിയുടെയും ബന്ധത്തിൽ ഇനി എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേക്ഷകർ.