
ബിഗ് ബോസ് മലയാളം സീസൺ 8 ആവേശകരമായ 28 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി സംഭവവികാസങ്ങൾക്കാണ് ഹൗസ് സാക്ഷ്യം വഹിച്ചത്. മത്സരാർത്ഥികൾ തമ്മിലുള്ള തർക്കങ്ങളും സൗഹൃദങ്ങളും തന്ത്രങ്ങളും ടാസ്കുകളുമെല്ലാം ഷോയെ കൂടുതൽ സജീവമാക്കുന്നുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നടന്ന മാസ് എവിക്ഷൻ സീസണിലെ തന്നെ ശ്രദ്ധേയമായ സംഭവമായി മാറിയത്.
ഒറ്റയടിക്ക് നിരവധി മത്സരാർത്ഥികളാണ് ഹൗസിൽ നിന്ന് പുറത്തായത്. സുമേഷ്, ഗായത്രി, ജസീല, രാകേഷ്, ശ്രീലക്ഷ്മി അറയ്ക്കൽ, ലോലിറ്റി എന്നിവർ എവിക്ടായപ്പോൾ മൃദുലയും അഞ്ജലിയും നിലവിൽ സീക്രട്ട് റൂമിലാണ്. ഒരുമിച്ച് മുന്നോട്ട് പോയിരുന്ന ഒരു കൂട്ടം മത്സരാർത്ഥികളെ പെട്ടെന്ന് നഷ്ടപ്പെട്ട സാഹചര്യം ഹൗസിലെ ശേഷിക്കുന്നവരെയും മാനസികമായി സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
മാസ് എവിക്ഷന് പിന്നാലെ നാല് പുതിയ വൈൽഡ് കാർഡ് മത്സരാർത്ഥികളും ബിഗ് ബോസ് ഹൗസിലെത്തി. സുവർണ, നിലീന, വിപിൻ, വേദാങ്കി എന്നിവരാണ് പുതിയതായി മത്സരത്തിലേക്ക് എത്തിയിരിക്കുന്നത്. നിലീനയാണ് ആദ്യം ഹൗസിലെത്തിയത്. പിന്നാലെ സുവർണ, വിപിൻ, വേദാങ്കി എന്നിവരും പ്രവേശിച്ചു. അഭിഭാഷകർ, അഭിനേതാക്കൾ, കണ്ടന്റ് ക്രിയേറ്റർമാർ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് പുതിയ മത്സരാർത്ഥികൾ.
പുതിയ വൈൽഡ് കാർഡുകളുടെ വരവ് ഹൗസിലെ ഗെയിം കൂടുതൽ സങ്കീർണമാക്കുമെന്നാണ് സൂചന. ഇതിനോടകം തന്നെ പുതിയെത്തിയവരെ ചുറ്റിപ്പറ്റി ചർച്ചകളും തന്ത്രങ്ങളും ആരംഭിച്ചുകഴിഞ്ഞു. ആദ്യഘട്ടം മുതൽ തന്നെ ‘ബുള്ളിയിങ് ഗ്യാങ്’ എന്ന തരത്തിൽ പ്രേക്ഷകർക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്ന ആസിഫ് ഗ്യാങ് പുതിയ മത്സരാർത്ഥികൾക്കെതിരെ ഗെയിം പ്ലാൻ ഒരുക്കുന്നതായാണ് ലൈവിൽ നിന്നുള്ള സൂചനകൾ.
നോബി, താഷി, ആസിഫ്, വിക്കി, രാഹുൽ ഈശ്വർ എന്നിവർ പുതിയ മത്സരാർത്ഥികളെ നേരിടാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഷിജിനെതിരെയും ഇവർ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഷിജിന്റെ പബ്ലിസിറ്റിയെ എങ്ങനെ നിയന്ത്രിക്കാമെന്നതും ഹൗസിനുള്ളിലെ ചർച്ചകളിൽ ഇടംപിടിക്കുന്നതായി സൂചനകളുണ്ട്.
മാസ് എവിക്ഷൻ മാറ്റിമറിച്ച ഹൗസ് ഡൈനാമിക്സ്
ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ എന്നതിനപ്പുറം മത്സരാർത്ഥികളുടെ മാനസിക ശക്തിയും തന്ത്രപരമായ സമീപനങ്ങളും പരീക്ഷിക്കുന്ന മൈൻഡ് ഗെയിം കൂടിയാണ്. ശാരീരിക ടാസ്കുകൾക്കൊപ്പം അപ്രതീക്ഷിത സാഹചര്യങ്ങളെ എങ്ങനെ നേരിടുന്നു എന്നതും ഓരോ മത്സരാർത്ഥിയുടെയും ഗെയിമിനെ നിർണയിക്കുന്ന ഘടകമാണ്.
അത്തരത്തിൽ മത്സരാർത്ഥികൾക്ക് ലഭിച്ച ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു ഇത്തവണത്തെ മാസ് എവിക്ഷൻ. ഒരുമിച്ച് കഴിഞ്ഞിരുന്ന പലരെയും പെട്ടെന്ന് നഷ്ടപ്പെടേണ്ടി വന്ന സാഹചര്യം ഹൗസിലെ അന്തരീക്ഷത്തിലും വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ശ്രീലക്ഷ്മി പറഞ്ഞതുപോലെ, കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ തങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരുപാട് പേരെ നഷ്ടപ്പെടുകയും തങ്ങളുടേതെന്ന് കരുതിയിരുന്ന ഒരു ഇടം തന്നെ നഷ്ടപ്പെടുന്നതുപോലുള്ള അനുഭവത്തിലൂടെയുമാണ് മത്സരാർത്ഥികൾ കടന്നുപോയത്. ഈ സാഹചര്യത്തോട് ഓരോരുത്തരും എങ്ങനെ പ്രതികരിക്കുന്നു എന്നതും അവരുടെ ഗെയിം എങ്ങനെ മാറുന്നു എന്നതുമാണ് ഇനി ശ്രദ്ധേയമാകുന്നത്.
നാല് പുതിയ വൈൽഡ് കാർഡുകളുടെ വരവോടെ ഹൗസിലെ സമവാക്യങ്ങൾ വീണ്ടും മാറിയിരിക്കുകയാണ്. പുതിയ കൂട്ടുകെട്ടുകളും തർക്കങ്ങളും തന്ത്രങ്ങളും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന സൂചനകളാണ് ഇപ്പോഴുള്ളത്. ഷിജിനെതിരായ നീക്കങ്ങളും പുതിയ മത്സരാർത്ഥികളുടെ ഗെയിം പ്ലാനുകളും എവിടേക്കാണ് കാര്യങ്ങളെ എത്തിക്കുക എന്നത് ഇനി കണ്ടുതന്നെ അറിയണം.












