‘ബോധി’ കാരണം ഞങ്ങൾക്ക് ബോധം വന്നു.

‘ബോധി’ കാരണം ഞങ്ങൾക്ക് ബോധം വന്നു.

കണ്ടു പഠിക്കാൻ നന്മയുടെ മറ്റൊരു അദ്ധ്യായം കൂടി തുറക്കുന്നു ബോധി ചാരിറ്റബിൾ സൊസൈറ്റി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ പൂർവ്വ വിദ്യാർഥികളുടെ ഈ സംഘടന ഔപചാരികമായി രൂപം കൊണ്ടിട്ട് വെറും രണ്ടു മാസമേ ആകുന്നുള്ളൂ. പക്ഷേ ചിന്തകൾ തുടരാനും സേവനം തുടങ്ങാനും ഈ കാലയളവ് ധാരാളമാണെന്ന് ഇവർ തെളിയിക്കുന്നു.

ഈ വിഷുവിന് വിഷമില്ലാത്ത ജൈവ പച്ചക്കറികൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുക എന്ന ആശയമുദിച്ച തലയും അതൊരു വിജയമാക്കാൻ കൂടെ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനമർഹിക്കുന്നു.

കച്ചവടക്കണ്ണുകൾ ഒളിഞ്ഞും മറഞ്ഞും ജനങ്ങളുടെ തലയറുക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയല്ല മുതലക്കുളം മൈതാനി കഴിഞ്ഞ മൂന്ന്‌ ദിവസം കണ്ടത്. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം , അതെത്രയായാലും ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ തീരുമാനിക്കുമ്പോൾ ബോധിയുടെ കിരീടത്തിൽ മറ്റൊരു പൊൻ തൂവലിനും കൂടി ഇടമായി.

കഴിഞ്ഞ ഫെബ്രുവരി 14ന് കോഴിക്കോട് അഴകൊടി ഹാളിൽ വെച്ചായിരുന്നു ബോധി ചാരിറ്റബിൾ സൊസൈറ്റി ഈ സമൂഹത്തിന്റെ ഒരു ഭാഗമായത് .

ആത്മാവിൽ കടുംക്കെട്ടിട്ടിട്ടും കൂടെയുണ്ടായിരുന്ന ഒരുവൻ മരണത്തിന് കീഴടങ്ങിയതിന്റെ അനുസ്മരണമാണ് ബോധിയ്ക്ക് ജന്മം നൽകിയത്‌. ഞാനടങ്ങുന്ന ഇന്നത്തെ തലമുറയക്കൊരു ഓർമ്മപ്പെടുത്തലാണ് ഈ കൂട്ടായ്മ.

പഠിച്ചിറങ്ങിയ കലാലയത്തിലേക്ക് ഒരിക്കൽ കൂടിയൊന്ന് തിരിച്ചു കയറാൻ കൊതിക്കുന്നവരാണ്‌ നമ്മൾ ഓരോരുത്തരും. പഠിക്കുന്ന കാലത്തെ കുറുമ്പുകൾ കുസൃതികൾ അടി കിട്ടിയ പാടുകൾ അങ്ങനെ എല്ലാത്തിനെ കുറിച്ചും ഓർത്തെടുത്ത് പറയാൻ നമ്മളിഷ്ടപ്പെടുന്നു. വർഷങ്ങൾക്ക് ശേഷം തമ്മിൽ കാണുമ്പോൾ പേരുകൾ കോറിയിട്ട പഴയ ബെഞ്ചുകൾ തേടി പിടിക്കാനും കലോത്സവത്തിന് അവതരിപ്പിച്ച നാടകത്തിലെ വേഷം പറഞ്ഞു ചിരിക്കാനുമാണ് ഞങ്ങളൊക്കെ ഇത് വരെ ഒത്തുക്കൂടിയിട്ടുള്ളത്‌.

എന്നാൽ അതിനുമപ്പുറം വേറിട്ട്‌ സഞ്ചരിക്കാൻ മറ്റൊരു പാത കൂടിയുണ്ടെന്ന് തിരിച്ചറിയാൻ ഈ കുറ്റാക്കൂറ്റിരുട്ടിൽ ബോധി ചൂട്ട് കത്തിക്കേണ്ടി വന്നു.

ഈ ലോകത്തുള്ള അല്ലെങ്കിൽ കോഴിക്കോട് സിറ്റിയിലുള്ള സകല ആബാലരെയും സഹായിക്കാൻ കഴിയുമെന്ന അപക്വമായ വെല്ലുവിളികളൊന്നും ഇവർ നടത്തിയിട്ടില്ല. വാക്കുകളും വാഗ്ദാനങ്ങളും തോന്നിയ പോലെ വലിച്ചെറിഞ്ഞ് കണ്ണിൽ പൊടിയിടുന്ന ജാല വിദ്യാക്കാരിൽ നിന്നൊക്കെ ഏറെ വിട്ടു നിൽക്കുന്നു ബോധിയുടെ കാൽപ്പാടുകൾ. ഒരു തുളളി കൊണ്ട് ദാഹം മാറില്ലെന്ന് പറഞ്ഞു മാറി നിൽക്കുന്ന നമുക്ക് പല തുളളികൾ ചേർത്ത് പെരുവെള്ളമാക്കി കാണിച്ചു തന്ന ബോധിക്ക് ആശംസകൾ.

സാമൂതിരി കോളേജ്‌ പുറത്തിറക്കിയ ഏറ്റവും വിലപ്പിടിപ്പുള്ള പുസ്തകം നിങ്ങൾ കണ്ടിട്ടുണ്ടോ?? ഇല്ലെങ്കിൽ കണ്ടോളു. അതിവരാണ്. ആഴമേറിയ ബോധിയുടെ വേരുകൾ. ഈ വേരുകൾ ഇനിയും വളരട്ടെ. ഒരിക്കലും ദ്രവിക്കാതെ ഇനിയും ഏറെ തണലൊരുക്കട്ടെ.

-Jayasree Sadasivan

Jayasree Sadasivan
Devika Rahul