ഭ്രമയു​ഗത്തിനും കൊടുമൺ പോറ്റിക്കും മുന്നിൽ അടിപതറാതെ പ്രേമലുവും പിള്ളേരും; ഏഴാം ദിനത്തിലും വമ്പൻ കളക്ഷൻ

മലയാള സിനിമയ്‌ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഭാവന സ്റ്റുഡിയോസിൻറെ (Bhavana Studios) ഏറ്റവും പുതിയ സിനിമയാണ് ‘പ്രേമലു’. ഗിരീഷ് എഡി ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഫെബ്രുവരി 9നാണ് പ്രേമലു തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. .

കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത് ഏഴാം ദിനത്തിലും ഒരു കോടിക്ക് മുകളിൽ ബോക്‌സ്‌ഓഫീസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. അതായത് മമ്മൂട്ടി ചിത്രം ഭ്രമയു​ഗം എത്തിയെങ്കിലും പിടിച്ച് നിൽക്കാൻ പ്രേമലുവിന് സാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

റിലീസ് ചെയ്ത് ഏഴാം ദിനമായ ഇന്നലെ പ്രേമലു കളക്‌ട് ചെയ്തത് 1.40 കോടിയാണ്. ചിത്രം ഉടൻ തന്നെ 25 കോടി ക്ലബിൽ കയറും. ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് 14.90 കോടിയാണ് പ്രേമലു കളക്‌ട് ചെയ്തത്. ഓവർസീസിൽ ഏഴ് കോടിക്ക് അടുത്തും ഇതുവരെ സ്വന്തമാക്കി. വേൾഡ് വൈഡ് കളക്ഷൻ 20 കോടി കടന്നിരിക്കുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വേൾഡ് വൈഡ് കളക്ഷൻ 25 കോടി കടക്കാനാണ് സാധ്യത.

‘തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ’ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ‘പ്രേമലു’ ഹൈദരാബാദ് പശ്ചാത്തലമാക്കി യുവതലമുറയുടെ കഥയാണ് പറയുന്നത്. പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായ നസ്‌ലൻ കെ ഗഫൂറും (Naslen K Gafoor) മമിത ബൈജുവുമാണ് (Mamitha Baiju) ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.