റിലീസിന് ഒരുങ്ങിയിരിക്കെ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഭ്രമയുഗം വിവാദത്തിലായിരിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് തങ്ങളുടെ കുടുംബത്തിന്റെ പേരിന് കളങ്കം വരുത്തുന്നെന്നായിരുന്നു കോട്ടയത്തെ കുഞ്ചമണ്‍ ഇല്ലം നല്കിയ പരാതിയില്‍ പറയുന്നത്. ചിത്രത്തിനെതിരെ ഹര്‍ജി കോടിതിയിലെത്തിയിരുന്നു. തങ്ങളുടെ കുടുംബത്തെ മന:പൂര്‍വ്വം കരിവാരിതേക്കാനും സമൂഹത്തിന് മുന്പില് മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നതായും ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
വിവാദത്തെ തുടര്‍ന്ന് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് മാറ്റി റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘കൊടുമോണ്‍ പോറ്റി’ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന പുതിയ പേര്. കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു കഥാപാത്രത്തിന്റെ ആദ്യ പേര്. ഈ പേരിനെതിരെയാണ് ഹര്‍ജി കോടതിയിലെത്തിയത്.
കഴിഞ്ഞ ദിവസം അബുദാബിയില്‍ ആയിരുന്നു ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ച് നടന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. പ്രീ ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് ഇതിനോടകം തന്നെ 10000ലേറെ ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞു. ബുക്കിംഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകള്‍ വിറ്റുപോയി.
ഫെബ്രുവരി 15നാണ് ചിത്രം ലോകമെമ്പാടും തിയ്യേറ്ററിലെത്തുന്നത്. 22ലധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബ്ലാക് ആന്റ് വൈറ്റിലാണ് ചിത്രം എത്തുന്നത്. രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടിഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംഭാഷണവും രചനയും നിര്‍വഹിച്ചിരിക്കുന്നത.്