യുകെ അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച തുടക്കവുമായി ‘ഭ്രമയുഗം’

അടുത്തിടെ വമ്പൻ വേൾഡ്‍വൈഡ് റിലീസ് ലഭിച്ച മലയാള ചിത്രം മലൈക്കോട്ടൈ വാലിബൻ ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ചിത്രവും മികച്ച രീതിയിൽ ഓവർസീസ് മാർക്കറ്റുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന…

അടുത്തിടെ വമ്പൻ വേൾഡ്‍വൈഡ് റിലീസ് ലഭിച്ച മലയാള ചിത്രം മലൈക്കോട്ടൈ വാലിബൻ ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ചിത്രവും മികച്ച രീതിയിൽ ഓവർസീസ് മാർക്കറ്റുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗമാണ് ഓവർസീസ് മാർക്കറ്റുകളിലും മികച്ച സ്ക്രീൻ കൗണ്ടോടെ എത്തുന്നത്. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇവിടെ ആരംഭിച്ചിട്ടില്ല. എന്നാൽ യുകെയിൽ ഇതിനകം അത് തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ അതിൻറെ ആദ്യ പ്രതികരണങ്ങൾ സംബന്ധിച്ച കണക്കുകളും പുറത്തുവന്നിട്ടുണ്ട്.

സിനിവേൾഡ്, ഒഡിയോൺ, വ്യൂ തുടങ്ങി യുകെയിലെ പ്രധാനപ്പെട്ട മൾട്ടിപ്ലെക്സ് ശൃംഖലകളിലൊക്കെ ഭ്രമയുഗം എത്തുന്നുണ്ട്. ആകെ 53 സെൻററുകളിലെ 72 ഷോകളിൽ നിന്നായി 1355 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നതെന്ന് ബോക്സ് ഓഫീസ് ട്രാക്കർമാരായ മൂവി പ്ലാനെറ്റ് അറിയിക്കുന്നു. ഇതിൽ ചിത്രം നേടിയിരിക്കുന്ന കളക്ഷൻ 8000 പൗണ്ടിന് മുകളിലാണ്. ഇന്ത്യൻ രൂപയിൽ ഇത് 8.3 ലക്ഷമാണ്. ആറാം തീയതിയാണ് യുകെയിൽ ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയത്. ഒരു ദിവസത്തെ വിൽപ്പനയുടെ കണക്കാണ് ഇത്.

പൂർണ്ണമായും ബ്ലാക്ക് ആൻഡ‍് വൈറ്റിൽ ഒരുങ്ങിയ ചിത്രമാണിത്. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രാഹുൽ സദാശിവൻ. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകനും സിദ്ധാർഥ് ഭരതനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.