‘ആൺസിനിമകൾ ഇവിടെ കിടന്നർമാദിക്കട്ടെ, നമ്മുടെ പെൺകുട്ടികൾ കാൻഫെസ്റ്റിൽ തിളങ്ങുന്നുണ്ട്’

കാൻ ചലച്ചിത്രമേളയിൽ മലയാള സിനിമയ്ക്ക് അഭിമാനമായി മാറുകയാണ് കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദ്ധു ഹാറൂണും പായൽ കപാടിയ സംവിധാനം ചെയ്ത ”ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രവും. നിരവധി പേരാണ് ഇവരെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ഇവരെ പ്രശംസിച്ചുകൊണ്ട് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ശാരദക്കുട്ടി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

ആൺസിനിമകൾ ഇവിടെ കിടന്നർമാദിക്കട്ടെ. പണം മുടക്കുകയോ വെട്ടിപ്പിടിക്കുകയോ ചെയ്യട്ടെ.
നമ്മുടെ പെൺകുട്ടികൾ, മികച്ച അഭിനേത്രികൾ കാൻഫെസ്റ്റ് റെഡ് കാർപറ്റിൽ തിളങ്ങാൻ പ്രൗഢിയോടെ അഭിമാനത്തോടെ രാഷ്ട്രീയ ബോധ്യങ്ങളോടെ.. കനികുസൃതിയും ദിവൃപ്രഭയും…. എന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ വേൾഡ് പ്രീമിയർ വെള്ളിയാഴ്ച നടന്നു. മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലേക്കു മത്സരിക്കുന്നത്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്.