കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല! ‘കരുതിക്കൂട്ടിയുള്ള ഡീ​ഗ്രേഡിം​ഗിനെ അതിജീവിച്ച് ചാവേർ’, തിയേറ്ററുകളിൽ ആളിപ്പടരുന്നു

സോഷ്യൽ മീഡിയയിലെ ഡീ​ഗ്രേഡിം​ഗിനെ തോൽപ്പിച്ച് കൊണ്ട് പ്രേൾക്ഷകരെ ആകർഷിച്ച് ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ചാവേർ’. വേറിട്ട ദൃശ്യവിസ്മയമായി സിനിമാപ്രേക്ഷകർക്കിടയിൽ ചിത്രം വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. സിനിമയുടെ റിലീസിന് ശേഷം സോഷ്യൽ…

സോഷ്യൽ മീഡിയയിലെ ഡീ​ഗ്രേഡിം​ഗിനെ തോൽപ്പിച്ച് കൊണ്ട് പ്രേൾക്ഷകരെ ആകർഷിച്ച് ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ചാവേർ’. വേറിട്ട ദൃശ്യവിസ്മയമായി സിനിമാപ്രേക്ഷകർക്കിടയിൽ ചിത്രം വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. സിനിമയുടെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിലുൾപ്പെടെ നേരിട്ട കരുതിക്കൂട്ടിയുള്ള നെഗറ്റീവ് നിരൂപണങ്ങൾക്ക് ഉചിതമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ സിനിമയുടെ സോഷ്യൽമീഡിയ പേജുകളിൽ എത്തിയിരിക്കുന്ന പുതിയ പോസ്റ്റർ. ‘കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല’ എന്ന ക്യാപ്ഷനുമായാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നതായി അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ എത്തിയിരിക്കുന്നത്.

നടനും സംവിധായകനുമായ ജോസ് മാത്യുവിൻറെ തിരക്കഥയിൽ ടിനു പാപ്പച്ചൻ ഒരുക്കിയ ചിത്രം രാഷ്ട്രീയ കൊലപാതകങ്ങളേയും ജാതി വിവേചനങ്ങളേയും ദുരഭിമാനക്കൊലയേയുമൊക്കെ പ്രമേയമാക്കിയാണ് എത്തിയിരിക്കുന്നത്. മനുഷ്യത്വത്തേയും യഥാർത്ഥ സൗഹൃദങ്ങളേയും തെയ്യത്തേയും മതത്തിനും ജാതിക്കുമൊക്കെ അതീതമായ പ്രണയബന്ധങ്ങളേയുമൊക്കെ കുറിച്ച് ചിത്രം സംസാരിക്കുന്നുണ്ട്. ഗൗരവമുള്ളൊരു പ്രമേയത്തെ മലയാളം ഇന്നേവരെ കാണാത്തൊരു ഓഡിയോ വിഷ്വൽ അനുഭവമാക്കിയിരിക്കുകയാണ് ടിനു പാപ്പച്ചൻ എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഇതിനിടയിലാണ് സിനിമയ്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള വ്യാജ പ്രചരണങ്ങൾ ചിലരിൽ നിന്ന് ആദ്യ ദിനങ്ങളിൽ നടന്നത്. എന്നാൽ കുടുംബപ്രേക്ഷകരും യുവജനങ്ങളും ചിത്രത്തെ ഏറ്റെടുത്തതോടെ സിനിമയ്ക്ക് തിയേറ്ററുകളിൽ തിരക്കേറിയിരിക്കുകയാണ്. വ്യാജ പ്രചരണങ്ങൾ കേട്ട് വിശ്വസിക്കാതെ തിയേറ്ററുകളിലെത്തി സിനിമ കണ്ടറിഞ്ഞ പ്രേക്ഷകരുടെ പിന്തുണയോടെ ‘ചാവേർ’ ഇപ്പോൾ മുന്നേറുകയാണ്.

കുഞ്ചാക്കോ ബോബനും ആൻറണി വർഗ്ഗീസും അർജുൻ അശോകനും മനോജ് കെയുവും സംഗീതയും സജിൻ ഗോപുവും അനുരൂപും ദീപക് പറമ്പോലുമൊക്കെ ഇതുവരെ കാണാത്ത രീതിയിലുള്ള വേഷങ്ങളിലാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഇവരുടെയെല്ലാം പ്രകടനങ്ങൾ ഇതിനകം ഏറെ ചർച്ചയായി കഴിഞ്ഞിട്ടുമുണ്ട്. കണ്ണൂരിൻറെ വന്യമായ ദൃശ്യങ്ങളുമായി ജിൻറോ ജോർജ്ജിൻറെ ഛായാഗ്രഹണവും ജസ്റ്റിൻ വർഗ്ഗീസിൻറെ ചടുലമായ സംഗീതവും നിഷാദ് യൂസഫിൻറെ കൃത്യതയാർന്ന എഡിറ്റിംഗും രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിംഗുമൊക്കെ ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് സിനിമാപ്രേമികളുടെ ഭാഷ്യം. സിനിമയുടേതായിറങ്ങിയ ഏറെ വ്യത്യസ്തമായ പാട്ടുകളും സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്.

അരുൺ നാരായൺ പ്രൊഡക്ഷൻസിൻറേയും കാവ്യ ഫിലിം കമ്പനിയുടേയും ബാനറിൽ എത്തിയിരിക്കുന്ന ചിത്രം ടിനു പാപ്പച്ചൻ ഒരുക്കിയ മുൻ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തവുമാണ്. മലയാളം ഇതുവരെ ചർച്ചചെയ്യാൻ മടിച്ചിരുന്ന പ്രമേയങ്ങളെ ചങ്കുറപ്പോടെ സ്ക്രീനിലെത്തിച്ച് വേറിട്ട സിനിമാനുഭവമായി തിയേറ്ററുകളിൽ ആളിപ്പടരുകയാണ് ‘ചാവേർ’. ലോക സിനിമകൾ കണ്ട് വിലയിരുത്തി സിനിമാസാക്ഷരത കൈവരിച്ച, ഏത് തിരഞ്ഞെടുക്കണം ഏത് തള്ളണം എന്ന് വ്യക്തമായ ധാരണയുള്ള, ഈ കാലത്തെ പ്രേക്ഷക സമൂഹം നൽകിയ വിജയമായാണ് വിമർശനങ്ങളെ അതിജീവിച്ച് ‘ചാവേർ’ നേടിയ ഈ പ്രേക്ഷക സ്വീകാര്യതയെ ഭാഷദേശാന്തരങ്ങൾക്കപ്പുറം സിനിമകളെ സ്നേഹിക്കുന്ന നിരവധിയാളുകൾ നോക്കിക്കാണുന്നത്.