Film News

സ്ലോ റോസ്റ്റഡ് ലാംബ് ഷാങ്!!! സൂപ്പര്‍സ്റ്റാര്‍ നിധിന്‍ മോളി കഴിച്ച റിച്ച് ഫുഡ് ഒരുക്കിയത് ഷെഫ് സുരേഷ് പിള്ള

പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു വിനീത് ശ്രീനിവാസനൊരുക്കിയ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. നിധിന്‍ മോളി എന്ന കഥാപാത്രമായെത്തിയ നിവിന്‍ പോളിയായിരുന്നു ചിത്രത്തിലെ സൂപ്പര്‍ എന്റര്‍ടെയിനര്‍. സിനിമയുടെ മാസ് സീന്‍ തന്നെ സൂപ്പര്‍ സ്റ്റാറായ നിധിന്‍ മോളിയുടെ എന്‍ട്രിയായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ആഡംബര ഹോട്ടലിലിരുന്ന് റിച്ച് ഫുഡ് കഴിയ്ക്കുന്ന സീനും സൂപ്പറായിരുന്നു. ആ സ്‌പെഷ്യല്‍ വിഭവത്തിന് പിന്നിലെ കഥ പങ്കുവച്ചിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള.

നിധിന്‍ മോളി കഴിച്ച സ്ലോ റോസ്റ്റഡ് ലാംബ് ഷാങ് എന്ന ഇറ്റാലിയന്‍ വിഭവമൊരുക്കിയത് ഷെഫ് സുരേഷ് പിള്ളയാണ്. ഒരു സ്ലോ റോസ്റ്റഡ് ലാംബ് ഷാങ് കഥ എന്ന് പറഞ്ഞാണ് ഷെഫ് പിള്ളയുടെ പോസ്റ്റ്.
ഡിസംബര്‍ മാസം, പുതിയ പ്രോജക്ടിന്റെ ചര്‍ച്ചകള്‍ക്കായി ഞാന്‍ ദോഹയിലാണ്… തിരക്കെല്ലാം കഴിഞ്ഞ സായാഹ്നം ഒരു കോള്‍… വിനീത് ശ്രീനിവാസനാണ്…! ‘മലര്‍വാടി ആര്‍ട്ട്‌സ് ക്ലബി’ലൂടെയും ‘തട്ടത്തിന്‍ മറയത്തി’ലൂടെയും മലയാളികളുടെ മനം കവര്‍ന്ന നമ്മുടെ വിനീത് ശ്രീനിവാസന്‍. ‘ഹലോ ഷെഫ് നമസ്‌കാരം…’, ‘ഹാലോ ബ്രോ’, പതിവ് പോലെ എന്റെ മറുപടി… ഷെഫ് ഒരു അത്യാവശ്യമുണ്ട്…. നാളെത്തെ ഷൂട്ടിന് ഒരു ഡിഷ് ഉണ്ടാക്കി തരണം. സ്ലോ റോസ്റ്റഡ് ലാംബ് ഷാങ്, പൊട്ടറ്റോ മാഷ്, വില്‍റ്റഡ് സ്പിനാച്ച്, റോസ്‌മേരിയും എഡിബിള്‍ ഫ്‌ലവര്‍ ഗാര്‍ണ്ണിഷും ഇറ്റാലിയന്‍ വിഭവമാണ്.

കൊച്ചിയിലാണ്, ലൊക്കേഷനില്‍ കൊണ്ട് വന്ന് പ്ലേറ്റ് ചെയ്യണം… ഇത്രയുമാണ് അദ്ദേഹത്തിന്റെ ആവശ്യം. നമ്മുടെ മെനുവില്‍ ഇല്ലാത്ത വിഭവമാണ്, കൊണ്ടിനെന്റല്‍ ഡിഷ് ആണ്, പെട്ടന്ന് ലാംബ് ഷാങ് എവിടുന്നു സംഘടിപ്പിക്കും എന്ന് മനസില്‍ ഓര്‍ത്തു. തനി നാടനില്‍ ഒരുക്കുന്ന ഫ്യൂഷന്‍ ആണല്ലോ നമ്മുടെ മാസ്റ്റര്‍ പീസുകള്‍ എന്നോര്‍ത്തെങ്കിലും നമുക്ക് സെറ്റാക്കാം എന്ന് പറഞ്ഞു ഫോണ്‍ വച്ചു.

ഉടന്‍ തന്നെ കൊച്ചി ആര്‍സിപിയിലെ ഷെഫ് സിജോയെ വിളിച്ചു കാര്യം പറഞ്ഞു, എവിടെയൊക്കെയോ വിളിച്ച് ആട്ടിന്‍ കാല്‍ കക്ഷി സംഘടിപ്പിച്ചു. ഇറ്റാലിയന്‍ തനിമ ചോരാതെ പിറ്റേന്ന് ഉച്ചക്ക് ഡിഷ് പാകം ചെയ്തു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി… രാത്രിയില്‍ വിനീതിന്റെ മെസേജ്.

Thank You Chef, പതിവുപോലെ ഒരു ഹൃദയം ഇട്ട് റിപ്ലൈ കൊടുത്തു.

പിന്നീടുള്ള തിരക്കില്‍ അക്കാര്യം മറന്ന് പോയി. ഇന്നലെ രാത്രിയില്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു അത് അവസാന നിമിഷം കാന്‍സലായി. കൂടെയുള്ള അര്‍ജുന്‍ പറഞ്ഞു ഒരു സിനിമ കണ്ടാലോ? കൊച്ചിയില്‍ താമസിക്കുന്ന വീട്ടിനടുത്തുള്ള ന്യൂക്ലിയ്‌സ് മാളില്‍ 10 മണിയുടെ ഷോ കണാനായി വര്‍ഷങ്ങള്‍ക്ക് ശേഷം ടിക്കറ്റ് എടുത്തു…! ടൈറ്റില്‍ കാര്‍ഡ് സമയത്ത് ഫോണില്‍ ഒരത്യാവശ്യ മെസ്സേജ് നോക്കിയിരുന്നപ്പോള്‍ അര്‍ജുന്‍ പറയുന്നു ദേ… താങ്ക്‌സ് പേജില്‍ ഷെഫ് പിള്ള.

ഞാന്‍ സ്‌ക്രീനില്‍ നോക്കിയപ്പോഴേക്കും അത് മാഞ്ഞു പോയിരുന്നു. ധ്യാനിന്റെയും പ്രണവിന്റെയും രസകരമായ രംഗങ്ങളിലൂടെ ആദ്യ പകുതി കഴിഞ്ഞു. നമ്മുടെ ആട്ടിന്‍ കാല്‍ എപ്പോ വരുമെന്ന ആകാംഷയിലൂടെയാണ് ഓരോ സീനും നോക്കിയിരുന്നത്. ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്ന കുരുന്നു മനസ്സിന്റെ കൗതുകത്തോടെ.. ദേ വരുന്നു നമ്മുടെ നിവിന്‍ പോളി. മാസ്സ് എന്‍ട്രി. പോഷ് കാണിക്കാനായി ഒരു ഫൈന്‍ ഡൈനിങ് റെസ്റ്റോറന്റില്‍ ഡിന്നര്‍ കഴിക്കാനായി ഇരിക്കുന്നു. ഓര്‍ഡര്‍ കൊടുക്കുന്നു, ഒരു മനോഹരമായ പ്ലേറ്റില്‍ നമ്മുടെ ആട്ടിന്‍ കാല്‍… സ്ലോ റോസ്റ്റഡ് ലാംബ് ഷാങ് ആ വിഭവം പോലെ ഭംഗിയായി ഒപ്പിയെടുത്ത ദൃശ്യങ്ങള്‍!

നിവിന്‍ കത്തിവച്ച് ആട്ടിറച്ചി മുറിച്ച് കഴിക്കുന്നു… Slow Roasted lamb shanks, Mashed potatoes Wilted spinach, Read wine jus and garnished with Rosemary ,Micro green and Edible flowers

പ്രിയ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ നല്ലൊരു സിനിമയുടെ രുചിയുടെ ഭാഗമായതില്‍ നിറഞ്ഞ സന്തോഷം താങ്ക് യൂ വിനീത് ബ്രോ.. അടുത്ത സിനിമയില്‍ വേറെ എന്തെങ്കിലും സഹായം വേണമെങ്കില്‍ വിളിക്കാന്‍ മറക്കരുത്. ഇനിയിപ്പോ അഭിനയിക്കാന്‍ ആളില്ലങ്കില്‍ നായക വേഷമണങ്കിലും എനിക്ക് വിരോധമില്ലാട്ടോ, എന്നു പറഞ്ഞാണ് സുരേഷ് പിള്ള പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Anu