‘എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു ഊഹവുമില്ല’ കിട്ടിയ അടിയെ കുറിച്ച് പ്രതികരിച്ച് ക്രിസ് റോക്ക്

ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ വില്‍ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഭാര്യ ജെയ്ഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ചുള്ള പരിഹാസമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. പരസ്പരം മാപ്പു പറഞ്ഞെങ്കിലും നടന്‍ വില്‍ സ്മിത്തില്‍ നിന്നും അപ്രതീക്ഷിതമായി ഏറ്റ അടിയുടെ ഞെട്ടല്‍ ഇതുവരെ അവതാരകന്‍ ക്രിസ് റോക്കില്‍ നിന്നും വിട്ടുമാറിയിട്ടില്ല. ബുധനാഴ്ച വൈകിട്ട് ബോസ്റ്റണില്‍ നടന്ന സ്റ്റാന്‍ഡ് അപ് ഷോയില്‍ വെച്ച് ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ക്രിസ്. എന്താണ് സംഭവിച്ചതെന്ന് തനിക്കിപ്പോഴും മനസിലായിട്ടില്ലെന്ന് ക്രിസ് പറഞ്ഞു.

വെളുത്ത സ്യൂട്ട് ധരിച്ച് പുഞ്ചിരിയോടെ വേദിയിലെത്തിയ ക്രിസിനെ വലിയ കരഘോഷത്തോടെയാണ് ക്രിസ് റോക്ക് സ്വീകരിച്ചത്. കുറച്ചു സമയത്തിനു ശേഷം അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യുകയും ഓസ്‌കര്‍ വേദിയില്‍ വില്‍ സ്മിത്ത് തന്നെ തല്ലിയതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഹോളിവുഡ് ട്രേഡ് ഔട്ട്ലെറ്റ് വെറൈറ്റി ക്രിസിന്റെ ഓഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.”എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു ഊഹവുമില്ല, എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഈ സമയത്ത് എനിക്ക് കിട്ടിയ ആ അടിയെക്കുറിച്ച് ഞാന്‍ സംസാരിക്കും. അത് ഗൗരവമുള്ളതും തമാശയുള്ളതുമായിരിക്കും” ക്രിസ് പറയുന്നു.

അതേസമയം ഓസ്‌കര്‍ വിവാദത്തിനു ശേഷം ക്രിസ് റോക്കിന്റെ സ്റ്റാന്‍ഡ്അപ്പ് ഷോയുടെ ടിക്കറ്റുകളുടെ വില്‍പനയിലും വിലയിലും വന്‍വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Gargi