‘എന്ത് ചെയ്യാം നിഷേധിച്ചുകളഞ്ഞു’; മന്ത്രിക്ക് കുവൈത്തിലേക്ക് പോകാൻ യാത്രാനുമതി നിഷേധിച്ചതിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തീപിടിത്തമുണ്ടായ കുവൈത്തിലേക്ക് പോകാനൊരുങ്ങിയ ആരോഗ്യമന്ത്രി വീണാ ജോർജിന് കേന്ദ്ര സർക്കാർ യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ഘട്ടങ്ങളിൽ അവിടെ എത്തിച്ചേരുക എന്നുള്ളത് കേരളത്തിന്റേയും മലയാളികളുടേയും പൊതുരീതിയും സംസ്‌കാരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

”അത് നമ്മുടെ നാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. സംസ്ഥാന ആരോഗ്യമന്ത്രി തന്നെ അവിടെ ചെല്ലുമ്പോൾ അവിടെ പരിക്കേറ്റ് കഴിയുന്ന ആളുകളുടെ കാര്യവും ഇതുമായി ബന്ധപ്പെട്ട് മലയാളി സമൂഹത്തിന് പറയാനുള്ള കാര്യവും സാധാരണ ഗതിയിൽ അറിയാനും കൈകാര്യം ചെയ്യാനും സാധിക്കുമായിരുന്നു” -നാലാം ലോക കേരള സഭയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളം വരെ എത്തിയെങ്കിലും അതിനപ്പുറത്തേക്ക് പോകാനായില്ല. മന്ത്രിമാർ സഞ്ചരിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ ക്ലിയറൻസ് ആഴശ്യമാണ്. ആ ക്ലിയറൻസ് കിട്ടുമെന്ന പ്രതീക്ഷയിൽ സാധാരണഗതിയിൽ പോകാം. പക്ഷേ പോകുന്നതിന് മുമ്പ് ക്ലിയറൻസ് ഉണ്ടാകില്ലെന്ന അറിയിപ്പ് വന്നു. ഇതിന്റെ ഔചിത്യവും അനൗചിത്യവും ഇപ്പോൾ ചർച്ച ചെയ്യേണ്ടതല്ല എന്നുള്ളതിനാൽ മറ്റുകാര്യങ്ങളിലേക്ക് പോകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

”ഞങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്, പിന്നെ നിങ്ങൾ എന്തിനാണ് പോകുന്നത്. എന്ന് ചിലർ ചോദിച്ചു എന്നു പറയുന്നുണ്ട്. നമ്മുടെ കേരളത്തിന്റേയും മലയാളികളുടേയും ഒരു പൊതുരീതിയും സംസ്‌കാരവുമുണ്ടല്ലോ. അത് ഇത്തരം ഘട്ടങ്ങളിൽ എത്തിച്ചേരുക എന്നുള്ളതാണ്. അത് നമ്മുടെ നാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ഒരു മരണവീട്ടിൽ നമ്മൾ പോകുന്നു. അവിടെ ഈ നില വെച്ച് ചോദിക്കാമല്ലോ എന്താണ് പോയിട്ട് പ്രത്യേകം ചെയ്യാനുള്ളതെന്ന്. നമ്മുടെ നാടിന്റെ സംസ്‌കാരമാണത്. ആ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുക. നമ്മുടെ സാന്നിധ്യത്തിലൂടെ സഹതാപം അറിയിക്കുക. സംസ്ഥാന ആരോഗ്യമന്ത്രി തന്നെ അവിടെ ചെല്ലുമ്പോൾ അവിടെ പരിക്കേറ്റ് കഴിയുന്ന ആളുകളുടെ കാര്യം, ഇതുമായി ബന്ധപ്പെട്ട് മലയാളി സമൂഹത്തിന് പറയാനുള്ള കാര്യം, അതെല്ലാം സാധാരണ ഗതിയിൽ അറിയാനും കൈകാര്യം ചെയ്യാനും സാധിക്കും. പക്ഷേ എന്ത് ചെയ്യാം നിഷേധിച്ചുകളഞ്ഞു”.- മുഖ്യമന്ത്രി പറഞ്ഞു.