ജന്മദിനാഘോഷത്തിന് പിന്നാലെ യുവ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ നീല്‍ നന്ദ അന്തരിച്ചു!! ഞെട്ടലോടെ ആരാധകലോകം

ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെ പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ നീല്‍ നന്ദ അന്തരിച്ചു. ഇന്ത്യന്‍ വംശജനായ നീല്‍ 32ാം വയസ്സിലാണ് വിട പറഞ്ഞത്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് കേന്ദ്രമായാണ് നീല്‍ പ്രവര്‍ത്തിക്കുന്നത്.

നീലിന്റെ മാനേജര്‍ ഗ്രെഗ് വെയ്‌സാണ് അപ്രതീക്ഷിത മരണ വിവരം അറിയിച്ചത്. എന്നാല്‍ താരത്തിന്റെ മരണ കാരണം വ്യക്തമാക്കിയിട്ടില്ല. കുടുംബത്തിന്റെയും പെണ്‍സുഹൃത്തിന്റെയും പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് മരണ കാരണം പുറത്തുവിടാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘നിര്‍ഭാഗ്യവശാല്‍ നീല്‍ നമ്മളെ വിട്ടുപിരിഞ്ഞു പോയി. നന്ദ വളരെ മികച്ച സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നല്ലൊരു മനുഷ്യനുമാണ്. എന്റെ നല്ലൊരു സുഹൃത്തുമായിരുന്നു. അവന്റെ മുന്നില്‍ ലോകം ഉണ്ടായിരുന്നു- എന്നാണ് മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

നീലിന്റെ അപ്രതീക്ഷിത വിയോഗം ആരാധകര്‍ക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്. നിരവധി പേരാണ് താരത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്. ഹൃദയം തകര്‍ന്ന വേദനയോടെ നീലിന് വിട ചൊല്ലുന്നു. ഹാസ്യത്തിന് പോസിറ്റീവ് ശക്തി നല്‍കിയ നീലിന്റെ ശൂന്യത വലിയ നഷ്ടമാണ് എന്നൊക്കെയാണ് ആരാധകര്‍ കുറിയ്ക്കുന്നത്.

രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടിയായ ജിമ്മി കിമ്മല്‍ ലൈവ്, യുഎസിലെ ടെലിവിഷന്‍ കോമഡി പരിപാടിയായ ആദം ഡിവൈന്‍സ് ഹൗസ് പാര്‍ട്ടി എന്നിവയിലൂടെയാണ് നീല്‍ ശ്രദ്ധേയനായത്.