സൂരജ് സന്തോഷിനെതിരെ സൈബര്‍ ആക്രമണം!! എറണാകുളം സ്വദേശി അറസ്റ്റില്‍

ഗായകന്‍ സൂരജ് സന്തോഷിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. പൂജപ്പുര പോലീസ് ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യം നല്‍കി വിട്ടയച്ചു.

സോഷ്യല്‍ മീഡിയയ്ക്ക് പുറമേ സൂരജിനെ നേരിട്ട് ഫോണിലൂടെ അസഭ്യം പറഞ്ഞിരുന്നു. ആക്രമണങ്ങള്‍ രൂക്ഷമായതോടെയാണ് അദ്ദേഹം പൂജപ്പുര പോലീസില്‍ പരാതി നല്‍കിയത്. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണിപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സൂരജിനെ ഫോണിലൂടെ അസഭ്യം പറഞ്ഞു, സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നൊക്കെയാണ് ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ഗായിക ചിത്ര നടത്തിയ പരാമര്‍ശത്തിനെ സൂരജ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ സൂരജിന് നേരെ വലിയ തോതില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും, രാമമന്ത്രം ജപിക്കണമെന്നായിരുന്നു ചിത്രയുടെ പ്രതികരണം. നിരവധി പേരാണ് അവര്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയത്. കെഎസ് ചിത്രയെ പോലുള്ള കപട മുഖങ്ങള്‍ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നായിരുന്നു സൂരജ് സന്തോഷിന്റെ വിമര്‍ശനം. ഇതോടെയാണ് സൂരജിന് നേരെ സൈബര്‍ ആക്രമണം ഉയര്‍ന്നത്.