Film News

ഫൈറ്ററിന് വെങ്കിടേശ്വരന്റെ അനുഗ്രഹം തേടി തിരുപ്പതിയിലെത്തി ദീപിക പദുക്കോണ്‍!!

പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തി നടി ദീപിക പദുക്കോണ്‍. ആക്ഷന്‍ ത്രില്ലര്‍ ഫൈറ്ററിന്റെ റിലീസിന് മുന്നോടിയായി തിരുപ്പതി വെങ്കിടേശ്വരന്റെ അനുഗ്രഹം തേടിയാണ് ദീപിക എത്തിയത്. സഹോദരിയും ഗോള്‍ഫ് താരവുമായ അനിഷയും അമ്മയും താരത്തിനോടൊപ്പം ഉണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയിലാണ് താരം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. രണ്ടര കിലോമീറ്റര്‍ നടപ്പാതയിലൂടെ നടന്നാണ് ദീപിക പദുക്കോണും സഹോദരിയും അമ്മയും ക്ഷേത്ര സന്നിധിയിലെത്തിയത്.

ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജനുവരി 25നാണ് തിയ്യേറ്ററിലെത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്ററില്‍ ദീപികയ്‌ക്കൊപ്പം റിത്വക് റോഷനും അനില്‍ കപൂറുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസറിനും പാട്ടിനും വന്‍വരവേല്‍പ്പാണ് ആരാധക ലോകം നല്‍കിയത്.

ഷാരൂഖ് ഖാന്‍ നായകനായെത്തിയ ബ്ലോക്ബസ്റ്റര്‍ ചിത്രം ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൈറ്റര്‍’ സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായിട്ടാണ് ദീപിക പദുക്കോണ്‍ ചിത്രത്തിലെത്തുന്നത്. ദീപിക ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരിക്കും ചിത്രത്തിലേതെന്ന് സിദ്ധാര്‍ഥ് ആനന്ദ് മുന്‍പേ പറഞ്ഞു. തന്റെ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ എപ്പോഴും ശക്തരായിരിക്കുമെന്നും സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞിരുന്നു. 2023 ജനുവരി 25-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Anu B