‘അതെന്താ, ഞങ്ങള്‍ക്ക് പുല്ല് വിലയാണോ’!! നിര്‍മ്മാതാവിനോട് കയര്‍ത്ത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

മിനി സ്‌ക്രീനിലെ ഹാസ്യ പരിപാടികളിലൂടെ മലയാള സിനിമയില്‍ ഇടം പിടിച്ച നായകനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. നടന്‍ മാത്രമല്ല നിര്‍മ്മാണത്തിലേക്കും ധര്‍മ്മജന്‍ ചുവടുവച്ചിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളത്തിലെ പരാമര്‍ശങ്ങള്‍ താരത്തിനെ വിവാദത്തില്‍പ്പെടുത്തിയിരിക്കുകയാണ്.

പാളയം പിസി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റാണ് വിവാദമായിരിക്കുന്നത്. രാഹുല്‍ മാധവ്, കോട്ടയം രമേശ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഎം അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാളയം പിസി. നിര്‍മ്മാതാവിനോട് ധര്‍മ്മജന്‍ രോഷം കൊള്ളുന്നതാണ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

ഡോ. സൂരജ് ജോണ്‍ വര്‍ക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് പാളയം പിസി. പ്രസ് മീറ്റിന് ധര്‍മ്മജന്‍, ബിനു അടിമാലി, മഞ്ജു പത്രോസ് എന്നിവരാണ് എത്തിയത്. പോസ്റ്ററിലെ ആളുകള്‍ എവിടെയെന്ന് ചോദ്യം വന്നപ്പോള്‍ നിര്‍മ്മാതാവ്, ‘മെയിന്‍ സ്ട്രീം ആളുകള്‍ എത്തിയില്ല’ എന്ന് പറഞ്ഞപ്പോഴാണ് നടന്‍ ധര്‍മ്മജന്‍ ചൂടായത്.

അതെന്താ, തിരക്ക് മാറ്റിവച്ച് എത്തിയ ഞങ്ങള്‍ക്ക് പുല്ല് വിലയാണോ എന്നാണ് താരം നിര്‍മ്മാതാവിനോട് ചോദിച്ചത്. നടി മഞ്ജു പത്രോസ് ധര്‍മ്മജനെ പിന്തുണക്കുകയും ചെയ്തു. നാക്കുളുക്കിയതാണ്, അതല്ല പറയാന്‍ ഉദ്ദേശിച്ചത് എന്നൊക്കെ നിര്‍മ്മാതാവ് പറയാന്‍ ശ്രമിച്ചെങ്കിലും ധര്‍മ്മജന്‍ വിഷയം ഏറ്റെടുക്കുകയായിരുന്നു.

‘അതെന്ത് വര്‍ത്തമാനമാണ്. അപ്പോള്‍ ഞങ്ങളാരും മെയിന്‍സ്ട്രീം ആക്ടേഴ്സ് അല്ലേ. എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്’ എന്ന് ചോദിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് തന്നെ ധര്‍മജന്‍ നിര്‍മാതാവിനോട് ചോദിച്ചു.

‘എന്റെ നാക്കുളുക്കിയതാണ്, മെയിന്‍സ്ട്രീം എന്ന് ഞാന്‍ ഉദ്ദേശിച്ചത് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെയാണ്. അവര്‍ വിട്ടുനിന്നതിനെ ന്യായീകരിക്കുകയല്ല. എല്ലാവരെയും ഒരുപോലെയാണ് ഞാന്‍ ഈ പത്രസമ്മേളനത്തിന് ക്ഷണിച്ചത്’ എന്നെല്ലാം നിര്‍മാതാവ് മറുപടി പറഞ്ഞു. എന്നാല്‍ ആദ്യം പറഞ്ഞ ആ പ്രയോഗം തങ്ങളെ വേദനിപ്പിച്ചു എന്ന് ധര്‍മജന്‍ പറഞ്ഞു.