കെ.പി.എ.സി ലളിത ആവര്‍ത്തിച്ച് ചോദിച്ച ചോദ്യം..! സ്ഫടികം സിനിമയെ കുറിച്ച് … അവരാരും ഇന്ന് കൂടെയില്ല ഭദ്രന്‍ കുറിയ്ക്കുന്നു…!

മലയാള സിനിമയുടെ മഹാനടി കെ.പി.എ.സി ലളിതയുമൊത്തുള്ള നിമിഷങ്ങളെ കുറിച്ച് സഹപ്രവര്‍ത്തകരും കൂട്ടുകാരും പങ്കുവെയ്ക്കുന്ന ഓര്‍മ്മകള്‍ ആരാധകരുടെ കണ്ണുകള്‍ വീണ്ടും നിറയ്ക്കുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ ഭദ്രന്‍ കെ.പി.എ.സി ലളിതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്ഫടികം ചിത്രത്തിന്റെ പുതിയ പതിപ്പ് എന്നാണ് തനിക്ക് കാണാനാവുക എന്ന് കെപിഎസി ലളിത പലകുറി തന്നോട് ചോദിച്ചിരുന്നതായാണ് സംവിധായകന്‍ പറയുന്നത്.

”എന്തും സഹിച്ചും കൊടുത്തും മകനെ സ്നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്റെയും നാവിലെ ഇരട്ടി മധുരമായിരുന്നു. ആ അമ്മ എത്ര വട്ടം ആവര്‍ത്തിച്ച് എന്നോട് ചോദിക്കുമായിരുന്നു. ‘എന്നാണ് ഭദ്രാ, നിങ്ങളീ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ സ്ഫടികം തിയറ്ററില്‍ ഒന്നൂടി കാണാന്‍ പറ്റുക…ഈശ്വരന്റെ കാലേകൂട്ടിയുള്ള ഒരു നിശ്ചയമായിരുന്നിരിക്കാം, ഈ അമ്മയുടെ വേര്‍പാടിന്റെ ഓര്‍മകളിലൂടെ വേണം ഈ പുതിയ തലമുറ ‘സ്ഫടിക’ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനും..

മരണമില്ലാത്ത ഇത്രയും മഹാരഥന്മാര്‍ ഒന്നിച്ചു കൂടിയ മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല…’ഭദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ശരിയാണ് ആ സിനിമയെ മലയാളിക്ക് എന്നും ഓര്‍ത്തുവെയ്ക്കാന്‍ പാകത്തിന് ഒരുക്കിയെടുത്തെങ്കിലും ആ സിനിമയിലെ പ്രിയപ്പെട്ട ചില അഭിനേതാക്കള്‍ ഒന്നും നമ്മുടെ കൂടെ ഇപ്പോഴില്ല എന്ന സത്യം കൂടി ഭദ്രന്‍ മലയാളി സിനിമാ പ്രേമികളെ ഓര്‍മ്മിപ്പിക്കുകയാണ്.

ലളിത അടക്കം നമ്മെ വിട്ടുപോയ തിലകന്‍, നെടുമുടി വേണു, രാജന്‍ പി ദേവ്, ശങ്കരാടി, കരമന ജനാര്‍ദ്ദനന്‍ നായര്‍, ബഹദൂര്‍, എന്‍ എഫ് വര്‍ഗീസ്, പറവൂര്‍ ഭരതന്‍, സില്‍ക്ക് സ്മിത, ഛായാഗ്രാഹകന്‍ ജെ വില്യംസ്, എഡിറ്റര്‍ എം എസ് മണി, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍.എല്‍ ബാലകൃഷ്ണന്‍ എന്നിവരെയൊക്കെ അനുസ്മരിച്ചു കൊണ്ടായിരുന്നു ഭദ്രന്റെ പോസ്റ്റ്.

 

 

Aswathy