മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനായി!! അനുഗ്രഹവുമായി താരനിരയും രാഷ്ട്രീയ പ്രമുഖരും

മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനായി. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു. എറണാകുളം ചേരനെല്ലൂര്‍ വേവ് വെഡ്ഡിംഗ് സെന്ററില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. താര സമ്പന്നമായിരുന്നു വിവാഹവേദി.

അനുഗ്രഹവുമായി സിനിമ- രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. നടന്മാരായ മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, സുരേഷ് ഗോപി, മേജര്‍ രവി, കൃഷ്ണ കുമാര്‍, രണ്‍ജി പണിക്കര്‍, അനുശ്രീ, സൈജു കുറുപ്പ്, നിഷ, മധുപാല്‍, ദേവന്‍, വിവേക് ഗോപന്‍ തുടങ്ങിയ താരങ്ങളും സംവിധായകന്‍ സത്യന്‍ അന്തിക്കാട്, വ്യവസായി എംഎ യൂസഫ് അലി തുടങ്ങിയവരും രാഷ്ട്രീയ രംഗത്തുനിന്നും ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിളള, ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.ടി രമേശ് എന്നിവരും പങ്കെടുത്തു.

2023 മാര്‍ച്ചില്‍ ആയിരുന്നു വിഷ്ണു മോഹന്റെയും അഭിരാമിയുടെയും വിവാഹ നിശ്ചയം. നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. വിവാഹനിശ്ചയിച്ച ശേഷം വധൂവരന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരില്‍ കണ്ട് അനുഗ്രഹം തേടിയിരുന്നു.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച ചിത്രമാണ് മേപ്പടിയാന്‍. 69ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള പുരസ്‌കാരം മേപ്പടിയാന്‍ നേടിയിരുന്നു.