Categories: Film News

ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’ കേരളത്തിലും തമിഴ്‌നാട്ടിലും ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കും !

‘ജവാന്‍’ന്റെ വന്‍ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്‍ മാസ്മരിക വേഷത്തിലെത്തുന്ന ‘ഡങ്കി’യുടെ കേരളത്തിലേയും തമിഴ് നാട്ടിലെയും വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ജിയോ സ്റ്റുഡിയോസിന്റെയും ബാനറില്‍ രാജ്കുമാര്‍ ഹിരാനി തിരക്കഥ, സംവിധാനം, ചിത്രസംയോജനം എന്നിവ നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 21 മുതല്‍ തിയറ്ററുകളിലെത്തും.

‘ഷാരൂഖ് ഖാന്‍ നായകനായെത്തിയ ‘ജവാന്‍’ കേരളത്തിലും തമിഴകത്തും വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ‘ജവാന്‍’ ശേഷം ‘ഡങ്കി’യും ഞങ്ങള്‍ തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. ഇത് തികച്ചും സന്തോഷം പകരുന്ന കാര്യമാണ്. ‘ഡങ്കി’യുടെ കേരളത്തിലെയും തമിഴ് നാട്ടിലെയും ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്. കിംങ് ഖാന്‍ ഷാരൂഖ് ഖാനോടൊപ്പം സഹകരിച്ചുകൊണ്ട് വീണ്ടുമൊരു സിനിമ ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഒപ്പം ഇനിയും ഒരുപാട് ചിത്രങ്ങള്‍ അദ്ദേഹത്തോടൊപ്പം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഞങ്ങള്‍ക്കുണ്ട്’. ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ശ്രീ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

2023 ഷാരൂഖ് ഖാന്‍ വന്‍ തിരിച്ചുവരവ് നടത്തിയ വര്‍ഷമാണ്. ജനുവരിയില്‍ ‘പത്താന്‍’, സെപ്റ്റംബറില്‍ ‘ജവാന്‍’, ഡിസംബറില്‍ ‘ഡങ്കി’. ബൊമന്‍ ഇറാനി, തപ്സി പന്നു, വിക്കി കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിങ്ങനെ ബോളിവുഡിലെ അഭിനയ പ്രതിഭകള്‍ അണിനിരക്കുന്ന ‘ഡങ്കി’ ഹൃദയസ്പര്‍ശിയായ ഒരു സിനിമ ആയിരിക്കുമെന്നാണ് ചിത്രത്തിലെ ഗാനങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

രാജ്കുമാര്‍ ഹിരാനിയും ഗൗരി ഖാനും ജ്യോതി ദേശ്പാണ്ടെയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജ്കുമാര്‍ ഹിരാനിയോടൊപ്പം അഭിജാത് ജോഷി, കനിക ധില്ലന്‍ എന്നിവരും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. മുംബൈ, ജബല്‍പൂര്‍, കാശ്മീര്‍, ബുഡാപെസ്റ്റ്, ലണ്ടന്‍, ജിദ്ദ, നിയോം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന് അമന്‍ പന്ത് പശ്ചാത്തലസംഗീതം പകര്‍ന്നപ്പോള്‍ പ്രീതം സൗണ്ട് ട്രാക്ക് ഒരുക്കി. സി കെ മുരളീധരന്‍, മനുഷ് നന്ദന്‍, അമിത് റോയ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകര്‍. പിആര്‍ഒ: ശബരി.

Anu