ഫഹദ് ഫാസിലിനെ നായകനായി നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയന്‍കുഞ്ഞ് റിലീസിനൊരുങ്ങുകയാണ്. ഇതിനോടകം തന്നെ സിനിമയുടെ ട്രെയ്ലറും, മേക്കിങ് വീഡിയോകളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ മലയന്‍കുഞ്ഞിന്റെ പ്രൊമോഷന്റെ തിരക്കിലാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ സിനിമ പ്രൊമോഷനുകളെപ്പറ്റി തുറന്ന് പറയുകയാണ് ഫഹദ്.
പ്രൊമോഷന് പരിപാടികള്‍ തന്നെ ബോറടിപ്പിക്കാറുണ്ടെന്ന് പറയുകയാണ് ഫഹദ്. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തിലായിരുന്നു ഫഹദ് മനസ് തുറന്നത്.
പട്ടിയെപ്പോലെ പണിയെടുത്തിട്ട് വന്ന് കാണണേ കാണണേയെന്ന് പറയാന്‍ മടിയാണെന്നാണ് ഫഹദ് പറഞ്ഞത്. ‘സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികള്‍ ബോറടിപ്പിക്കാറുണ്ട്. പട്ടിയെ പോലെയാണ് പണിയെടുക്കുന്നത്. അതുകഴിഞ്ഞ് വന്ന് കാണണേ കാണണേ എന്ന് പറയുന്നത് മടിയുള്ള കാര്യമാണ്. ഞാന്‍ ചെയ്യുന്ന ജോലി എന്റെ ബുദ്ധിയും കഴിവും വെച്ച് ഭംഗിയായി ചെയ്യുന്നുണ്ട്. ഐഡിയലി എന്റെ ജോലി അതുകൊണ്ട് തീരണമെന്നാണ് വിചാരിക്കുന്നത്. ആ സിനിമ ഷൂട്ട് ചെയ്തുതീരുമ്പോള്‍ അല്ലെങ്കില്‍ ആ സിനിമ റെഡി ആകുമ്പോള്‍ എന്റെ ജോലി തീര്‍ന്ന് ആ സിനിമ എന്ജോയ് ചെയ്യാന്‍ പറ്റണമെന്നാണ്. അത് പറ്റാറില്ല,’ എന്നായിരുന്നു ഫഹദിന്റെ വാക്കുകള്‍.