‘ആ പ്രചാരണം തെറ്റ്, അടിസ്ഥാന രഹിതം’; ‘പ്രേമലു’വിനെക്കുറിച്ച് ഫഹദ് ഫാസിൽ

മലയാള സിനിമയ്‌ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഭാവന സ്റ്റുഡിയോസിൻറെ (Bhavana Studios) ഏറ്റവും പുതിയ സിനിമയാണ് ‘പ്രേമലു’. ഗിരീഷ് എഡി ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഫെബ്രുവരി 9നാണ് പ്രേമലു തിയേറ്ററുകളിൽ…

മലയാള സിനിമയ്‌ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഭാവന സ്റ്റുഡിയോസിൻറെ (Bhavana Studios) ഏറ്റവും പുതിയ സിനിമയാണ് ‘പ്രേമലു’. ഗിരീഷ് എഡി ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഫെബ്രുവരി 9നാണ് പ്രേമലു തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. .കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത് ഏഴാം ദിനത്തിലും ഒരു കോടിക്ക് മുകളിൽ ബോക്‌സ്‌ഓഫീസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. അതായത് മമ്മൂട്ടി ചിത്രം ഭ്രമയു​ഗം എത്തിയെങ്കിലും പിടിച്ച് നിൽക്കാൻ പ്രേമലുവിന് സാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഈ റൊമാൻറിക് കോമഡി ചിത്രം വിജയിച്ചതോടെ ആദ്യ വാരാന്ത്യം മുതൽ വൻ കളക്ഷനാണ് ചിത്രം നേടുന്നത്.

ഇപ്പോൾ ചിത്രത്തിൻറെ പ്രദർശനം സംബന്ധിച്ചുള്ള ഒരു പ്രചരണം തള്ളിക്കള‍ഞ്ഞിരിക്കുകയാണ് നിർമ്മാതാവ് കൂടിയായ ഫഹദ് ഫാസിൽ.
മറ്റ് സംസ്ഥാനങ്ങളിലും മികച്ച സ്ക്രീൻ കൗണ്ടുമായി ആയിരുന്നു പ്രേമലുവിൻറെ റിലീസ്. എന്നാൽ കേരളത്തിന് പുറത്ത് എല്ലാ സെൻററുകളിലും ഇംഗ്ലീഷ് സബ് ടൈറ്റിലുകൾ ലഭ്യമല്ലെന്ന തരത്തിലുള്ള പ്രചരണം നടക്കുന്നതായും അത് വാസ്തവമല്ലെന്നും ഫഹദ് പറഞ്ഞു.

“കേരളത്തിന് പുറത്തുള്ള, മലയാളികളല്ലാത്ത ഞങ്ങളുടെ സുഹൃത്തുക്കളോട്, കേരളത്തിന് പുറത്തുള്ള എല്ലാ കേന്ദ്രങ്ങളിലും സബ് ടൈറ്റിലുകളോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അതിന് കടകവിരുദ്ധമായ പ്രചരണങ്ങളെല്ലാം തെറ്റാണ്. പ്രേമലുവിനോട് നിങ്ങളെല്ലാം കാണിക്കുന്ന സ്നേഹത്തിന് നന്ദി. ചിത്രം തിയറ്ററിൽ തന്നെ അനുഭവിക്കാൻ മറക്കേണ്ട”, ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. നസ്‍ലെനും മമിതയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.