ഗായകന്റെ ദേഹത്തേക്ക് പണം വലിച്ചെറിഞ്ഞ് ആരാധകൻ, പാട്ട് നിർത്തി; പിന്നെ…; വീഡിയോ വൈറൽ

വേദിയിൽ പാട്ട് പാടുന്നതിനിടെ പാക്കിസ്ഥാൻ ഗായകൻ ആതിഫ് അസ്‌ലമിന്റെ ദേഹത്തേക്ക് ആരാധകൻ പണം വലിച്ചെറിയുന്നതിന്റെ വീഡിയോ വൈറലാകുന്നു. ‘സോച്ച്താ ഹൂൻ കെ വോ കിത്‌നെ മസൂം തെ’ എന്ന ഗാനം യുഎസിൽ നടന്ന സംഗീത…

വേദിയിൽ പാട്ട് പാടുന്നതിനിടെ പാക്കിസ്ഥാൻ ഗായകൻ ആതിഫ് അസ്‌ലമിന്റെ ദേഹത്തേക്ക് ആരാധകൻ പണം വലിച്ചെറിയുന്നതിന്റെ വീഡിയോ വൈറലാകുന്നു. ‘സോച്ച്താ ഹൂൻ കെ വോ കിത്‌നെ മസൂം തെ’ എന്ന ഗാനം യുഎസിൽ നടന്ന സംഗീത പരിപാടിക്കിടെ ആതിഫ് പാടവേയാണ് സംഭവം. ആവേശഭരിതനായ ആരാധകർ ഗായകനു നേർക്ക് നോട്ട് വലിച്ച് എറിയുകയായിരുന്നു. എന്നാൽ, ആതിഫ് ഉടൻ തന്നെ പാട്ട് നിർത്തി. ആ പണം അർഹതപ്പെട്ട ഏതെങ്കിലും പാവപ്പെട്ടവർക്കു കൊടുക്കണമെന്നും ഇങ്ങനെ വലിച്ചെറിയുന്നത് പണത്തോടുള്ള അനാദരവാണെന്ന് പറയുകയും ചെയ്തു.

തുടർന്നാണ് പാട്ട് തുടർന്നത്. സുഹൃത്തേ’ എന്ന് അഭിസംബോധന ചെയ്താണ് ആതിഫ് ആരാധകന് സ്നേഹത്തോടെ മറുപടി നൽകിയത്. ദേഷ്യപ്പെടാതെ സൗമ്യതയോടെ കാര്യങ്ങൾ വിശദീകരിച്ച ആതിഫിനെ ആരാധകർ പുകഴ്ത്തുന്നുണ്ട്. ആതിഫ് മാതൃകാപരമായ ഇടപെടലാണ് നടത്തിയതെന്നും ആരാധകർ പറയുന്നു. സഹഗായകൻ ആഘ അലിയും ആതിഫിനെ പ്രശംസിച്ചു.

ഇതാദ്യമായല്ല വേദിയിൽ പാടുന്നതിനിടെ ഗായകർക്കു നേർക്കുള്ള ഇത്തരം പ്രവർത്തികൾ ഉണ്ടാകുന്നത്. അടുത്തിടെ നിക് ജൊനാസ്, ബേബ് റെക്സ, ഹാരി സ്റ്റൈൽസ് എന്നീ ഗായകർക്കു നേരെയും ആരാധകർ വിവിധ വസ്തുക്കൾ വലിച്ചെറിഞ്ഞിരുന്നു. സംഗീതപരിപാടി നടക്കുമ്പോൾ ഗായകരുടെ സുരക്ഷാ കാര്യത്തിൽ വേണ്ടത്ര മുൻകരുതലുകളെടുക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്ന് പ്രതികരണങ്ങൾ ഉയരുന്നുണ്ട്.