
തമിഴ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘ജയിലർ 2’ റിലീസിന് ഒരുങ്ങുന്നു. ഒക്ടോബർ 15നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാസ്, ആക്ഷൻ, സ്വാഗ്, താരസാന്നിധ്യം എന്നിവ നിറഞ്ഞ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ചിത്രത്തിന്റെ ഫിലിപ്പീൻസ് വിതരണാവകാശം ചന്ദ്ര ഫിലിംസ് സ്വന്തമാക്കി. ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. പ്രത്യേകിച്ച് മോഹൻലാൽ ആരാധകരുടെ പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ ശ്രദ്ധേയമാകുന്നത്. ആദ്യ ഭാഗത്തേക്കാൾ ശക്തമായ കഥാപാത്രവും പ്രകടനവുമായിരിക്കും രണ്ടാം ഭാഗത്തിൽ മോഹൻലാലിനുണ്ടാകുകയെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിലാണ് ‘ജയിലർ 2’ ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങൾ, ചടുലമായ ഗാനങ്ങൾ, വൈകാരിക മുഹൂർത്തങ്ങൾ, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് മേക്കിംഗ്, നെൽസൺ ദിലീപ്കുമാറിന്റെ ട്രേഡ്മാർക്ക് ബ്ലാക്ക് ഹ്യൂമർ എന്നിവയെല്ലാം ചിത്രത്തിലുണ്ടാകുമെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. പുറത്തിറങ്ങി അധികം വൈകാതെ തന്നെ ട്രെയിലർ 9 മില്യൺ കാഴ്ചകൾ പിന്നിട്ടിരുന്നു.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കേരള, കർണാടക വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയിട്ടുണ്ട്. റെക്കോർഡ് തുകയ്ക്കാണ് വിതരണാവകാശം നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ കേരളത്തിൽ വമ്പൻ റിലീസിനാണ് ‘ജയിലർ 2’ ഒരുങ്ങുന്നത്. കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജയിലർ 2’വിനുണ്ട്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ വിതരണാവകാശങ്ങൾക്കുള്ള വലിയ ഡിമാൻഡ് ബോക്സോഫീസിൽ പ്രതീക്ഷ ഉയർത്തുകയാണ്.












