മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന സമീപനത്തിൽ മാറ്റംവേണമെന്ന് നടി മീനാക്ഷി അനൂപ്. ചിന്നക്കനാലിൽ കാട്ടാനയായ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യം തുടരുന്ന പശ്ചാത്തലത്തിലാണ് താരം സമൂഹമാധ്യമങ്ങളിൽ നിലപാട് വ്യക്തമാക്കിയത്. വനാതിർത്തിയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങളുടെ ദുരിതങ്ങൾ മനസ്സിലാക്കിവേണം തീരുമാനങ്ങളെടുക്കാൻ എന്നും, നാടിനും നാട്ടുകാർക്കും ടൂറിസത്തിനുമെല്ലാം ഭീഷണിയാകുന്ന മൃഗങ്ങളെ മാറ്റുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതാണ് നീതിയെന്നും മീനാക്ഷി കുറിച്ചു.
ജനനം കൊണ്ട് വനാതിർത്തിയിൽ താമസിക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ കൃഷിയും സ്വത്തും വന്യജീവി ആക്രമണങ്ങളിൽ നശിപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മീനാക്ഷി ചൂണ്ടിക്കാട്ടുന്നു. കുഞ്ഞുകുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നതുപോലും അരക്ഷിതാവസ്ഥയോടെയാണ്. എന്നാൽ മനുഷ്യനാൽ വന്യമൃഗങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്വന്തം ഭാഗം പറയാൻ പോലും കഴിയാത്ത വിധമുള്ള നിയമങ്ങളാണുള്ളത്. സുരക്ഷിതമായ നഗരങ്ങളിലിരുന്ന് വന്യമൃഗ സ്നേഹം പ്രസംഗിക്കുന്നവർ രണ്ട് മൂന്ന് വർഷമെങ്കിലും വനാതിർത്തിയിൽ താമസിച്ച് അവിടുത്തെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കണമെന്നും താരം കൂട്ടിച്ചേർത്തു.
കാലാനുസൃതമായി വനനിയമങ്ങൾ പരിഷ്കരിക്കപ്പെടണമെന്നാണ് മീനാക്ഷിയുടെ പ്രധാന ആവശ്യം. എല്ലാ മൃഗങ്ങളെയും ഒഴിവാക്കണമെന്നല്ല, മറിച്ച് നിരന്തരമായി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളുടെ കാര്യത്തിൽ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ സ്വീകരിക്കുന്ന മാതൃകകൾ പിന്തുടരണമെന്നും അവർ നിർദ്ദേശിക്കുന്നു. ആനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം “ചക്കക്കൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ” എന്ന് ആനയെക്കൊണ്ട് പൊറുതിമുട്ടിയ ജനതയോട് പറയുന്നത് നീതിയല്ല എന്ന് പറഞ്ഞുകൊണ്ടാണ് മീനാക്ഷി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
