
ബോളിവുഡിലെ പുതിയ പാൻ ഇന്ത്യൻ റിലീസായ ‘ധുരന്ധർ 2’ (Dhurandhar 2) നെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ 90 ശതമാനം യാഥാർത്ഥ്യവും 10 ശതമാനം പ്രൊപ്പഗാണ്ടയുമായിരുന്നു എങ്കിൽ, രണ്ടാം ഭാഗത്തിൽ അത് നേരെ തിരിച്ചാണെന്ന് ധ്രുവ് ആരോപിച്ചു. സിനിമയുടെ ഉള്ളടക്കം കേവലം രാഷ്ട്രീയ അജണ്ടകൾ പ്രചരിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും വസ്തുതകൾക്ക് ഇതിൽ സ്ഥാനമില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. എക്സിലൂടെയാണ് (X) ധ്രുവ് തന്റെ പ്രതികരണം അറിയിച്ചത്.
ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റിയൽ ലൈഫ് ഫൂട്ടേജുകളും ഓഡിയോകളും ഉപയോഗിക്കുന്നത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ധ്രുവ് റാഠി മുൻപും ആരോപിച്ചിരുന്നു. ഫിക്ഷനൊപ്പം യഥാർത്ഥ സംഭവങ്ങൾ കൂട്ടിക്കലർത്തുന്നത് ചരിത്രത്തെക്കുറിച്ച് വികലമായ ധാരണ നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു സിനിമ എത്ര നന്നായി നിർമ്മിക്കപ്പെട്ടാലും അത് ‘പ്രൊപ്പഗാണ്ട’ ആണെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വീഡിയോയിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും വ്യക്തമാക്കി.
ധ്രുവ് റാഠിയുടെ ഈ വിമർശനം സോഷ്യൽ മീഡിയയിൽ വലിയ ചേരിതിരിവിനാണ് കാരണമായിരിക്കുന്നത്. ഒരു വിഭാഗം ആളുകൾ ധ്രുവിനെ അനുകൂലിക്കുമ്പോൾ, ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയം ചൂണ്ടിക്കാട്ടി ആരാധകർ അദ്ദേഹത്തെ കടന്നാക്രമിക്കുന്നുണ്ട്. രൺവീർ സിംഗ് നായകനായ ഈ ചിത്രം വലിയ കളക്ഷൻ നേടി മുന്നേറുന്നതിനിടയിലാണ് പ്രൊപ്പഗാണ്ട ആരോപണം വീണ്ടും ചർച്ചയാകുന്നത്. സംവിധായകൻ ആദിത്യ ധറിനെ ‘പ്രൊപ്പഗാണ്ട ഫിലിം മേക്കർ’ എന്ന് വിളിച്ച ധ്രുവിനെതിരെ സിനിമാ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.











