30-ാമത് ഐ.എഫ്.എഫ്.കെ: സയ്യിദ് മിര്‍സയുടെ റെട്രോസ്‌പെക്റ്റീവ്; മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) ഇന്ത്യൻ സമാന്തര സിനിമയിലെ ശ്രദ്ധേയ സംവിധായകൻ സയ്യിദ് അക്തർ മിർസയുടെ മൂന്ന് ചിത്രങ്ങൾ റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

പുരോഗമന രാഷ്ട്രീയവും ശക്തമായ പ്രമേയങ്ങളും കൊണ്ട് ശ്രദ്ധേയമായ സയ്യിദ് മിർസയുടെ ‘നസീം’, ‘സലീം ലാംഗ്‌ഡേ പേ മത് രോ’, ‘അരവിന്ദ് ദേശായി കി അജീബ് ദാസ്താൻ’ എന്നീ സിനിമകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

1996-ൽ രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് ‘നസീം’. ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ആറുമാസങ്ങളിൽ മുംബൈയിലെ ഒരു മുസ്ലിം കുടുംബത്തിൽ 15 വയസ്സുകാരിയായ നസീമും അവളുടെ മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിലൂടെ വർഗീയ സംഘർഷങ്ങളുടെ തീവ്രത ഈ ചിത്രം അവതരിപ്പിക്കുന്നു.

മികച്ച ഹിന്ദി ചിത്രത്തിനുള്ള 37-ാമത് ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് ‘സലീം ലാംഗ്‌ഡേ പേ മത് രോ’. നഗരങ്ങളിലെ മുസ്ലിം സമുദായം നേരിടുന്ന അരികുവൽക്കരണത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് ഈ ചിത്രം. സലീംപാഷ എന്ന ഭിന്നശേഷിക്കാരന്റെ കഥയിലൂടെയാണ് മിർസ ഈ വിഷയം കൈകാര്യം ചെയ്യുന്നത്.

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീണ ഒരു സമ്പന്ന ബിസിനസുകാരന്റെ മകന്റെ ലക്ഷ്യബോധമില്ലാത്ത ജീവിതയാത്രയാണ് ‘അരവിന്ദ് ദേശായി കി അജീബ് ദാസ്താൻ’ എന്ന ചിത്രം പകർത്തിയിരിക്കുന്നത്.

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1976-ൽ ബിരുദം നേടിയ സയ്യിദ് മിർസ, സാമൂഹിക പ്രസക്തിയുള്ള പ്രമേയങ്ങളാണ് സിനിമകൾക്കായി എപ്പോഴും തിരഞ്ഞെടുത്തിരുന്നത്. നിലവിൽ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിന്റെ ചെയർമാനാണ് അദ്ദേഹം.