
മലയാള സിനിമയിൽ സംവിധായകനായും നടനായും തിരക്കഥാകൃത്തായും തിളങ്ങിയ ബഹുമുഖ പ്രതിഭ ബാലചന്ദ്ര മേനോൻ സിനിമാ ലോകത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുന്നു. ഈ സുവർണ്ണ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളുടെ കൂട്ടായ്മ ആദരവ് നൽകാനൊരുങ്ങുകയാണ്.
നവംബർ 29ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ചാണ് 50-ാം വാർഷികാഘോഷ പരിപാടികൾ നടക്കുക. ബാലചന്ദ്ര മേനോന്റെ സൗഹൃദ കൂട്ടായ്മയായ ‘റോസ് ദ് ഫാമിലി ക്ലബ്ബി’ന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
നടൻമാരായ ശ്രീനിവാസനും ജഗതി ശ്രീകുമാറും ചടങ്ങിൽ സാന്നിധ്യമറിയിക്കുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. സുഹൃത്തുക്കൾ ഒരുക്കുന്ന ഈ ആദരവിനോട് പ്രതികരിച്ച ബാലചന്ദ്ര മേനോൻ, ‘ആനന്ദ ലബ്ധിക്കിനി എന്തു വേണം?’ എന്ന തൻ്റെ പ്രശസ്തമായ ശൈലിയിൽ സന്തോഷം പ്രകടിപ്പിച്ചു.
1975-ൽ ഒരു സിനിമാ വാരികയിലെ റിപ്പോർട്ടറായാണ് ബാലചന്ദ്ര മേനോൻ തൻ്റെ കലാജീവിതം ആരംഭിച്ചത്. തുടർന്ന്, അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ്, സംഗീത സംവിധായകൻ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. 1997-ൽ പുറത്തിറങ്ങിയ ‘സമാന്തരങ്ങൾ’ എന്ന സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. സിനിമാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2007-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ബാലചന്ദ്ര മേനോന്റെ അഞ്ചു പതിറ്റാണ്ടുകൾ നീണ്ട സിനിമാ യാത്രയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടുള്ള സൗഹൃദ സംഗമമായിരിക്കും ടാഗോർ തിയേറ്ററിൽ നടക്കുക.











