ക്യാമ്പസ് പ്രണയത്തിന്റെ പുതിയ കാലം; മികച്ച പ്രതികരണവുമായി ‘പ്രേംപാറ്റ’ തിയേറ്ററുകളിൽ

ക്യാമ്പസ് പ്രണയത്തിന്റെ പുതിയ കാലം; മികച്ച പ്രതികരണവുമായി ‘പ്രേംപാറ്റ’ തിയേറ്ററുകളിൽ

ജോമോൻ ജ്യോതിർ നായകനാകുന്ന ക്യാമ്പസ് പ്രണയചിത്രം ‘പ്രേംപാറ്റ’യ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണം. ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യ പ്രദർശനങ്ങൾ പൂർത്തിയായതോടെ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ആഘോഷങ്ങളുടെയും ലോകത്തേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ വളരുന്ന പുതുതലമുറയുടെ ജീവിതവും ബന്ധങ്ങളും ക്യാമ്പസ് അനുഭവങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. സമകാലിക യുവത്വത്തിന്റെ കാഴ്ചപ്പാടുകളും ജീവിതരീതികളും രസകരമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ‘പ്രേംപാറ്റ’.

ജോമോൻ ജ്യോതിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ജുനൈസ് വി.പി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിൻ വിജയൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമാ താരങ്ങൾക്കൊപ്പം ഡിജിറ്റൽ കണ്ടന്റ് രംഗത്തെ ശ്രദ്ധേയരായ മുഖങ്ങളും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സാണ് ചിത്രം നിർമിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതസംവിധാനം. സുഹൈൽ എം. കോയയും മുത്തുവും ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. രണദിവെയാണ് ഛായാഗ്രഹണം. ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവഹിക്കുന്നു. അങ്കിത് മേനോൻ സഹനിർമാതാവും ഒമർ നവാസി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

കലൈ കിംഗ്‌സൺ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടിയും വസ്ത്രാലങ്കാരം സമീറ സനീഷും കൈകാര്യം ചെയ്യുന്നു. വിഷ്ണു സുജാതനാണ് സൗണ്ട് ഡിസൈൻ. സുധി സുരേന്ദ്രനാണ് മേക്കപ്പ് വിഭാഗം കൈകാര്യം ചെയ്യുന്നത്.
ക്യാമ്പസ് ജീവിതവും പുതുതലമുറയുടെ സോഷ്യൽ മീഡിയ സംസ്കാരവും പ്രണയവും കോർത്തിണക്കുന്ന ‘പ്രേംപാറ്റ’ ആദ്യദിനം തന്നെ പ്രേക്ഷകശ്രദ്ധ നേടുകയാണ്.