മകളെ കുറിച്ചോ മുൻ ഭാര്യയെ കുറിച്ചോ ഇനി എവിടെയും പരാമർശിക്കരുതെന്ന് കോടതി, ചോദ്യം ചോദിച്ചോണ്ട് ആരും വീട്ടിലേക്ക് വരണ്ട ; ബാല 

മുന്‍ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത നടന്‍ ബാലയ്ക്ക് ജാമ്യം അനുവദിച്ച വാർത്തകൾ ഒക്കെ ഇന്നലെ തന്നെ പുറത്തു വന്നിരുന്നു. ഉപാധികളോടെയുള്ള ജാമ്യമാണ് ബാലയ്ക്ക് അനുവദിച്ചിരിക്കുന്നത്. മുന്‍ ഭാര്യയെക്കുറിച്ചും ഇവരുടെ  മകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, ഇരുവരേയും ഒരു തരത്തിലും ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ബാലയ്ക്ക് ജാമ്യം നൽകിയിരിക്കുന്നത്.

ജാമ്യം കിട്ടിയതിന് പിന്നാലെ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബാല എത്തിയിരുന്നു. തനിക്കെതിരെ വന്ന ഈ കേസും അതിനു പിന്നാലെ കോടതി കയറേണ്ടി വന്നതും ഒന്നും തന്നെ വേദനിപ്പിക്കുന്നതല്ല എന്നും എന്നാല്‍ പക്ഷെ സ്വന്തം ചോര തന്നെ തനിക്കെതിരെ വന്നുവെന്നത് തന്നെ വേദനിപ്പിച്ചുവെന്നാണ് ബാല പറയുന്നത്. മൂന്നാഴ്ച മുമ്പ് താനൊരു കാര്യം പറഞ്ഞിരുന്നു. തന്റെ മകളെ താന്‍ ബഹുമാനിക്കുന്നു. ഇനിയൊരിക്കലും അവളെക്കുറിച്ച് താൻ സംസാരിക്കില്ലെന്ന് പറഞ്ഞിരുന്നു. മൂന്നാഴ്ചയായി ആ വാക്ക് താന്‍ പാലിക്കുന്നുണ്ട്. ഇനിയും പാലിക്കും. പക്ഷെ ഇന്ന് ഇവിടെ തനിക്ക് വരേണ്ടി വന്നു. അറസ്റ്റ് ആയതും കോടതിയില്‍ വരേണ്ടി വന്നതുമൊക്കെ എല്ലാവരും ചാനലുകളിലൂടെ കണ്ടിട്ടുണ്ടാകും. ഇതൊന്നും തനിക്ക് വലിയ വേദനയല്ല. അതിനേക്കാളും വലിയ വേദനയാണ് തന്റെ ചോര തന്നെ തനിക്കെതിരെ വന്നത്. അത് തന്നെ വേദനിപ്പിച്ചു. ഇതേക്കുറിച്ച് ഇനിയൊന്നും സംസാരിക്കില്ല. ചോദ്യങ്ങളുമായി ആരും തന്റെ വീട്ടിലേക്ക് വരേണ്ടതില്ല എന്നാണ് ബാല കഴിഞ്ഞ ദിവസം മാധ്യമങ്ങളോടായി പറഞ്ഞത്.

അതേസമയം സ്ത്രീത്വത്തെ അപമാനിക്കല്‍, സോഷ്യല്‍ മീഡിയയിലൂടെ തന്നേയും മകളെയും അപമാനിക്കുന്നു, സ്വൈര്യ  ജീവിതം കെടുത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മുന്‍ ഭാര്യ ബാലയ്‌ക്കെതിരെ പോലീസിൽ പരാതി നല്‍കിയത്. ബാലയ്ക്ക് പുറമെ ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും ഈ കേസിലെ പ്രതികളാണ്. അറസ്റ്റിന് പിന്നാലെ തന്നെ ബാല മുന്‍ ഭാര്യയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അറസ്റ്റിലായതിനു പിന്നാലെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ബാലയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോകവെയായിരുന്നു ബാല  മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ഈ വിഷയത്തില്‍ ഇനി സംസാരിക്കില്ലെന്ന് പറഞ്ഞതാണ്. എന്നാലിപ്പോള്‍ മുന്‍ ഭാര്യ തനിക്കെതിരെ നീക്കം നടത്തുകയാണ് . മൂന്നാഴ്ച മുമ്പ് ഇതേക്കുറിച്ച് താന്‍ സംസാരിക്കില്ലെന്ന് പറഞ്ഞതാണ്. തന്റെ വാക്ക് വാക്കായിരിക്കും. ഇപ്പോള്‍ ആരാണ് കളിക്കുന്നത്? കുടുംബത്തെ വലിച്ചിഴയ്ക്കരുതെന്ന് പറഞ്ഞു. ഇപ്പോള്‍ കുടുംബത്തെ ആരാണ് കൊണ്ട് വന്നിരിക്കുന്നത്? ഇത് വാശിയല്ലെന്നും ബാല പറഞ്ഞിരുന്നു. നിങ്ങള്‍ തീരുമാനിക്ക്. എന്തിന് വേണ്ടിയാണ് താന്‍ അനുഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം എന്നും ബാല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.