വീണ്ടും ഒരുമിക്കില്ല; മുൻഭാര്യയെ വിളിച്ച് പാടിപ്പിക്കാൻ കാരണമുണ്ട്, ജി.വി പ്രകാശ് കുമാർ

സംഗീത സംവിധായകനും ഗായകനും നടനും ജിവി പ്രകാശും സൈന്ധവിയും വേർപിരിയുന്നെന്ന് പ്രഖ്യാപിച്ചത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ആരാധകർക്ക് വളരെ ഇഷ്ടപ്പെട്ട ദമ്പതികളായിരുന്നു ഇവർ. പഠന കാലത്ത് പ്രണയിച്ച് പിന്നീട് വിവാഹം ചെയ്തവർ. ഒരു മകളുമുണ്ട്. ജിവി പ്രകാശും സൈന്ധവിയും ഒരുമിച്ച് പാടുമ്പോഴെല്ലാം ​ഗാനങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഒരേ മേഖലയിലുള്ളവർ, ഏറെക്കാലമായി അറിയാവുന്നവർ, കരിയറിന് പരസ്പരം പിന്തുണ നൽകുന്നവർ ,എന്നാൽ ഒരു ഘട്ടത്തിൽ ബന്ധം പിരിയാൻ ജിവി പ്രകാശും സൈന്ധവിയും തീരുമാനിച്ചു. ജിവി പ്രകാശിന്റെ കുടുംബത്തിനും ഈ വേർപിരിയൽ ഉൾക്കൊള്ളാനായില്ല. ഇരുവരും വീണ്ടും ഒരുമിക്കുമെന്നാണ്  ജിവി പ്രകാശിന്റെ അമ്മ പറയുന്നത്.

അടുത്തിടെ നടന്ന ഒരു മ്യൂസിക്കൽ ഇവന്റിൽ ജിവി പ്രകാശും സെെന്ധവിയും ഒരുമിച്ച് പാടിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വൈകാരികമായ പ്രണയ ​ഗാനം ഇരുവരും മനസറിഞ്ഞാണ് പാടിയതെന്നും വീണ്ടും ഒരുമിക്കാൻ ഇവർ ആ​ഗ്രഹിക്കുന്നെന്നും ആരാധകർ വാദിച്ചു. കുറച്ച് ദിവസങ്ങൾ സൈന്ധവിയും ജിവി പ്രകാശുമായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. ഇപ്പോഴിതാ ഇതിൽ വിശദീകരണം നൽകിയിരിക്കുകയാണ് ജിവി പ്രകാശ്. പ്രൊഫഷണലായത് കൊണ്ടാണ് ഒരുമിച്ച് പാടിയതെന്ന് പുതിയ അഭിമുഖത്തിൽ ജിവി പ്രകാശ് വ്യക്തമാക്കി. ഞങ്ങൾ അങ്ങേയറ്റം പ്രൊഫഷണലാണ്. പരസ്പരം ബഹുമാനമുണ്ട്. ആ ബഹുമാനത്തോടെയാണ് വേദിയിൽ പെർഫോം ചെയ്തതെന്ന് ജിവി പ്രകാശ് വ്യക്തമാക്കി. സം​ഗീത സംവിധാനത്തിനൊപ്പം അഭിനയത്തിലും നിർമാണത്തിലും ജിവി പ്രകാശ് സാന്നിധ്യം അറിയിക്കുന്നുണ്ട്.

ജിവി പ്രകാശ് സിനിമാ ലോകത്തെ പ്രശസ്തിയിൽ അഭിരമിച്ചതാണ് പിരിയാൻ കാരണമായതെന്ന അഭ്യൂഹമുണ്ട്. എന്നാൽ താരം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ജി വി പ്രകാശ് കുമാറും ഭാര്യ സൈന്ധവിയും വിവാഹ ബന്ധം വേര്‍പെടുത്തുന്നതായി സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത്. 11 വര്‍ഷത്തോളം നീണ്ടു നിന്ന വിവാഹ ജീവിതമാണ് ഇരുവരും വേര്‍പെടുത്തുകയാണെന്ന് അറിയിച്ചത്. ഇൻസ്റ്റഗ്രാം അകൗണ്ടിൽ കൂടെയായിരുന്നു ഇരുവരും ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പിരിയുന്നതിനുള്ള വ്യക്തമായ കാരണം എന്താണെന്ന് രണ്ട് പേരും തുറന്നു പറഞ്ഞിട്ടില്ല. ജി വി പ്രകാശ് കുമാറിന്റെ സംശയമാണ് ഭാര്യയുമായുള്ള വിവാഹ മോചനത്തിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്ന അഭ്യൂഹം. ഇതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ വളരെ മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോള്‍ വിവാഹമോചന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പരിഹാസ കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജി.വി പ്രകാശ് കുമാർ.

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലാണ് ജി.വി പ്രകാശ് കുമാർ ട്രോളുകള്‍ക്കെതിരെ പ്രതികരിച്ചിരുന്നത്. എന്തിനാണ് അറിയാത്ത കാര്യത്തില്‍ ഇതുപോലെ പ്രതികരിക്കുന്നതെന്നാണ് ജി വി പ്രകാശ് കുമാർ പരിഹസിക്കുന്നവരോട് ചോദിക്കുന്നത്. രണ്ട് പേര്‍ പ്രണയിക്കുന്നതും പിന്നീട് വേര്‍പിരിയുന്നതും കൃത്യമായി കാര്യങ്ങള്‍ അറിയാതെ ഓരോരോ ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്. രണ്ട് പേര്‍ സെലിബ്രിറ്റീസ് ആയതു കൊണ്ട് മാത്രം അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് മൂഢമായ കാര്യങ്ങള്‍ പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയില്ല,’ എന്നാണ് ജി വി പ്രകാശ് കുമാർ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

തമിഴരുടെ ധര്‍മബോധം ഇത്രയും അധഃപതിച്ചു പോയോ? ഇത്തരം കഥകള്‍ പടച്ചു വിടുന്നത് ഇത് പറയുന്ന വ്യക്തികളെ ബാധിക്കില്ലേ? തങ്ങളുടെ പിരിയലിന്റെ കാരണം എന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ അറിയുകയുള്ളു എന്നും ജി. വി പ്രകാശ് കുമാർ കുറിച്ചു. എന്റെ ജീവിതത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയാനുള്ള ത്വരയുടെ പുറത്താണ് ഇത്തരം പൊതു ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയരുന്നതെന്ന് എനിക്ക് അറിയാം. ഞാന്‍ ഇങ്ങനെ ഒരു സ്‌റ്റേറ്റ്‌മെന്റ് പറയുന്നത് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തിയെ കൂടി ഇത് ബാധിക്കുന്നതാണ് എന്നതിനാലാണ്. വ്യക്തികളുടെ ഫീലിംഗ്‌സിനെ മാനിക്കണമെന്നും നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നുമാണ് ജി വി പ്രകാശ് കുമാർ കുറിച്ചിരിക്കുന്നത്.