
കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതനായ നടൻ മോഹൻരാജ് ഇന്നലെ അന്തരിച്ചു . ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമ ജീവിതവും കുടുംബജീവിതവുമാണ് വാർത്തകളിൽ ഇടം നേടുന്നത് .
ഇന്നലെ സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണ വാർത്ത സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു . പേര് മോഹൻരാജ് എന്നാണെങ്കിലും നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മോഹൻരാജിനെ സ്ക്രീനിൽ കാണുമ്പോൾ കീരിക്കാടൻ ജോസ് എന്നാണ് ഏതൊരു സിനിമാ പ്രേമിയും ആദ്യം പറയുക. പലർക്കും മോഹൻരാജ് എന്നാണ് താരത്തിന്റെ പേര് എന്നത് പോലും അറിയില്ല. 1988 ല്‍ പുറത്തിറങ്ങിയ മൂന്നാംമുറയാണ് ആദ്യ ചിത്രം. ഈ സിനിമയില്‍ ഒരു ഗുണ്ടയുടെ വേഷമായിരുന്നു മോഹന്‍രാജിന് ലഭിച്ചത്. രണ്ടാമത്തെ സിനിമയായിരുന്നു 1989 ല്‍ പുറത്തിറങ്ങിയ കിരീടം. സിനിമ മോഹിച്ച് അഭിനയത്തിലേക്ക് എത്തിയതായിരുന്നില്ല മോഹൻരാജ്. എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണ്.

സൈന്യത്തില്‍ ചേരണമെന്നതായിരുന്നു കുട്ടിക്കാലംമുതലുള്ള മോഹന്‍രാജിന്റെ ആഗ്രഹം. അത് സാധിക്കുകയും ചെയ്തു. എന്നാല്‍ കാലിനേറ്റ പരിക്കിനെതുടര്‍ന്ന് തിരിച്ചുപോരേണ്ടിവന്നു. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് കിരീടത്തിൽ അഭിനയിക്കാനുള്ള അവസരം നടനെ തേടിയെത്തിയത്. ചിത്രം വൻ ഹിറ്റായതോടെ മോഹൻരാജ് മലയാളത്തിലെ വില്ലന്മാരിൽ പ്രധാനിയായി.
സംവിധായകൻ കലാധരനൊപ്പമാണ് കിരീടത്തിന്റെ സെറ്റിലേക്ക് മോഹൻരാജ് എത്തിയത്. നാട് വിറപ്പിക്കുന്ന കീരിക്കാടൻ ജോസാകാൻ കിരീടം ടീം ആദ്യം തീരുമാനിച്ചിരുന്ന ഒരു കന്നഡ നടനെയായിരുന്നു. എന്നാൽ പറഞ്ഞുറപ്പിച്ച തിയ്യതിയിൽ ആ നടൻ എത്തിയില്ല. അപ്പോഴാണ് സിബി മലയിൽ മോഹൻരാജിനെ കലാധരന്റെ മുറിയിൽ വെച്ച് കണ്ടതും ശ്രദ്ധിച്ചതും. കീരിക്കാടൻ ജോസാകാൻ പെർഫെക്ട് മോഹൻരാജാണെന്ന് സിബിക്ക് തോന്നി. അതോടെ മോഹൻരാജ് കീരിക്കാടൻ ജോസായി.
സിനിമയും കഥാപാത്രവും പിൽക്കാലത്ത് വലിയ ഹിറ്റായി മാറിയെങ്കിലും കീരിക്കാടൻ ജോസായതിന്റെ പേരിൽ ചില നഷ്ടങ്ങളും മോഹൻരാജിനുണ്ടായി. കേന്ദ്ര സർക്കാരിന്റെ സർവീസിൽ ജോലി ചെയ്യുമ്പോൾ സർക്കാരിൽ നിന്ന് അനുവാദം വാങ്ങണമായിരുന്നു സിനിമയിൽ അഭിനയിക്കാൻ. അതൊന്നും മോഹൻരാജ് ചെയ്തിരുന്നില്ല. മാത്രമല്ല സഹപ്രവർത്തകരായ മറ്റ് ഉദ്യോഗസ്ഥരുടെ പാരവെപ്പ് കൂടിയായതോടെ മോഹൻരാജ് സസ്പെൻഷനിലുമായി.
പിന്നീട് 20 വർഷത്തോളം ജോലി തിരിച്ച് പിടിക്കാൻ നടൻ നിയമ പോരാട്ടം നടത്തി. 2010ൽ അത് ഫലം കാണുകയും തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പക്ഷെ വൈകാതെ നടൻ ജോലിയിൽ നിന്നും വിരമിച്ചു. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ മോഹൻ രാജ് 300 ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ആറാംതമ്പുരാൻ, ചെങ്കോൽ, നരസിംഹം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധേയമായിരുന്നു.
റാഫി മെക്കാര്‍ട്ടിന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഹലോ എന്ന ചിത്രത്തിലെ വില്ലൻ വേഷങ്ങൾ വിട്ട് കോമഡി ജോണറിലുള്ള ഗുണ്ട വേഷം ഏറെ കൈയടി നേടി. മലയാളത്തിലും തമിഴിലും മാത്രമല്ല തെലുങ്കുവിലും നിരവധി സിനിമകൾ മോഹൻരാജ് ചെയ്തിട്ടുണ്ട്. കൂടാതെ കടമറ്റത്ത് കത്തനാര്, സ്വാമി അയ്യപ്പന്, മൂന്നുമണി എന്നീ സീരിയലുകളിലും വേഷമിട്ടു.
ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു മോഹന്‍രാജ്. മോഹന്‍ രാജ് ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. 2022 ല്‍ പുറത്തിറങ്ങിയ റോഷാര്‍ക്ക് ആയിരുന്നു വലിയ ഇടവേളയ്ക്ക് ശേഷം എത്തിയ ചിത്രം. ചിറകൊടിഞ്ഞ കിനാവുകളും റോഷാക്കുമായിരുന്നു അവസാനമായി പുറത്തിറങ്ങിയ മോഹൻരാജിന്റെ സിനിമകൾ.











