മദ്യം സൂക്ഷിക്കാൻ മുറി; വീടിനകത്ത് ലിഫ്റ്റ്; ഒരു തുണിക്കടപോലെ വസ്ത്രം സൂക്ഷിക്കാൻ പ്രത്യേകം മുറികൾ; നെപ്പോളിയന്റെ അമേരിക്കയിലെ ആഡംബര വീട്

മകന്റെ വിവാഹത്തോടനുബന്ധിച്ച് നടന്‍ നെപോളിയന്റെ വിശേഷങ്ങള്‍ ആണ് പുറത്തുവരുന്നത്. മകനെ ആഗ്രഹമനുസരിച്ച് കോടികള്‍ മുടക്കി ജപ്പാനില്‍ വച്ചായിരുന്നു ധനുഷിന്റെ വിവാഹം നടത്തിയത്. തമിഴ് സിനിമയില്‍ നിന്നും പ്രമുഖരായ താരങ്ങളും ഇതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

മുന്‍പ് നടനും രാഷ്ട്രീയപ്രവര്‍ത്തകനും ഒക്കെയായിരുന്ന നെപ്പോളിയന്‍ കേന്ദ്ര സഹകാര്യമന്ത്രി കൂടിയായിരുന്നു. ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒക്കെ വിട്ട് കുടുംബത്തോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാണ് നടൻ.

300 ഏക്കറിലധികം സ്ഥലം നെപ്പോളിയനു അമേരിക്കയിലുണ്ട്. വലിയൊരു ഫാം നടത്തിയും അമേരിക്കന്‍ ജീവിതം ആസ്വദിക്കുകയും ചെയ്യുകയാണ് താരമിപ്പോള്‍. മാത്രമല്ല ബംഗ്ലാവിന് സമാനമായ വലിയൊരു വീടും നെപ്പോളിയനുണ്ട്. കഴിഞ്ഞവര്‍ഷം ഇര്‍ഫാന്‍സ് വ്യൂ എന്ന യൂട്യൂബ് ചാനലിലൂടെ നെപ്പോളിയന്റെ വീടും അദ്ദേഹത്തിന്റെ ഫാം ഹൗസുമൊക്കെ കാണിച്ചിരുന്നു.

മകന്റെ സൗകര്യാര്‍ത്ഥം വീടിനകത്ത് ലിഫ്റ്റും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ബെഡും തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് നടൻ ഒരുക്കിയിരിക്കുന്നത്. വീട്ടിലുള്ള ഓരോരുത്തര്‍ക്കും അവരുടേതായ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള കിടപ്പ് മുറികളാണുള്ളത്. അതിന് പുറമേ ലിവിംഗ് റൂമുകളും അടുക്കളയും തുടങ്ങി പന്ത്രണ്ടായിരത്തിന് മുകളില്‍ സ്വകയര്‍ഫീറ്റാണ് വീടുള്ളത്.

ഒരു ടെക്‌സ്റ്റൈല്‍സ് കടയ്ക്ക് സമാനമായിട്ടാണ് വസ്ത്രങ്ങള്‍ അടുക്കി വെച്ചിരിക്കുന്നത്. ഭാര്യയുടെ സാരിയും മറ്റ് ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്കുമായി ഒരു മുറി, അതുപോലെ ഓരോരുത്തര്‍ക്കും വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ മാത്രം മുറികളുണ്ട്. ഇതിന് പുറമേ വൈന്‍ സ്റ്റോര്‍ ചെയ്യുന്നതിനായി വലിയൊരു മുറിയും അതിനുപുറമെ നൂറുക്കണക്കിന് മദ്യം നിറച്ച കുപ്പികളുമുണ്ട്. കൂടാതെ വ്യായാമത്തിനു ജിമ്മും.

ഭക്ഷണത്തിന് മുന്‍പും ശേഷവുമൊക്കെ വൈന്‍ കുടിക്കുന്നത് അമേരിക്കരുടെ ശീലമാണ്. എല്ലാ വീടുകളിലും സമാനമായ സ്റ്റോറുകളുണ്ടാവും. എന്നാല്‍ താന്‍ മദ്യപിക്കാറില്ലെന്നും ഇവിടെയിരിക്കുന്ന കുപ്പികളൊക്കെ വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ഉള്ളതാണെന്നും നെപ്പോളിയൻ പറയുന്നു. ഇതിന് പുറമേ ഹോം തിയേറ്ററടക്കം സവിശേഷതകള്‍ ഏറെയുള്ള വീടാണ് നടന്റേത്.

മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ മകന് വേണ്ടി വേണ്ടതെല്ലാം നടൻ ഒരുക്കിയിട്ടുണ്ട്. ഹൈടെക് സംവിധാനങ്ങളുള്ള വീടാണ് ധനുഷിന് വേണ്ടി നെപ്പോളിയൻ ഒരുക്കിയത്. എല്ലാ നിലകളിലും ധനുഷിന് പോകാൻ വേണ്ടി ലിഫ്റ്റ് സെറ്റ് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ സ്വിമ്മിങ് പൂളിൽ എത്തുന്നതിന് വേറെ ലിഫ്റ്റും മൂന്നുനിലയുള്ള വീടിന്റെ പ്രത്യേകതയാണ്. ബെൻസും ടെസ്‌ലയും ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളും അദ്ദേഹത്തിനുണ്ട്.

മാത്രമല്ല താര നിബിഡമായ, മകൻ ധനുഷിന്റെ വിവാഹത്തിന് നെപ്പോളിയൻ പൊടിച്ചത് കോടികളാണ്. ജപ്പാനിലാണ് ചടങ്ങ് നടന്നതെങ്കിലും ഹൽദി, മെഹന്ദി, സംഗീത് അടക്കമുള്ള ആഘോഷങ്ങളൊക്ക സംഘടിപ്പിച്ചിരുന്നു.

ധനുഷിന്റെ ഡ്രീം ലാന്റാണ് ജപ്പാൻ. അതുകൊണ്ട് തന്നെയാണ് മകന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിന്റെ വേദിയായും ജപ്പാൻ എന്ന രാജ്യത്തെ നെപ്പോളിയൻ തെരഞ്ഞെടുത്തത്. വിവാഹത്തിന് ഒരാഴ്ച മുമ്പ് തന്നെ നെപ്പോളിയനും കുടുംബവും വധുവുമായി ജപ്പാനിൽ എത്തിയിരുന്നു. ജപ്പാനിലാണ് വിവാ​ഹമെങ്കിലും ഭക്ഷണവും ചടങ്ങുകളും അടക്കം എല്ലാം തനി തമിഴ്നാട് സ്റ്റൈലിലാണ്. കൂടാതെ വിവാഹത്തിന് നിരവധി പ്രത്യേകതകളുണ്ട്.

വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന അതിഥികൾക്കെല്ലാം മൂന്ന് ദിവസത്തെ ജപ്പാൻ ടൂറായിരുന്നു  നെപ്പോളിയന്റെ സമ്മാനം. ചടങ്ങുകൾക്കുശേഷം തുടർന്നുള്ള മൂന്ന് ദിവസം നെപ്പോളിയന്റെ നേതൃത്വത്തിൽ അതിഥികളെയെല്ലാം ജപ്പാൻ വിശദമായി ചുറ്റി കാണാൻ കൊണ്ടുപോയി.