
പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലായി. സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടന്‍ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തിലാണ് നടന് എതിരെ പോക്‌സോ കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ എസ്.എന്‍ പാര്‍ക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തി എന്നതാണ് നടന് എതിരെയുള്ള കേസ്. രണ്ട് ദിവസം മുന്‍പ് കേസ് രജിസ്റ്റര്‍ ചെയ്ത് തൃശൂര്‍ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.

പ്രതിയ്ക്ക് വേണ്ടി അന്വേഷണവും സിസിടിവി പരിശോധനയും പൂര്‍ത്തിയാക്കി ആയിരുന്നു ഇന്ന് രാവിലെ നടന്ന അറസ്റ്റ്. സിസിടിവി പരിശോധനയില്‍ നടന്റെ കാര്‍ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തൃശ്ശൂര്‍ എസ് എന്‍ പാര്‍ക്കിന് സമീപത്ത് വെച്ച് നടന്‍ തങ്ങളോട് മോശമായി പെരുമാറിയ വിവരം കുട്ടികള്‍ മാതാപിതാക്കളെ അറിയിക്കുക ആയിരുന്നു. പിന്നീട് പോലീസില്‍ ഇവര്‍ പരാതി നല്‍കുക ആയിരുന്നു. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം തുടരവെ കാറിനെ കുറിച്ചുള്ള വിവരങ്ങളാണ് കേസ് അന്വേഷണത്തിന് നിര്‍ണായകമായത്.

പ്രതി കുറ്റം സമ്മതിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം താന്‍ മാനസിക വൈകൃതത്തിന് ചികിത്സയിലായിരുന്നെന്ന് നടന്‍ പോലീസിനോട് പറഞ്ഞതായും സൂചനകള്‍ വരുന്നുണ്ട്. പ്രമുഖ മാധ്യമങ്ങളാണ് ഇതേ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം കുട്ടികള്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതിയായ നടനെ ഉടനെ കോടതിയില്‍ ഹാജരാക്കും. അതേസമയം, നടന് എതിരെ ഇതിന് മുന്‍പും സമാന രീതിയിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അത് താന്‍ അല്ലെന്ന് പറഞ്ഞ്് ശ്രീജിത്ത് ഒഴിഞ്ഞുമാറിയിരുന്നു. ആ കേസിന്റെ നിയമ നടപടികളും എങ്ങും എത്തിയിരുന്നില്ല.











