
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തമിഴ് സൂപ്പർ താരം വിജയ്‌യെ കാണാൻ തടിച്ചുകൂടിയ ആരാധകരുടെ തിരക്കിനിടയിൽ താരത്തിന് വീഴ്ച. വിദേശത്തുനിന്നും മടങ്ങിയെത്തിയ താരത്തെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകരാണ് വിമാനത്താവളത്തിൽ എത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലായിരുന്നു താരം പുറത്തേക്ക് വന്നതെങ്കിലും, പ്രിയതാരത്തെ ഒന്ന് നേരിൽ കാണാനും സെൽഫിയെടുക്കാനും ആരാധകർ കൂട്ടത്തോടെ ഇരച്ചുകയറുകയായിരുന്നു. ഇതിനിടയിലുണ്ടായ ഉന്തും തള്ളിലും പെട്ടാണ് വിജയ്‍യുടെ ബാലൻസ് തെറ്റുകയും അദ്ദേഹം തറയിൽ വീഴുകയും ചെയ്തത്.
ഉടൻതന്നെ സുരക്ഷാ ജീവനക്കാരും കൂടെയുണ്ടായിരുന്നവരും ചേർന്ന് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു. വീഴ്ചയിൽ വിജയ്‍ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. തുടർന്ന് കനത്ത സുരക്ഷയിൽ അദ്ദേഹത്തെ വാഹനത്തിൽ കയറ്റി വിട്ടു. തന്റെ പുതിയ ചിത്രമായ ‘ദളപതി 69’-ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിലെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രിയതാരത്തിന് സുരക്ഷാ വീഴ്ച ഉണ്ടായതിൽ ആരാധകർക്കിടയിൽ ആശങ്കയും അമർഷവും ഉയരുന്നുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിൽ വിമാനത്താവള അധികൃതർക്ക് പാളിച്ച സംഭവിച്ചുവെന്നും ആക്ഷേപമുണ്ട്.











