നടൻ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍, കൊല്ലത്തെ പഞ്ചനക്ഷത ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയെന്ന പരാതിയിൽ

നടൻ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍, കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടൽ ജീവനക്കാരൻ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിനായകൻ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയെന്നും പറയുന്നുണ്ട്. സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരോട് നടൻ തട്ടിക്കയറി. തന്നെ എന്തിനാണ് പിടിച്ചുവച്ചിരിക്കുന്നതെന്നും, തനിക്ക് ഒരു പരാതി നൽകാനുണ്ടെന്നും പറഞ്ഞാണ് നടൻ ബഹളം വച്ചത്.

വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീടാണ് അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്, കഴിഞ്ഞ കുറച്ച് ദിവസമായി വിനായകനും ജയസൂര്യ ഉള്‍പ്പെടെയുള്ള സിനിമ നടന്മാരും അണിയറപ്രവര്‍ത്തകരും സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയായതിന് പിന്നാലെ വിനായകനൊഴികെ മറ്റെല്ലാവരും ഹോട്ടലില്‍ നിന്ന് മടങ്ങിയിരുന്നു.

എന്നാല്‍ വിനായകന്‍ ഹോട്ടലില്‍ തന്നെ തുടരുകയായിരുന്നു. റൂം ഒഴിയാന്‍ വിസമ്മതിച്ചതോടെ ഹോട്ടല്‍ ജീവനക്കാരും വിനായകനും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയായിരുന്നു, ഇതിനെ തുടർന്നാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്.