മാതാ പിതാക്കൾക്ക് വേണ്ടി സമയം കണ്ടെത്തണം, കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല; അച്ഛനെയോർത്ത് പൊട്ടിക്കരഞ്ഞ് പാർവതി

അഭിനേത്രി എന്നതിനൊപ്പം തന്നെ മോഡലും ടെലിവിഷൻ ചാനൽ ഷോകളിൽ അവതാരകയുമായ പാർവതി ആർ കൃഷ്ണ മലയാളികൾക്ക് സുപരിചിതയാണ്. രണ്ട് മാസം മുമ്പാണ് പാർവതിയുടെ അച്ഛൻ മരിച്ചത്.

സ്ട്രോക്ക് വന്നതിന് ശേഷം ചികിത്സയിലായിരുന്നു പാർവതിയുടെ അച്ഛൻ. അച്ഛന്റെ വേർപാട് ഇപ്പോഴും പാർ‌വതിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. യുട്യൂബിൽ വ്ലോ​ഗുകളുമായി സജീവമായ പാർവതി അച്ഛനെ കുറിച്ചും അദ്ദേഹത്തിന്റെ ഓർമകളെ കുറിച്ചും സംസാരിച്ച് പങ്കിട്ട വീഡിയോയാണിപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

അച്ഛനെ നഷ്ടപ്പെട്ട ശേഷമാണ് അച്ഛന്റെ വില തനിക്ക് മനസിലായതെന്നാണ് പാർവതി നിറകണ്ണുകളോടെ പറഞ്ഞത്. അച്ഛൻ നല്ലപോലെ സ്മോക്ക് ചെയ്യുമായിരുന്നു. അത് അച്ഛനെ വളരെ മോശമായി അച്ഛന്റെ ആരോഗ്യത്തെ എഫക്ട് ചെയ്തു. നല്ല ഡയബറ്റിക്കുമായിരുന്നു അച്ഛൻ. ആരോഗ്യ കാര്യത്തിൽ അച്ഛൻ ഒട്ടും ശ്രദ്ധിക്കാറില്ലായിരുന്നു. ശ്രദ്ധിക്കണമെന് എത്ര പറഞ്ഞാലും ശ്രദ്ധിക്കില്ലായിരുന്നു എന്നാണ് അച്ഛനെക്കുറിച്ച് ഓർത്തുകൊണ്ട് പാർവതി പറയുന്നത്.

ഷൂട്ടിന് ഇടയിലാണ് അച്ഛന് വയ്യെന്ന് താൻ അറിഞ്ഞത് എന്നും പാർവതി പറയുന്നു. അച്ഛന് സ്ട്രോക്കായിരുന്നു. ആശുപത്രിയിൽ ‍താൻ ചെന്നപ്പോൾ തന്നെ കണ്ടതും അച്ഛൻ ഒരു കരച്ചിലായിരുന്നു എന്നും പാർവതി ഓർക്കുന്നു. അവസാനമായി അച്ഛൻ തന്നോട് റെസ്പോണ്ട് ചെയ്ത സമയം അതായിരുന്നു എന്നാണ് പാർവതി പറയുന്നത്.

സ്മോക്ക് ചെയ്യുന്നവരെ നിയന്ത്രിക്കുക എന്ന് കൂടി ഓർമപ്പെടുത്തുകയാണ് പാർവതി കൃഷ്ണ.  ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായി വന്നതിനു ശേഷം പിന്നെ കുറേക്കാലം അച്ഛനും അമ്മയും തനിക്കൊപ്പമായിരുന്നു എന്നും പാർവതി പറയുന്നു. അച്ഛനെ നോക്കാൻ ഒരു നഴ്സിനേയും നിർത്തിയിരുന്നു. അച്ഛന്റെ കണ്ണ് മാത്രമെ അനങ്ങുന്നുണ്ടായിരുന്നുള്ളു. വേറൊരു റെസ്പോണ്ടും ഉണ്ടായിരുന്നില്ല.

വയ്യാതെ അച്ഛനെ എന്തിനാണ് കിടത്തിയിരിക്കുന്നതെന്ന് തനിക്ക് ഇങ്ങനെ തോന്നുമായിരുന്നു എന്നും പാർവതി പറയുന്നു. അച്ഛൻ തിരിച്ച് വരണം, പാറുവെന്ന് വിളിക്കുന്നത് കേൾക്കണം എന്നൊക്കെ തനിക് തോന്നിയിരുന്നു. പിന്നീട് ഒരു ദിവസം ഷൂട്ടിലായിരുന്നപ്പോഴാണ് അച്ഛന് കൂടുതലാണെന്ന് അറിഞ്ഞത്. ആശുപത്രിയിൽ കൊണ്ടുപോയപ്പോഴേക്കും മരിച്ചുവെന്ന് പാർവതി പറയുന്നു.

മാതാപിതാക്കളുടെ ആരോ​ഗ്യം നന്നായി ശ്രദ്ധിക്കണമെന്നും അവരുടെ നഷ്ടം നികത്താൻ പറ്റാത്തതാണെന്നും പാർവതി വീഡിയോയിലൂടെ പറയുന്നുണ്ട് . നമുക്ക് പ്രായമാകുമ്പോഴാണ് നമ്മൾ അത് മനസിലാക്കുന്നത് നമ്മുടെ അച്ഛനും അമ്മയ്ക്കും പ്രായമാകുകയാണെന്നത്. ഇങ്ങനൊരു വീഡിയോ ചെയ്യേണ്ടെന്നാണ് താൻ കരുതിയിരുന്നത്. ഒരാൾക്കെങ്കിലും താൻ പറയുന്നത് കണക്ടായാലോയെന്ന് താൻ വിശ്വസിക്കുന്നു. എന്ത് പ്രശ്നം വന്നാലും നമ്മൾ ഓടി ചെല്ലുന്നത് പാരന്റ്സിന് അടുത്തേക്കാകും.

 

കുട്ടിക്കാലത്ത് താൻ വെകിളി പിടിച്ച് നടക്കുന്ന കൊച്ചായിരുന്നു എന്നും പർവതി പറയുന്നു. മാതാപിതാക്കൾ പറയുന്നതൊന്നും കേൾക്കാറില്ലായിരുന്നു. മാത്രമല്ല തന്നെ വളരെ കൊഞ്ചിച്ചാണ് വളർത്തിയിരുന്നത്. അച്ഛനാണ് ഏറ്റവും കൂടുതൽ‌ കൊഞ്ചിച്ചിരുന്നത്. താൻ ഇന്റസ്ട്രിയിൽ സക്സസാകാണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചിരുന്നയാൾ അച്ഛനായിരുന്നു.

സിനിമയിൽ ചാൻസ് കിട്ടിയപ്പോൾ അമ്മയാണ് പലപ്പോഴും അനുവദിക്കാതിരുന്നത്. അച്ഛൻ പറഞ്ഞിട്ടാണ് പിന്നീട് അമ്മ സമ്മതിച്ചത്. ഉള്ളപ്പോൾ അതിന്റെ വില അറിയില്ലെന്ന് പറയുന്നത് വളരെ സത്യമാണ് എന്നും പാർവതി കൂട്ടിച്ചേർത്തു. താൻ എവിടെ എങ്കിലും പോയാലും തിരിച്ച് എത്തുന്നത് വരെ നൂറ് തവണ അച്ഛൻ തന്നെ വിളിക്കും. ഇങ്ങനെ വിളിക്കാൻ താൻ ചെറിയ കുട്ടിയല്ലല്ലോയെന്ന് അന്നൊക്കെ താൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്. അതും പറഞ്ഞ് അമ്മയോട് ഒരുപാട് വഴക്കിടുമായിരുന്നു എന്നും പാർവതി പറയുന്നു .

എന്നാൽ താൻ പ്രസവിച്ചശേഷം അത് മാറി ആത്മാർത്ഥ സ്നേഹ​മായി. അച്ഛൻ മരിച്ചുവെന്നത് എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനെ മറികടക്കാൻ വീണ്ടും ഞാൻ‌ വർക്ക് ചെയ്ത് തുടങ്ങി. കാരണം എന്റെ കയ്യിൽ നിന്നും കാര്യങ്ങൾ പോകാൻ തുടങ്ങി. ഇടയ്ക്കിടെ അച്ഛനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നെ ട്രി​ഗർ ചെയ്യുമായിരുന്നു. മാതാപിതാക്കൾക്കൊപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കണം.‍ കുറഞ്ഞത് പതിനഞ്ച് മിനിറ്റെങ്കിലും അവരോട് സംസാരിക്കുക.

അച്ഛൻ എന്നെ ഇപ്പോൾ കാണുന്നുണ്ടാകും. അനു​ഗ്രഹിക്കുന്നുണ്ടാകും. ലൈഫ് വളരെ അൺപ്രഡിക്ടബിളാണ്. അച്ഛൻ വയ്യാതെ കിടന്നപ്പോൾ എനിക്ക് പൊന്നുപോലെ നോക്കാൻ പറ്റിയെന്നതാണ് എന്നെ ഇപ്പോൾ ഏറെ ഹാപ്പിയാക്കുന്ന ഒരു കാര്യം. ഞാൻ‌ ജോലി ചെയ്തുണ്ടാക്കിയ കാശിന് അർത്ഥം വന്ന സമയം അതായിരുന്നു.

അവർ നമ്മുടെ കയ്യിൽ നിന്നും പോയി കഴിഞ്ഞാൽ പിന്നെ തിരിച്ച് കിട്ടില്ല. എല്ലാ മാതാപിതാക്കളും ആറ് മാസം കൂടുമ്പോൾ നിർബന്ധമായും ബോഡി ചെക്കപ്പ് ചെയ്യണം. ഞങ്ങൾ എല്ലാവരും ഇപ്പോൾ അത് ചെയ്യാറുണ്ട്. നമ്മുടെ ഹെൽത്ത് നോക്കുന്നതുപോലെ അവരുടെ ഹെൽത്തും നമ്മൾ ശ്രദ്ധിക്കണമെന്നും പറഞ്ഞാണ് പാർവതി വീഡിയോ അവസാനിപ്പിച്ചത്.

മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകമനം കീഴടക്കിയ താരം ഇൻസ്റ്റഗ്രാം പേജിലും യുട്യൂബിലുമെല്ലാം സജീവമാണ്.