
കുറച്ച് ദിവസമായിട്ട് ഹണി റോസ് തരംഗമാണ് മാധ്യമങ്ങളിൽ ഒക്കെ. കേരളത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ട വിവാദ സംഭവമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റും അതിലേക്ക് വഴിവെച്ച ഹണി റോസിന്റെ പരാതിയും. 14 ദിവസത്തേയ്ക്ക് റിമാൻഡിൽ ആയ ബോബി 6 ദിവസം പിന്നിട്ടപ്പോൾ ഉപാധികളോടെ കോടതി ജാമ്യം നൽകി. അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി നിർദേശിച്ചു.ഈയൊരു സംഭവത്തിനു ശേഷമെ നിരവധിപേരാണ് ഈ വിഷത്തിൽ പ്രതികരിക്കുന്നത്. ഹണി റോസിന് നേരിടേണ്ടി വന്ന കാര്യങ്ങളില്‍ വളരെ അധികം വിഷമം ഉണ്ടെങ്കിലും അവർ ചെയ്തത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പബ്ലിക് പോളിസി അനലസിറ്റായ ഡോ നിഷ പറയുന്നു.

തനിക്ക് മാനനഷ്ടം ഉണ്ടായാല്‍ അവർക്ക് നിയമപരമായി മുന്നോട്ട് പോകാം. എന്നാല്‍ അതിനെതിരെ വിമർശനം ഉണ്ടാകുമ്പോള്‍ അതുംകൂടെ അംഗീകരിക്കാന്‍ ഹണി റോസ് തയ്യാറാകണമെന്നും അവർ പറയുന്നു. ന്യൂസ് 18 മലയാളം ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. നിഷ. ബോബി ചെയ്ത കാര്യം വളരെയധികം തെറ്റാണ്. നമ്മുടെ നാട്ടില്‍ ആർട്ടിക്കിള്‍ 19 ഉണ്ട്, അതായത് സ്വാതന്ത്രത്തിനുള്ള അവകാശം. സ്വാതന്ത്രിനുള്ള അവകാശം എന്ന് പറഞ്ഞാല്‍ തോന്ന്യവാസം കാണിക്കാനുള്ള അവകാശം എന്നല്ല. ഇടം പൊരുൾ ഏവൽ എന്ന പ്രമുഖ തമിഴ് കവി തിരുവള്ളുവറിന്റെ ഒരു വാക്കുണ്ട്. സ്ഥലത്തിന് അനുസരിച്ച് പെരുമാറുകയും വസ്ത്രം ധരിക്കുകയും വേണമെന്നാണ് ആ പറയുന്നതിന്റെ അർത്ഥം. ഹണി റോസിനെതിരെ നടന്ന ബോഡി ഷെയിമിങ്ങില്‍ എനിക്ക് വളരെ അധികം ദുഃഖമുണ്ട്. എന്നാല്‍ ഇടം പൊരുൾ ഏവൽ എന്നത് വളരെ അധികം അത്യാവശ്യമായിട്ടുള്ള കാര്യമാണ്.
ഇപ്പോള്‍ കുംഭമേളയില്‍ സ്വാമിമാർ ധരിക്കുന്ന വസ്ത്രം ധരിച്ചുകൊണ്ട് എനിക്ക് സ്കൂളുകളിലും കോളേജുകളിലും പോകാന്‍ സാധിക്കില്ല. ഞാന്‍ ഒരു അധ്യാപികയാണ്. ബിക്കിനിയോ ഷോർട്സോ ഇട്ട് ഞാന്‍ പഠിപ്പിക്കാന്‍ പോയാല്‍ അത് വേറെയാണ് മര്യാദ. അടിസ്ഥാനപരമായ മര്യാദ പാലിക്കുക എന്നുള്ളത് വളരെ അധികം അത്യാവശ്യമായ കാര്യമാണ് . ഹണി റോസ് ആദ്യമായി അല്ല ഇത്തരം ഒരു വിമർശനം കേള്‍ക്കുന്നത്. വിമർശനങ്ങളും ഫീഡ്ബാക്കും അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവർ ഒരു സെലിബ്രിറ്റി ആണെന്ന് പറയുന്നതില്‍ കാര്യമുണ്ടോ. ഏത് ഭാഷയിലേയും സെലിബ്രിറ്റികള്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. എല്ലാതരത്തിലുള്ള വസ്ത്രവും എല്ലാവരും ധരിക്കുന്നുണ്ട്. പക്ഷെ അതിന് അനുസരിച്ചുള്ള ഒരു ഇടവും സ്ഥലവുമുണ്ട്. അവർ സമൂഹത്തിന് കൊടുക്കുന്ന മെസേജ് കുറച്ച് മോശം ആയതുകൊണ്ടാണ് ഇത്രയും വലിയ പ്രശ്നമായി തോന്നുന്നത്. ഹണി റോസ് ഇവിടെ തെറ്റുകാരിയാണെന്ന് അല്ല ഞാന്‍ പറയുന്നത്. അവർക്ക് നേരിടേണ്ടി വന്ന വിഷയത്തില്‍ എനിക്ക് വളരെ അധികം വിഷമമുണ്ട്. എന്നുവെച്ച് അവർ ചെയ്യുന്ന എല്ലാ കാര്യവും ശരിയാണെന്ന് പറയാന്‍ ആവില്ല. ബോബി ചെമ്മണ്ണൂർ ചെയ്ത കാര്യം വളരെ മോശമാണ്. അതിന് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. അദ്ദേഹം ആരേയും കൊന്നിട്ടൊന്നും ഇല്ലല്ലോയെന്നും നിഷ ചോദിക്കുന്നു. ഇതിലൂടെ കൂടുതല്‍ പബ്ലിസിറ്റിയും കൂടുതല്‍ സിനിമകളും കിട്ടുന്ന തരത്തിലേക്ക് ഹണി റേസിന്റെ പിആർ ടീം ഈ വിഷയത്തെ വളച്ചൊടിക്കുകയാണെന്നേ ഞാന്‍ പറയുകയുള്ളു. അവർ ഒത്തിരി അന്യഭാഷ ചിത്രങ്ങളില്‍ അടക്കം അഭിനയിച്ചിട്ടുള്ള വ്യക്തിയാണ്. എങ്കില്‍ പോലും ഈ ഒരു വിഷയത്തിലൂടെ അവരുടെ പോപ്പുലാരിറ്റി ഒന്നുകൂടെ വർധിച്ചു. രണ്ട് കൈ കൂട്ടിമുട്ടുമ്പോഴാണ് ശബ്ദം ഉണ്ടാകൂ എന്ന കാര്യം നാം മനസ്സിലാക്കണം. ഒരു സെലിബ്രിറ്റി എന്ന് പറയുമ്പോള്‍ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യ കാര്യമാണ്. അവർ ഏത് തരത്തിലുള്ള വസ്ത്രം വേണമെങ്കിലും ധരിക്കട്ടെ. പക്ഷെ അതിനെല്ലാം അതിന്റെതായ സ്ഥലമുണ്ട്.
തന്റെ ഭാഗത്ത് നിന്നും ചില കരുതലുകള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ഹണി റോസ് മനസ്സിലാക്കേണ്ടതായിരുന്നു. ഇനിയെങ്കിലും അവർ അത് ചെയ്യുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവർ ഏത് തരത്തിലുള്ള വസ്ത്രം ധരിക്കുന്നതിനും എനിക്ക് യാതൊരു പ്രശ്നവുമില്ല. ഈ ലോകത്ത് വേറെ നടിമാരില്ലേ, ആരും ഉദ്ഘാടനത്തിന് പോകുന്നില്ലേ? എന്തുകൊണ്ടാണ് ഇവർക്ക് മാത്രം ഇത്ര വിഷയം വരാന്‍ കാരണം. അവർ എന്തുവേണമെങ്കിലും ധരിക്കട്ടെ. പക്ഷെ ഒരു സെലിബ്രിറ്റി പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. വല്യ താരമായിട്ടും മഞ്ജു വാര്യർ മനോഹരമായി വസ്ത്രം ധരിച്ച് വരുന്നുണ്ടല്ലോയെന്ന് പറയുമ്പോള്‍ അയ്യോ അവർ ഇരുവരേയും താരതമ്യം ചെയ്യരുതെന്നാണ് ചിലർ പറയുന്നത്. മഞ്ജു വാര്യറേയും ഹണി റോസിനേയും താരതമ്യം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ അവരും ഒരു സ്ത്രീയും നടിയും അല്ലേ. അവർ മാത്രമല്ല, വേറെ എത്ര നടിമാരുണ്ട് . അവർക്കൊന്നും ഇല്ലാത്ത പ്രശ്നം ഹണി റോസിന് എങ്ങനെയാണ്.തന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും ആളുകള്‍ ചിത്രീകരിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ ഓരോ പരിപാടിക്കും പോകുന്നത്. അങ്ങനെ പോകുമ്പോള്‍ ഇങ്ങനെയുള്ള വിമർശനം ഉണ്ടാകുമെന്ന കാര്യം കൂടി അവർ മനസ്സിലാക്കാണമെന്നും നിഷ പറയുന്നു.











