പ്രേം റിലേഷൻഷിപ്പിൽ നിന്ന് പിന്മാറുമോയെന്ന് ഭയന്നു, വിവാഹം നടന്നത് ഒരു ശീത യുദ്ധത്തിലൂടെയാണ് ; സ്വാസിക

ഒരുമിച്ച് സീരിയലിൽ അഭിനയിച്ചതിന് ശേഷമാണ് സീരിയൽ താരങ്ങളായ പ്രേം ജേക്കബും സ്വാസിക വിജയിയും പ്രണയത്തിലായത്. വിവാഹത്തിന് സമ്മതം മൂളും മുമ്പ് അമ്മയുമായി പ്രേം നടത്തിയ ശീതയുദ്ധത്തെ കുറിച്ച് സ്വാസിക മലയാളത്തിലെ ഒരു ഓൺലെൻ ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ്.

വിവാഹവുമായി ബന്ധപ്പെട്ട് പ്രേമിന്റെ വീട്ടിൽ‌ ചെറിയ പ്രശ്നമുണ്ടായിരുന്നു എന്നാണ് സ്വാസിക പറയുന്നത്. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത് പ്രേമിന്റെ മാതാപിതാക്കളായിരുന്നുവത്രെ.  പ്രേമിന്റെ അച്ഛന് പ്രശ്നമുണ്ടായിരുന്നുവെങ്കിലും ഇതുവരെ നേരിൽ അത് പറഞ്ഞിട്ടില്ല. അതുപോലെ ഒന്നിലും അച്ഛൻ ഇടപെടാറുമില്ല എന്നും സ്വാസിക പറയുന്നു. തന്നെ പെണ്ണ് കാണാൻ വന്ന് പോയിയെങ്കിലും മുന്നോട്ട് എന്ത് എന്നതൊന്നും  പ്രേമിന്റെ അച്ഛൻ പറഞ്ഞിരുന്നില്ല. തന്റെ അച്ഛനും അമ്മയും എല്ലാം മാറി മാറി വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല.

പ്രേമിന്റെ അമ്മയും അമ്പിനും വില്ലിനും അടുക്കാതെ നിൽക്കുകയായിരുന്നു എന്നും സ്വാസിക പറയുന്നു. പക്ഷെ ഇപ്പോൾ അത്തരം പ്രശ്നങ്ങളൊന്നുമില്ല എന്നും സ്വാസിക ചൂണ്ടി കാണിക്കുന്നു. ആ സമയത്ത് പ്രേം ഭയങ്കര ടെൻഷനിലായിരുന്നു. കാരണം അമ്മ മിണ്ടുന്നുണ്ടായിരുന്നില്ല. അ‍ഞ്ച്, ആറ് മാസം ‘അമ്മ പ്രേമിനോട് മിണ്ടിയില്ല. ആൺകുട്ടികൾക്ക് അമ്മ പ്രഷ്യസാണല്ലോ. അതുകൊണ്ട് തന്നെ അമ്മയ്ക്ക് സമ്മതമല്ലാത്തതിനാൽ പ്രേം റിലേഷൻഷിപ്പിൽ നിന്ന് പിന്മാറുമോയെന്ന ടെൻഷൻ തനിക്കുണ്ടായിരുന്നു എന്നും സ്വാസിക പറയുന്നു.

പക്ഷെ ആ കോൾഡ് വാർ നടക്കുന്നതിനിടയിൽ ആര് വന്നാലും വന്നില്ലെങ്കിലും ഞാൻ നിന്നെ കല്യാണം കഴിക്കുമെന്ന് പ്രേം തന്നോട് പറഞ്ഞിരുന്നു. അപ്പോഴാണ് തനിക്ക് സന്തോഷമായത് എന്നും സ്വാസിക തുറന്നു പറയുന്നു. പ്രേമിന്റെ ചേട്ടൻ ഇഷാൻ ശ്യാം ജേക്കബും അഭിനേതാവാണ്. പ്രേമിന്റെ ചേട്ടനും തങ്ങൾക്ക് കട്ട സപ്പോർട്ടായിരുന്നുവെന്ന് സ്വാസിക പറയുന്നു. ഒരു കോൾഡ് വാർ പോലെ ഉണ്ടാ‌യിരുന്നു. ഇത്രയും പ്രശ്നങ്ങളുണ്ടായത് നല്ലതിനാണെന്ന് ഇപ്പോൾ‌ മനസിലായി എന്നാണ് പ്രേം പറയുന്നത്.

അമ്മയ്ക്ക് പ്രേമും അദ്ദേഹത്തിന്റെ ചേട്ടനും അഭിനയത്തിലേക്ക് പോയതിനോട് താൽപര്യമില്ലായിരുന്നു. മക്കൾ ജോലി ചെയ്യണമെന്ന ആ​ഗ്രഹമായിരുന്നു അമ്മയ്ക്ക്. അതിനിടയിലാണ് അഭിനയ മേഖലയിൽ നിന്നും ഒരാൾ കൂടി കുടുംബത്തിലേക്ക് വരുന്നുവെന്ന് അമ്മ അറിയുന്നത്. അതും അമ്മയ്ക്ക് ഇഷ്ടമായിട്ടുണ്ടാവില്ല. പക്ഷെ അമ്മ അതേ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നില്ല. എല്ലാത്തിനും അമ്മ സപ്പോർട്ടായി നില്കുന്നു എന്നും സ്വാസിക പറയുന്നു. മാത്രമല്ല താൻ ഹിന്ദുവാണ്, നടിയാണ് എന്നതൊക്കെയാവാം അമ്മയ്ക്ക് തങ്ങളുടെ ബന്ധത്തോട് എതിർപ്പ് തോന്നാൻ കാരണമായത്.

എല്ലാം ഇപ്പോൾ‌ മാറി എന്നും സ്വാസിക പറയുന്നു. പ്രേമിനേക്കാൾ അമ്മയ്ക്ക് ഇപ്പോൾ‌ പ്രിയം തന്നോടാണ് എന്നും സ്വാസിക കൂട്ടിച്ചേർക്കുന്നു. അമ്മ തന്റെ ഇഷ്ടങ്ങളെല്ലാം ഇപ്പോൾ നോക്കുന്നുണ്ടെന്നും അമ്മായിയമ്മയെ കുറിച്ച് സംസാരിക്കവെ സ്വാസിക പറയുന്നു. സ്വാസികയുടെ വീട്ടിൽ ചെന്നാൽ അവിടെ നോൺ വെജ് ഉണ്ടാക്കുന്നത് പോലും തനിക്ക് വേണ്ടി മാത്രമാണെന്നും പ്രേം സ്വാസികയുടെ അമ്മയെ കുറിച്ച് സംസാരിക്കവെ പറഞ്ഞു.

വിവാഹശേഷം താൻ കഴിച്ച പ്ലേറ്റ് കഴുകി വെയ്ക്കാൻ പോലും സ്വാസിക സമ്മതിക്കാറില്ലെന്നും ചില കാര്യങ്ങളിൽ സ്വാസിക ഇങ്ങനെയാണെന്നും പ്രേം പറയുന്നു. വിവാഹത്തിന് മുമ്പ് താൻ കഴിച്ച പ്ലേറ്റ് താൻ തന്നെയാണ് കഴുകി വെച്ചിരുന്നത്. ഇപ്പോൾ സ്വാസിക അതിന് സമ്മതിക്കാറില്ല. താനെങ്ങാനും പ്ലേറ്റ് കഴു കിവെക്കാൻ കൊണ്ടു പോയാൽ സ്വാസിക ദേഷ്യപ്പെടും. നല്ല കാര്യം ചെയ്താലും ദേഷ്യമാണെന്ന് പ്രേം പറഞ്ഞു. അതിനുള്ള മറുപടിയായി സ്വാസിക പറഞ്ഞത് ഇങ്ങനെയാണ്… തനിക്ക് തന്റെ ഭർത്താവിന്റെ പ്ലേറ്റ് കഴുകാനും കാപ്പി കൊണ്ടു കൊടുക്കാനുമെല്ലാം ആ​ഗ്രഹമുണ്ട്. അതെന്റെ അവകാശമാണ്. ആളുകളെ ട്രീറ്റ് ചെയ്യാൻ തനിക്കിഷ്ടമാണ്. പക്ഷെ എല്ലാ പണിയും ചെയ്യാൻ തനിക്ക് ഇഷ്ടമല്ല. തുണി അയേൺ ചെയ്യുന്നതൊന്നും തനിക്ക് ഇഷ്ടമല്ല. തനിക്ക് തുണി തേച്ച് ശീലമില്ലെന്നും സ്വാസിക പറയുന്നു.

പ്രണയിച്ച് നടന്നിരുന്ന കാലത്ത് സിനിമയുടെ പ്രമോഷനെന്ന് അമ്മയോട് കള്ളം പറഞ്ഞ് പ്രേമിനെ കാണാൻ മുംബൈയിൽ പോയ കഥകളും സ്വാസിക ഈയൊരു അഭിമുഖത്തിൽ വെളിപ്പെടുത്തി. അതേസമയം സ്വാസികയും പ്രേമും രണ്ട് മതത്തിൽപ്പെട്ടവരായതു കൊണ്ട് തന്നെ ഇവരുടെ വിവാഹ ചടങ്ങുകൾ പോലും വളരെ വ്യത്യസ്തമായിരുന്നു. ഏതെങ്കിലും ഒരു മതത്തിന്റെ ആചാര പ്രകാരമായിരുന്നില്ല ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ബീച്ചിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പുടവ നൽകിയതിന് പിന്നാലെ സ്വാസിക വിജയ് പ്രേമിന്റെ കാൽ തൊട്ട് തൊഴുതപ്പോൾ തിരികെ പ്രേമും സ്വാസികയുടെ കാലിൽ തൊട്ടു വണങ്ങിയതിന്റെ ദൃശ്യങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.