
ഫേസ്ബുക്കിൽ നിരന്തരം പോസ്റ്റുകൾ പങ്കുവെച്ചിരുന്ന വ്യക്തിയാണ് ബിഗ് ബോസ് താരം അഖിൽ മാരാർ. എന്നാൽ അടുത്ത കാലത്തായി അഖിൽ മാരാർ ഫേസ്ബുക്കിലൂടെയൊന്നും പ്രതികരിക്കാറില്ല. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷമാണ് അഖിൽ ഫേസ്ബുക്കിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്.
ഈ പിൻമാറ്റത്തിൽ അഖിനെതിരെ പല കോണുകളിൽ നിന്നും പരിഹാസം ഉയർന്നിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഫേസ്ബുക്കിൽ ആക്ടീവല്ലാത്തത് എന്ന് തുറന്നുപറയുകയാണ് അഖിൽ മാരാർ. ഒരുയുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഖിൽ മലരിന്റെ പ്രതികരണം.
മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോടും അഖിൽ മാരാർ പ്രതികരിച്ചു. അഭിമുഖത്തിൽ അഖിൽ മാരാർ പറയുന്നത് ഇങ്ങനെയാണ്, ” പണ്ട് മുതലെ മരണത്തെ കുറിച്ച് ചിന്തിക്കാറുണ്ട്. ഏത് നിമിഷവും തട്ടിപ്പോകും എന്നാണ് ചിന്ത, അത് തന്നെയാണ് ധൈര്യവും. മരിക്കുന്നതിന് മുൻപ് എന്തെങ്കിലും ചെയ്യണം എന്ന് കരുതി.

ആനവാൽ മോതിരത്തിലെ ശ്രീനിവാസനെ പോലെ അപാര ധൈര്യം തോന്നി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചയാളാണ് ഞാൻ. പണ്ടൊക്കെ മരണത്തെ കുറിച്ച് ഭയമായിരുന്നെങ്കിൽ ഇപ്പോൾ മരിക്കുന്നത് വരെ എനിക്ക് ഈ ഭൂമിയിൽ എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നാണ് അഖിൽ മാരാർ പറയുന്നത്. ഒരു ഘട്ടത്തിൽ ഞാൻ ആലോചിക്കുമായിരുന്നു എന്റെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോയെന്ന്.
നന്നായി പഠിക്കുമായിരുന്നു, പക്ഷെ പ്ലസ്ടു കൊണ്ട് വിദ്യാഭ്യാസം അവസാനിച്ചു. പ്രകൃതി എന്നെ പതിയെ മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ, ഭാവിയിൽ എന്തിനെങ്കിലും വേണ്ടിയിട്ടുള്ള പരിപാടിയാണോയിത് എന്ന് ചിന്തിച്ചു. അതാണ് ഫേസ്ബുക്കിൽ 2012 ഞാൻ എഴുതിയത്. ഭാവിയിൽ ഞാൻ ആരെങ്കിലും ആയേക്കും. പ്രകൃതി എന്നെ അതിന് നിയോഗിച്ച് കൊണ്ടിരിക്കുകയാണെന്ന് താൻ ഫേസ്ബുക്കിൽ കുറിച്ചുവെന്നാണ് അഖിൽ മാരാർ പറയുന്നത്.
ബിഗ് ബോസ് വിജയിച്ചത് വലിയ കാര്യമായിട്ടല്ല ഞാൻ കാണുന്നത്. പക്ഷെ ഇതിലൂടെ താൻ പറയുന്നത് കേരളത്തിൽ ചെറുതെങ്കിലുമൊരു ആൾക്കൂട്ടം കേൾക്കുന്നു. എന്റെ ശബ്ദത്തിന് മുഖ്യമന്ത്രി മറുപടി പറയുന്നൊരു സാഹചര്യമുണ്ടായി. ഞാൻ ഇപ്പോൾ രണ്ട് മാസമായി ഫേസ്ബുക്കിൽ എഴുതുന്നില്ല. അതിന് കാരണം വിഡി സതീശനെ പോലൊരു പ്രതിപക്ഷ നേതാവ് ഇരിക്കുമ്പോൾ എന്നെ പോലൊരുവൻ പറയുന്നത് അർത്ഥമില്ലെന്ന് ഞാൻ കരുതിയതുകൊണ്ടാണെന്നും അഖിൽ മാരാർ പറയുന്നുണ്ട്.
പുള്ളി എന്റെ പണിയെടുക്കട്ടെ. അവർ ആത്മാർത്ഥമായി പണിയെടുക്കുമ്പോൾ പിന്നിൽ നിന്നും സഹായിക്കാം എന്നേ ചിന്തിക്കുന്നുള്ളൂ. അല്ലാതെ നമ്മൾ എടുക്കുന്ന പണിയിൽ ഓസിന് ഇവരാരും അധികാരത്തിൽ എത്തേണ്ട എന്ന ചിന്തയാണ് പുറകോട്ട് വലിച്ചതെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ എഴുതുന്നത് പെട്ടെന്ന് ഉണ്ടാകുന്ന തോന്നലാണ്.
ചിലത് വീഡിയോ എടുത്ത് വെച്ചിട്ട് അപ്ലോഡ് ചെയ്യാതിരുന്നിട്ടുണ്ട്. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹായം ചെയ്യുമെന്ന് പോസ്റ്റിട്ടപ്പോൾ കുറച്ച് പേർ നല്ലത് പറയുമെന്നാണ് കരുതിയത്. എന്നാൽ അത് തിരിച്ചടിച്ചുവെന്നും മുഖ്യമന്ത്രിയെ വിമർശിച്ചതൊക്കെ വലിയ കുറ്റമായി മാറിയെന്നും ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുക്കില്ലെന്ന് പറഞ്ഞത് വലിയ അപരാധമായി മാറി. തന്നെ കേരളത്തിലെ വൃത്തികെട്ടവനാക്കി മാറ്റാൻ മാധ്യമങ്ങളും ഇടതുപക്ഷവും ശ്രമിച്ചുവെന്നും അഖിൽ മാരാർ പറയുന്നു.
അതിനെക്കുറിച്ച് കൂടുതൽ പഠിച്ചിട്ടൊന്നുമായിരുന്നില്ല താൻ പറഞ്ഞത്. എന്നാൽ വിഷയത്തിൽ പ്രതിരോധിക്കാൻ വേണ്ടിയാണ് പിന്നിലുള്ള കാര്യങ്ങൾ പഠിച്ചത്. എന്നാൽ വലിയ തട്ടിപ്പാണ് അതിന് പിന്നിലെന്ന് മനസിലായി. ഇത് എന്നെ കൊണ്ട് പറയിപ്പിക്കുകയും ഇതിന്റെ ശരികൾ എന്താണെന്ന് എന്നിലൂടെ പുറത്തേക്ക് എത്തിക്കുകയും ചെയ്തത് മറ്റൊരാളാണെന്നാണ് താൻ വിശ്വസിക്കുന്നത് എന്നാണ് അഖിൽ മാരാർ പറഞ്ഞത്.
അതേസമയം കമ്യൂണിസത്തിന്റെ ഒരുപാട് ആശയങ്ങള്‍ എനിക്ക് ഇഷ്ടമാണ്. ഒരു കമ്യൂണിസ്റ്റ് കാരനാണെന്നാണ് ഞാന്‍ സ്വയം വിശ്വസിക്കുന്നതെന്നും പാർട്ടിയില്‍ പ്രവർത്തിക്കുന്നില്ലെന്ന് മാത്രമേയുള്ളുവെന്നാണ് അഖിൽ മാരാർ പറയുന്നത്. പക്ഷെ അത് നടപ്പിലാക്കാന്‍ സാധിക്കില്ല. തുല്യത എങ്ങനെ കൊണ്ടുവരും. പിണറായി വിജയനും ഒരു ലോക്കല്‍ സെക്രട്ടറിയും ഒരുപോലെ ഇരിക്കണമെന്ന തീരുമാനം എടുക്കാന്‍ സാധിക്കുമോ? അത് സാധിക്കില്ലെന്നും അഖില്‍ മാരാർ പറയുന്നു.
താന്‍ വിമർശിച്ചിട്ടുള്ളത് പിണറായി വിജയന്‍ എന്ന മനുഷ്യനെയല്ല, സംസ്ഥാന മുഖ്യമന്ത്രിയെയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന് പറയുന്നത് ജനങ്ങളുടെ വിമർശനങ്ങള്‍ കേള്‍ക്കാനും അവരുടെ ഓഡിറ്റിന് വിധേയമാകേണ്ടതുമായ ഒരാളുമാണ്. പിണറായി വിജയന്‍ എന്ന വ്യക്തിയെ എടുക്കുകയാണെങ്കില്‍ വ്യക്തിപരമായി എനിക്ക് ഒരുപക്ഷെ ഇഷ്ടവുമായിരിക്കില്ല.
മുഖ്യമന്ത്രിയും സാധാരണക്കാരനും തുല്യരാണെന്ന് പറഞ്ഞ് നടക്കാതെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നുണ്ടോ, ജനം അവരുടെ കടമ ചെയ്യുന്നുണ്ടോയെന്നും പരിശോധിക്കപ്പെടുകയും ചെയ്യുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ നമ്മുടെ സിസ്റ്റം കുറച്ചുകൂടെ മെച്ചപ്പെടുമെന്നും അഖിൽ മാരാർ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഞാന്‍ ഒരു കാര്യം പറഞ്ഞപ്പോള്‍ അതിന് എനിക്ക് വലിയ പിന്തുണ ലഭിച്ചു.
ആ സംഭവം വലിയ വിവാദമാകും എന്ന് കരുതി പറഞ്ഞതൊന്നുമല്ല. എന്നോടുള്ള സ്നേഹം കൊണ്ടല്ല, അന്ന് എനിക്ക് പിന്തുണ ലഭിച്ചത്. മുഖ്യമന്ത്രി എന്ന നിലയില്‍ നിലവില്‍ പിണറായി വിജയന്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളോടുള്ള വിയോജിപ്പാണ് അവിടെ രേഖപ്പെടുത്തിയത്. ആ വിയോജിപ്പ് അഖില്‍ മാരാർക്കുള്ള പിന്തുണയായി മാറുകയായിരുന്നുവെന്നാണ് താരം പറഞ്ഞത്.
അടിസ്ഥാനപരമായി പ്രതിപക്ഷത്തിന് ലഭിക്കേണ്ട പിന്തുണയായിരുന്നു അത്. സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റ് ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുക എന്ന ഉത്തരവാദിത്തമാണ് പ്രതിപക്ഷം ചെയ്യേണ്ടത്. എന്നാല്‍ അവർ അത് ചെയ്യുന്നില്ല. ഈ ഒരു വിഷയത്തില്‍ കമ്യൂണിസ്റ്റ് നേതാക്കളില്‍ നിന്നും എനിക്ക് പിന്തുണ ലഭിച്ചിരുന്നു.

അടുത്തിടെ ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് കണ്ണൂർ പോയിരുന്നു. മുഖ്യമന്ത്രിയക്കുറിച്ചൊക്കെ പറഞ്ഞതിനാല്‍ ആരേലും എന്തെങ്കിലും പറയുമോയെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും അവിടുത്തെ പാർട്ടിക്കാർ നല്ല രീതിയിലാണ് പെരുമാറിയത്. ലോക്കല്‍ സെക്രട്ടറിയൊക്കെ വിളിച്ച് കാണണം എന്ന് പറഞ്ഞു. ഈ പാർട്ടി നശിക്കണം എന്ന് കരുതിയല്ല ഞാന്‍ ആ വിഷയം പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി ഭരിക്കണ്ടെന്നും അല്ല. അദ്ദേഹം തന്നെ ഇനിയും ഭരിക്കട്ടെ, സന്തോഷമുള്ള കാര്യമാണ്.
പക്ഷെ ഭരണത്തിലുണ്ടാകുന്ന തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ കണ്ണൂരിലെ സഖാക്കള്‍ക്ക് കൂടെ കഴിയുന്നു എന്ന് പറയുന്നതിനെ ഒരു ക്വാളിറ്റിയായിട്ടാണ് കാണുന്നതെന്നും അഖിൽ മാരാർ വ്യക്തമാക്കി.
അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അഖിൽ മാരാർ വിവാദത്തിൽപ്പെട്ടത്. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു അഖിൽ മാരാർ അന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പകരം താന്‍ വീടുകള്‍ വച്ചു നല്‍കുമെന്നും അഖില്‍ മാരാർ പറഞ്ഞിരുന്നു. മോശമായ ഭാഷയിൽ ദുരിതാശ്വാസ നിധിക്കെതിരെ സംസാരിക്കുകയും ചെയ്തിരുന്നു. അഖിൽ മാരാരുടെ പോസ്റ്റിനെതിരെ വ്യാപകമായി പ്രതിഷേധവും ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പേരിൽ അഖില്‍ മാരാര്‍ക്കെതിരെ കേസ് വരെ എടുക്കുകയും ചെയ്തിരുന്നു.











