പ്രിയദർശന്റെ 99-ാം ചിത്രത്തിൽ അക്ഷയ് കുമാർ; 1970കളിലെ കടുവാ വേട്ടക്കാരനായി ബോളിവുഡ് താരം

മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ പ്രിയദർശനും ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 99-ാമത് ചിത്രത്തിലാണ് ഇരുവരും വീണ്ടും കൈകോർക്കുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ത്രില്ലർ ചിത്രമായാണ് ഇത് ഒരുങ്ങുന്നത്. 1970-കളിലെ ഒരു കടുവാ വേട്ടക്കാരന്റെ വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ജിം കോർബറ്റിന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ പ്രമേയം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രിയദർശനും രോഹൻ ശങ്കറും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബർ അവസാനത്തോടെ ആരംഭിക്കും. രമേശ് തൗറാനി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാൻ, മുംബൈ, ഭോപ്പാൽ എന്നിവിടങ്ങളിലായി മൂന്ന് മാസം നീണ്ടുനിൽക്കും.

അന്നു കപൂർ, രാജ്പാൽ യാദവ് തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘ഹേരാ ഫേരി’, ‘ഗരം മസാല’, ‘ഭൂൽ ഭുലയ്യ’ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.