
സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത സാന്നിധ്യമായ യേശുദാസിന് പ്രശസ്തിക്കപ്പുറം വിമർശനങ്ങൾ കേട്ടത് മുൻകോപത്തിന്റെ പേരിലാണ്. സഹപ്രവർത്തകർക്കും ആരാധകർക്കുമെല്ലാം ഇക്കാര്യത്തിൽ സമാന അഭിപ്രായമാണ് ഉള്ളത്.
കരിയറിൽ എന്നും തന്റേതായ ചില ചിട്ട വട്ടങ്ങൾ യേശുദാസ് പുലർത്തിയിട്ടുണ്ട്. ചില കടും പിടുത്തങ്ങൾ കരിയറിൽ യേശുദാസിന് വിനയായിട്ടുമുണ്ട്. ഇതിന് ഉദാഹരണമാണ് പ്രിയദർശൻ സിനിമകളിൽ യേശുദാസിന് നഷ്ടപ്പെട്ട അവസരങ്ങൾ. ഇതേക്കുറിച്ച് സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
‘ബോയിങ് ബോയിങ്’ എന്ന മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്ന സംഭവങ്ങളാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചത്. ഒരു പാട്ട് റെക്കോഡ് ചെയ്യുമ്പോൾ ആദ്യം രചയിതാവ് വന്ന് ദാസേട്ടന് വരികൾ പറഞ്ഞ് കൊടുക്കും. ആ വരികൾ ദാസേട്ടൻ എഴുതിയെടുക്കും. അതിന് ശേഷം മ്യൂസിക് ഡയറക്ടർ വന്ന് ട്യൂൺ പറഞ്ഞ് കൊടുക്കും. പിന്നീട് അദ്ദേഹം ആ പാട്ട് പ്രാക്ടീസ് ചെയ്യും. അതാണ് പതിവ്. പ്രാക്ടീസ് ചെയ്യുന്ന ആ സമയത്ത് എല്ലാവരും ഒന്ന് മാറിത്തരണേ എന്ന് യേശുദാസ് പറയും. യേശുദാസ് പറയുന്നത് കേട്ട് അവിടെ നിൽക്കുന്ന എല്ലാവരും ഒഴിഞ്ഞ് പോകും. എന്നാൽ പക്ഷെ ചിലപ്പോൾ ഒക്കെ മ്യൂസിക് ഡയറക്ടറോ രചയിതാവോ അടുത്തുണ്ടാകും. വേറെ ആരെയും യേശുദാസ് ആ സമയം അവിടെ അനുവദിക്കില്ല. അതാണ് യേശുദാസിന്റെ പൊതുവെയുള്ള ഒരു രീതി.

പ്രിയദർശൻ സംവിധാനം ചെയ്ത ബോയിങ് ബോയിങ് എന്ന ചിത്രത്തിലും അത് പോലെയായിരുന്നു എന്നും ആലപ്പി അഷറഫ് പറയുന്നു. യേശുദാസിന്റെ നിർദേശ പ്രകാരം എല്ലാവരും അവിടെ നിന്നും പോയി. പക്ഷെ സംവിധായകൻ പ്രിയദർശൻ മാത്രം അവിടെ ഇരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രഘു കുമാർ ആയിരുന്നു. പ്രിയദർശൻ ഈ ചിത്രത്തിന്റെ സംവിധായകനാണെന്ന് രഘുകുമാർ പറഞ്ഞപ്പോൾ ‘ആണെങ്കിലെന്താണെന്ന്’ യേശുദാസ് അയാളോട് തിരികെ ചോദിച്ചു. യേശുദാസിന്റെ ആ ചോദ്യം പ്രിയദർശൻ കേട്ടു. അത് കേട്ടിട്ട് പ്രിയദർശൻ അവിടെ നിന്നിറങ്ങിയെന്നും ആലപ്പി അഷറഫ് പറയുന്നു.
ഇതേക്കുറിച്ച് പ്രിയദർശൻ തന്നോട് സംസാരിച്ചിരുന്നെന്നും ആലപ്പി അഷറഫ് പറയുന്നു. അഷറഫേ, അവിടെ നിന്നും ഇറങ്ങി വന്നപ്പോൾ തന്റെ കണ്ണ് നിറഞ്ഞിരുന്നു , അത് കണ്ട് ചിത്രത്തിന്റെ നിർമാതാവ് പ്രിയദർശനോട് എന്ത് തീരുമാനവും എടുക്കാമെന്ന് പറഞ്ഞു. എന്നാൽ പക്ഷെ അദ്ദേഹം പാടിക്കോട്ടെയെന്നാണ് പ്രിയൻ മറുപടി നൽകിയതെന്നും ആലപ്പി അഷറഫ് വെളിപ്പെടുത്തുന്നു .
എന്നാൽ പക്ഷെ തന്നോട് കാണിച്ച അവഗണന പ്രിയദർശൻ മറന്നിരുന്നില്ല. അതോടെ പ്രിയദർശൻ തന്റെ പല പടങ്ങളിൽ നിന്നും യേശുദാസിനെ ഒഴിവാക്കി നിർത്തി. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാകും എന്ന് പറഞ്ഞത് പോലെ യേശുദാസിനെ ഒഴിവാക്കിയപ്പോൾ അവിടെ തുടങ്ങി എംജി ശ്രീകുമാർ എന്ന ഗായകന്റെ കുതിച്ചുയരൽ. പിന്നീട് വന്ന എല്ലാ പ്രിയദർശൻ പടത്തിലും എംജി ശ്രീകുമാർ പാടാൻ തുടങ്ങി. ആ സിനിമകളും പാട്ടുകളും ഒക്കെ ഒരുപോലെ സൂപ്പർ ഹിറ്റുകളുമായി.
എംജി ശ്രീകുമാറിന്റെ മാർക്കറ്റ് റോക്കറ്റ് പോലെ കുതിച്ചുയർന്നു. എആർ റഹ്മാനോട് പോലും പ്രിയദർശൻ എംജി ശ്രീകുമാറിന് വേണ്ടി റെക്കമന്റ് ചെയ്തെന്നും ആലപ്പി അഷറഫ് ചൂണ്ടിക്കാട്ടി. എന്നാൽ പക്ഷെ യേശുദാസിന്റെ ഈയൊരു പെരുമാറ്റം പ്രൊഫഷണൽ ലൈഫിൽ ഉണ്ടെങ്കിലും യേശുദാസ് അത്ര പ്രശ്നക്കാരൻ അല്ല എന്നുള്ള വാദവും അദ്ദേഹത്തിന്റെ കുടുംബത്തിൽ തന്നെ ഉണ്ട്.
യേശുദാസിന്റെ ദേഷ്യത്തെക്കുറിച്ച് നേരത്തെ ഇദ്ദേഹത്തിന്റെ മകനും ഗായകനുമായ വിജയ് യേശുദാസ് സംസാരിച്ചിട്ടുണ്ട്. ആരെങ്കിലും വന്ന് അനാവശ്യമായി യേശുദാസിനെ ചൊറിഞ്ഞാലാണ് അദ്ദേഹത്തിന് ദേഷ്യം വരികയെന്ന് വിജയ് യേശുദാസ് പറഞ്ഞു. ദേഷ്യം വരാത്ത ആളുകൾ ആരാണുള്ളത് എന്നും വിജയ് യേശുദാസ് ചൂണ്ടിക്കാണിച്ചു. തന്റെ പൂർണ സമയവും കലയ്ക്ക് വേണ്ടി നൽകിയ ഒരാളെ ഇടയ്ക്ക് ആരെങ്കിലും വന്ന് തോണ്ടിയാൽ ചിലപ്പോൾ ദേഷ്യം വരും. എല്ലാവരുടെയും അവസ്ഥ തന്നെയാണ് തന്റെ അച്ഛന്റേതും. തനിക്കും ആ ദേഷ്യം ലഭിച്ചിട്ടുണ്ടെന്നും വിജയ് യേശുദാസ് അന്ന് പറഞ്ഞിരുന്നു .











