
നടി മോനിഷ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 30 വർഷം പിന്നിട്ടുകഴിഞ്ഞു. ഇന്നും മോനിഷയുടെ മരിക്കാത്ത ഓർമ്മകൾ ഉണ്ട് അവരുടെ പ്രിയപ്പെട്ടവർക്ക് പറയാൻ. അത്തരത്തിൽ സംവിധായകൻ ആലപ്പി അഷ്‌റഫ് പങ്കുവച്ച വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മലയാളത്തിൽ ആദ്യമായി ദേശീയ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടിയും മോനിഷയായിരുന്നു .
തനിക്ക് മോനിഷയെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. ഏകദേശം ഒരു മാസക്കാലം ഞാനും മോനിഷയും ഒരു ഗൾഫ് ഷോയുടെ ഭാഗമായി ഒപ്പം ഉണ്ടായിരുന്നു. മോനിഷയുടെ അവസാന സ്പന്ദനസമയത്തും ഞാൻ മോനിഷക്ക് ഒപ്പം തന്നെ ആ ആശുപത്രിയിലും എത്തി. മോനിഷ അവസാനം അഭിനയിച്ച ‘ചെപ്പടി വിദ്യ’ എന്ന സിനിമയുടെ സമയത്ത് ശ്രീവിദ്യയുമായി ഒരു സീൻ മോനിഷക്ക് ബാക്കി ഉണ്ടായിരുന്നു. എന്നാൽ അച്ഛന് സുഖമില്ല എന്ന കാരണത്താൽ രാത്രി തന്നെ മോനിഷ യാത്ര പുറപ്പെട്ടു. രാത്രിയിലെ യാത്ര ശ്രീവിദ്യ വിലക്കിയിരുന്നു; ആ വിധിയെ തടുക്കാൻ ആകില്ലല്ലോ.
‘എനിക്ക് വന്നു ചേരേണ്ടത് ആണെങ്കിൽ എനിക്ക് തന്നെ വന്നു ചേരും എന്ന് വിശ്വസിച്ച ആളാണ് മോനിഷ’. അത് മരണകാര്യത്തിൽ പോലും അങ്ങനെ ആയി എന്നാണ് ആലപ്പി അഷറഫ് പറയുന്നത്. ഗൾഫ്‌ഷോയിൽ ഏറ്റവും ആകർഷണം വിനീതുമായുള്ള മോനിഷയുടെ ഡാൻസ് തന്നെ ആയിരുന്നു. അവർ ഒന്നിച്ചുള്ള ഡാൻസ് ഉണ്ടായിരുന്നു. രണ്ടാളും കളിക്കൂട്ടുകാരെ പോലെ ആയിരുന്നു ഏതുസമയവും. സോളോ ഡാൻസും അവർ ഒന്നിച്ചുള്ള ഡാൻസുമുണ്ടായിരുന്നു. ഗോസര രാജകുമാരാ എന്ന പാട്ട് പാടി വിനീതിന്റെ ഡാൻസുണ്ടായിരുന്നു. ഇന്നസെന്റ് എപ്പോഴും വിനീതിനെ വിളിക്കുന്നത് എടാ ഗോസര രാജകുമാരാ എന്നാണ്. വലപ്പോഴുമൊക്കെ ഗോസര രാജകുമാരനെ കണ്ടില്ലില്ലല്ലോയെന്ന് മോഹൻലാലും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്നും ആലപ്പി അഷറഫ് പറയുന്നു.

അവൻ മോനിഷയുടെ കൂടെ കാണുമെന്ന് ഇന്നസെന്റ് പറയും. ഇന്നസെന്റ് പറഞ്ഞത് ശരിയായിരുന്നു എപ്പോഴും അവർ കളിക്കൂട്ടുകാരെ പോലെ ഒന്നിച്ചായിരുന്നു. ഒന്നിച്ച് ഭക്ഷണം കഴിക്കും, ഷോപ്പിംഗിന് പോകും. തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കും. എപ്പോൾ നോക്കിയാലും മോനിഷയും വിനീതും ഒന്നിച്ച് നടക്കുന്നത് ഇന്നും എന്റെ മനസിലുണ്ട്.
താനൊരിക്കൽ തമാശ പറയുന്ന കൂട്ടത്തിൽ നമ്മുടെ ഗോസര രാജകുമാരന് മോനിഷയോട് പ്രണയമാണെന്ന് തോന്നുന്നെന്ന് പറഞ്ഞപ്പോൾ അതിനെന്താ, നല്ല കാര്യമല്ലേ അവരുടെ പ്രായമതല്ലേ, നടക്കട്ടെ എന്ന് പറഞ്ഞുവെന്നും കല്യാണം കഴിച്ചാലും നല്ലതല്ലേ രണ്ട് പേരും നല്ല കലാകാരൻമാരും നല്ല കുടുംബക്കാരുമാണ്. എല്ലാം കൊണ്ടും യോജിച്ചവരാണ് അവരെന്നും ഇന്നസെന്റ് പറഞ്ഞുവെന്നും മോനിഷ ജീവിച്ചിരുന്നെങ്കിൽ ആ വിവാഹം ഉറപ്പായും നടക്കുമായിരുന്നെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ആലപ്പി അഷറഫ് വ്യക്തമാക്കി.
നേരത്തെ ഒരു അഭിമുഖത്തിൽ മോനിഷയെക്കുറിച്ച് വിനീത് സംസാരിച്ചിരുന്നു. താനും മോനിഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുമ്പോൾ രണ്ട് പേരും വളരെ ചെറിയ കുട്ടികളായിരുന്നു. ഡയലോഗ് പറയുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാൽ ചിരിക്കും. കമലദളം ചെയ്യുമ്പോഴേക്കും മോനിഷ പ്രശ്തിയുള്ള നടിയായി മാറിയെന്നും വിനീത് അന്ന് പറഞ്ഞു. ചിരിയാണ് മോനിഷയെക്കുറിച്ചുള്ള ആദ്യ ഓർമ്മ. എപ്പോഴും ചിരിച്ച് കൊണ്ടായിരിക്കും. മോനിഷ എല്ലാവരോടും സന്തോഷത്തോടെ ഇടപഴകി ചിരിച്ച് കളിച്ച് നടക്കുന്ന ആളായിരുന്നെന്നും വിനീത് അന്ന് ഓർത്തു. മോനിഷയെക്കുറിച്ച് അമ്മ നടി ശ്രീദേവി ഉണ്ണി അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. മകളുടെ മരണം വലിയ ആഘാതമായിരുന്നു ശ്രീദേവി ഉണ്ണിക്ക്. മോനിഷ നർത്തകിയും നടിയുമാകാൻ വലിയൊരു കാരണം അമ്മയുടെ പിന്തുണയായിരുന്നു.
അതേസമയം 1992 ഡിസംബർ 5 ആം തീയതി ആയിരുന്നു നടി മോനിഷയെ മരണം തട്ടിയെടുത്തത്. മോനിഷ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 30 വർഷം പിന്നിട്ടുകഴിഞ്ഞു. എന്നാലും ഇന്നും മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച മോനിഷ ഉണ്ണി. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും മോനിഷയെ ആരാധകർ മറന്നിട്ടില്ല. 16ാം വയസിൽ നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മോനിഷ നേടി. നടിയുടെ ആദ്യ സിനിമയാണിത്. മലയാളത്തിലെ മുൻനിര നായിക നടിയായി വളരവെയാണ് മോനിഷ വാഹനാപകടത്തിൽ മരിക്കുന്നത്. മരിക്കുമ്പോൾ 21 വയസായിരുന്നു മോനിഷയുടെ പ്രായം.











