
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും തെലുങ്ക് ചലച്ചിത്രതാരം അല്ലു അര്‍ജുന്‍. താന്‍ നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു ഇന്നലെ അറസ്റ്റിലായിരുന്നു.ജാമ്യമില്ലാ വകുപ്പുകളാണ് നടനെതിരെ് ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകള്‍ ആണ് ചുമത്തിയത്. 5 മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഒരു രാത്രിയിലെ ജയിൽ വാസത്തിന് പിന്നാലെ അല്ലു അര്‍ജുൻ പുറത്തിറങ്ങുന്നത്.”മരിച്ച സ്ത്രീയുടെ കുടുംബത്തോടൊപ്പം നിൽക്കും. എന്റെ കുടുംബത്തിനും ഇത് വലിയ വെല്ലുവിളികളുടെ സമയം ആയിരുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് എന്നെ പിന്തുണച്ച ആരാധകർക്ക് നന്ദി. കൂടെ നിന്ന സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും നന്ദി”, അല്ലു അര്‍ജുന്‍ പ്രതികരിച്ചു. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘമാണ് ജൂബിലി ഹിൽസിലെ വസതിയിൽ വച്ച് നടനെ ഇന്നലെ കസ്റ്റഡിയിൽ എടുത്തത്.ജയിൽ മോചിതനായതിനു ശേഷം അല്ലു അർജുന്റെ ആദ്യ പ്രതികരണമായിരുന്നു ഇത് .
ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. പുലര്‍ച്ചെ അല്ലു അര്‍ജുനെ ജയിലിൽ നിന്ന് പുറത്തിറക്കുന്നതിലും ട്വിസ്റ്റുണ്ടായി. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേര്‍ കാത്തുനിൽക്കെ പിന്‍ഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. തെലങ്കാന ചഞ്ചൽഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് അല്ലു അര്‍ജുൻ ഇന്നലെ കഴിഞ്ഞത്. ജയിലിന്‍റെ പിന്‍ ഗേറ്റ് വഴിയാണ് അല്ലു അര്‍ജുനെ പുറത്തിറക്കിയത്. മുൻഗേറ്റ് വഴി അല്ലു അര്‍ജുനെ പുറത്തേക്ക് കൊണ്ടുവരേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു ഇത് .











