ഗദ്ദർ പുരസ്കാര നേട്ടവുമായി അല്ലു അർജുൻ! ചരിത്രം തിരുത്തി കുറിച്ച് ഐക്കൺ സ്റ്റാറെന്ന് ആരാധകർ

ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ‘പുഷ്പ 2 ദ റൂളി’ലൂടെ ഐക്കൺ സ്റ്റാർ അല്ലു അര്‍ജുൻ. ദേശീയ അവാർഡ് നേടുന്ന ആദ്യ തെലുങ്ക് നടനായി ‘പുഷ്പ ദ റൈസി’ലൂടെ ചരിത്രം കുറിച്ച അല്ലു അര്‍ജുൻ ഇപ്പോള്‍ ഗദ്ദർ പുരസ്കാര നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്, ചരിത്രം തിരുത്തി കുറിച്ച് ഐക്കൺ സ്റ്റാറെന്ന് ആരാധകർ ഒരേ സ്വരത്തോടെ പറയുന്നു.

തെലുങ്ക് ചലച്ചിത്ര നിർമ്മാതാക്കളേയും കലാകാരന്മാരേയും അവരുടെ മികച്ച സിനിമകളേയും ആദരിക്കാനായി ഏർപ്പെടുത്തിയിരിക്കുന്നതാണ് ഗദ്ദർ തെലങ്കാന ചലച്ചിത്ര പുരസ്കാരം. അല്ലു അർജുനെ സംബന്ധിച്ചിടത്തോളം അപൂർവ്വവും ഏറെ അഭിമാനിക്കാവുന്നതുമായ നേട്ടമാണിത്. പുഷ്പ-2: ദി റൂൾ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അല്ലു അർജുൻ തെലുങ്കിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1900 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ നേടിയ പുഷ്പ 2വിന് ഇത് മറ്റൊരു നാഴികക്കല്ല് കൂടിയാണ്. ഈ നേട്ടം അല്ലുവിന്‍റെ കരിയറിലെ തന്നെ മറക്കാനാവാത്ത മറ്റൊരു വിജയത്തെ അടയാളപ്പെടുത്തുകയുമാണ്.

മികച്ച സിനിമകള്‍ക്കായുള്ള അല്ലുവിന്‍റെ പരിശ്രമങ്ങളും സിനിമയോടുള്ള അടങ്ങാത്ത സ്നേഹവും അദ്ദേഹത്തിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ സമ്മാനിച്ചതോടൊപ്പം ഇപ്പോൾ അഭിമാനകരമായ പുരസ്കാര നേട്ടങ്ങളും സ്വന്തമാക്കാൻ ഇടയാക്കിയിരിക്കുകയാണ്.ഇനിയും നിരവധി ശ്രദ്ധേയ പ്രകടനങ്ങളിലൂടെ ഏവരേയും വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് അല്ലു അര്‍ജ്ജുൻ. ബ്ലോക്ക്ബസ്റ്റർ സിനിമകളൊരുക്കിയ അറ്റ്ലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ AA22xA6 ലൂടെ അല്ലു ഞെട്ടിക്കുമെന്നാണ് ഏവരുടേയും കണക്ക് കൂട്ടൽ. ഇത് സയൻസ് ഫിക്​ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം.