‘രാജീവ് ഗാന്ധി അന്ന് കൊല്ലപ്പെടുമെന്ന് അറിഞ്ഞാണോ അവർ അകലം പാലിച്ചത്, രാഷ്ട്രീയക്കാരാരും മരിച്ചില്ലല്ലോ’?: രാഹുലിനെതിരെ മേജർ രവി

‘രാജീവ് ഗാന്ധി അന്ന് കൊല്ലപ്പെടുമെന്ന് അറിഞ്ഞാണോ അവർ അകലം പാലിച്ചത്, രാഷ്ട്രീയക്കാരാരും മരിച്ചില്ലല്ലോ’?: രാഹുലിനെതിരെ മേജർ രവി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയും രൂക്ഷമായ ചോദ്യങ്ങളുമായി സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവി. രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം (SIT) പ്രവർത്തിച്ച നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് (NSG) ക്യാപ്റ്റനായിരുന്നു അന്ന് മേജർ രവി. സുരക്ഷ പിൻവലിച്ചതാണ് കാരണമെങ്കിൽ അതിന് ആരാണ് ഉത്തരവാദിയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും, തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത് എന്ന ചോദ്യമാണ് മേജർ രവി പ്രധാനമായും ഉയർത്തിയത്. സ്ഫോടനത്തിൽ സാധാരണക്കാരും പൊലീസുകാരും മരിച്ചപ്പോൾ രാഷ്ട്രീയക്കാരാരും കൊല്ലപ്പെട്ടിട്ടില്ലല്ലോ എന്നും, അന്വേഷണ സംഘത്തിനൊപ്പം പ്രവർത്തിച്ചിരുന്ന കാലത്ത് ഒരു രാഷ്ട്രീയ നേതാവിനെയും ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ഐ.ടി രേഖകൾ വീണ്ടും പരിശോധിക്കണമെന്നും സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തെടുക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകനെയും നളിനിയെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വെല്ലൂർ ജയിലിൽ സന്ദർശിച്ചതിനെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. ആ സന്ദർശനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽ.ടി.ടി.ഇ വാടകക്കൊലയാളികൾ മാത്രമായിരുന്നെന്നും, അവരുടെ മേൽ കുറ്റം ചാർത്തി ആരാണ് രക്ഷപ്പെട്ടതെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും മേജർ രവി പറഞ്ഞു.

പ്രതികളെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്ത തങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥർക്കാണ് ഇപ്പോഴും ഭീഷണിയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നളിനി പ്രതികാരബുദ്ധിയുള്ള സ്ത്രീയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികാരം ചെയ്യാൻ അവർക്ക് സാധിക്കുമെന്നും ചൂണ്ടിക്കാണിച്ച മേജർ രവി, എത്ര ഭീഷണിയുണ്ടെങ്കിലും തങ്ങൾ ആരോടും പരാതിപ്പെടുന്നില്ലെന്നും മരണം വരുമ്പോൾ നേരിടാൻ തയാറാണെന്നും കൂട്ടിച്ചേർത്തു.