
തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ കാണുന്നതിനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നതിനും 42 കടുത്ത നിബന്ധനകൾ പാലിക്കണമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മലയാള നടൻ ശിവ ഹരിഹരൻ. ഒരു പോഡ്കാസ്റ്റിൽ ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് നടത്തിയ പരാമർശങ്ങൾ വൈറലായതോടെയാണ് ഈ വിവാദം ഉടലെടുത്തത്. എന്നാൽ അല്ലു അർജുനൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ച തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ഈ ആരോപണങ്ങൾ ശിവ തള്ളിക്കളഞ്ഞു.
അല്ലു അർജുന്റെ ടീം മുന്നോട്ടുവെച്ചു എന്ന് പറയപ്പെടുന്ന ഈ 42 നിർദ്ദേശങ്ങൾ വെറും ‘നുണക്കഥ’ മാത്രമാണെന്ന് ശിവ തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. താരം മുറിയിലേക്ക് വരുമ്പോൾ എഴുന്നേറ്റ് നിൽക്കണം, കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത് തുടങ്ങിയ വിചിത്രമായ നിബന്ധനകൾ ഉണ്ടെന്നായിരുന്നു പ്രചാരണം. ഇതേക്കുറിച്ച് നിരവധി ആരാധകർ മെസ്സേജ് അയച്ച സാഹചര്യത്തിലാണ് താരം സത്യാവസ്ഥ വെളിപ്പെടുത്തിയത്.
താൻ ഇതുവരെ ജോലി ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും മാന്യനും ദയയുള്ളവനുമായ വ്യക്തിയാണ് അല്ലു അർജുനെന്ന് ശിവ പറയുന്നു. ഒരു ശീതളപാനീയത്തിന്റെ പരസ്യചിത്രീകരണത്തിനിടെ അല്ലുവിനോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ തങ്ങൾ മടിച്ചുനിൽക്കുകയായിരുന്നു. എന്നാൽ ഇത് മനസ്സിലാക്കിയ അദ്ദേഹം ഇങ്ങോട്ട് വന്ന് ഫോട്ടോ വേണോ എന്ന് ചോദിക്കുകയും, ഷൂട്ടിംഗ് കഴിഞ്ഞിട്ടും തങ്ങൾക്കായി കാത്തുനിൽക്കുകയും ചെയ്തു. ഫോട്ടോകൾ ലഭിച്ചു എന്ന് ഉറപ്പുവരുത്താൻ അദ്ദേഹം തന്റെ മാനേജർമാരെ ചട്ടംകെട്ടിയതായും ശിവ കൂട്ടിച്ചേർത്തു.
‘ഹാപ്പി’ എന്ന സിനിമ മുതൽ അല്ലു അർജുന്റെ വലിയ ആരാധകനായ തനിക്ക്, ഈയൊരു അനുഭവത്തോടെ അദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിയായതായും താരം കുറിച്ചു. അതേസമയം, അല്ലു അർജുന്റെ ടീമും ഈ വിവാദങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രതിനിധികൾ വ്യക്തമാക്കി.











