‘അമ്മയുടെ ഓഫീസ് വിൽപ്പനയ്ക്ക് ; വെറും 20000 രൂപ മാത്രം

എ. എം. എം. എ യുടെ ആസ്ഥാനമന്ദിരം ഒഎൽഎക്സിൽ വിൽപനയ്ക്ക്. സംഭവം സത്യമല്ല ട്രോള്മാര് ഒപ്പിച്ചൊരു പണിയാണിത് . താര സംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതികള്‍ക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ കൊണ്ട് നിറയുകയാണ്.

ഹേമ കമ്മീറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർക്കെതിരെ ലൈംഗികാരോപണം ഉയരുകയും കേസ് എടുക്കുയകയും ചെയ്തതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിടുകയും പ്രമുഖ അംഗങ്ങളെല്ലാം രാജി വെക്കുകയും ചെയ്തിരുന്നു . അതിന് പിന്നാലെയാണ് ഇപ്പോൾ എ. എം. എം. എയുടെ ഓഫീസ് ആരോ ഒഎൽഎക്സിൽ ഇട്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനാല്‍ പെട്ടെന്ന് വില്‍പ്പന നടത്തുകയാണെന്നാണ് ഡിസ്ക്രിപ്ഷനിൽ പറയുന്നത്.

വാതില്‍ മുട്ടിയോ, മെസഞ്ചറില്‍ സന്ദേശം അയച്ചോ വാങ്ങാന്‍ താല്‍പ്പര്യം അറിയിക്കാമെന്നും, മുട്ടലുകൾ കാരണം വാതിലുകൾക്ക് ബലക്കുറവുണ്ടെന്നും, കൂടെയുള്ളവരുടെ കയ്യിലിരിപ്പ് കാരണം വിൽക്കുന്നുവെന്നും ഡിസ്ക്രിപ്ഷനിൽ പറയുന്നു. 20000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത് എന്നതാണ് രസകരമായ കാര്യം. 2,0000 ചതുരശ്ര അടിയുള്ള കെട്ടിടത്തില്‍ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണെന്നും പരസ്യത്തിലുണ്ട്.

മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ടെന്നും പറഞ്ഞിട്ടുണ്ട്. മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ വില്‍പ്പന പൂര്‍ത്തീകരിക്കണമെന്നും കുറിപ്പില്‍ ഉണ്ട്. എന്നാല്‍ ആരാണ് പരസ്യം നല്‍കിയിരിക്കുന്നതെന്ന് വ്യക്തമല്ല.  എന്തായാലും സിനിമ സംഘടനയായ അമ്മയിലെ താരങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്.

സോഷ്യല്‍ മീഡിയകളില്‍ സംഘടനയ്‌ക്കെതിരെയും താരങ്ങള്‍ക്കെതിരെയും വലിയ രീതിയിലുള്ള പരിഹാസങ്ങളും ഉയരുന്നുണ്ട്. നേരത്തെ ലോ കോളേജ് വിദ്യാർത്ഥികൾ എ. എം. എം. എയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ചത് വലിയ വാർത്തയായിരുന്നു. അച്ഛനില്ലാത്ത അമ്മയ്ക്ക് എന്നെഴുതിയാണ് റീത്ത് സമർപ്പിച്ചത്.  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന വെളിപ്പെടുത്തലുകളില്‍ കുറ്റാരോപിതരായവര്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടിരുന്നു.

കുറ്റാരോപിതനായ നടന്‍ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം രാജിവെച്ചുകൊണ്ട് ഭരണസമിതി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ എഎംഎംഎയുടെ തലപ്പത്ത് വനിതകള്‍ വരണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഓഫീസിന്റെ ലൊക്കേഷനടക്കം പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതെസമയം അമ്മയ്ക്ക് പിന്നാലെ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ‘ഫെഫ്‌ക’യിലും പൊട്ടിത്തെറി ഉണ്ടായി. സംഘടനക്കെതിരെ രൂക്ഷവിമർശനമുയർത്തിയാണ് സംവിധായകൻ ആഷിഖ് അബു രാജി സമർപ്പിച്ചത്. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടുമാണ് ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവക്കുന്നതെന്ന് ആഷിക് അബു പറയുന്നു.