എന്റെ കയ്യിലും പണം ഉണ്ടായിരുന്നില്ല; അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം, ഞാൻ ചെയ്യാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചില്ല; അർജുൻ അശോകൻ

സിനിമയിൽ‌ താൻ അത്യാവശ്യം നല്ല നിലയിലേക്ക് എത്തിയപ്പോൾ പോലും വീട്ടിൽ പാകിയ ടൈലുകൾ മാറ്റാൻ അച്ഛൻ ഹരിശ്രീ അശോകൻ അനുവദിച്ചിരുന്നില്ലെന്നും നിമയവഴിയിലൂടെ തന്നെ നീതി ഉറപ്പാക്കണമെന്ന്  അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നുവെന്നും പറയുകയാണ് നടൻ അർജുൻ അശോകൻ.

അടുത്തിടെ നടൻ ഹരിശ്രീ അശോകന്റെ വീട് നിർമാണവുമായി ബന്ധപ്പെട്ട കേസ് വലിയ ചർച്ചയായിരുന്നു. പ‍ഞ്ചാബി ഹൗസ് എന്ന് പേരിട്ട വീടിന്റെ നിർമാണത്തിൽ‌ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ അടുത്തിടെയാണ് വിധി വന്നത്. ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് പറയുകയാണ് നടൻ അർജുൻ അശോകൻ.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അർജുൻ അശോകൻ പറയുന്നത്. കയ്യിൽ അത്ര പൈസയൊന്നും ഉണ്ടായിരുന്നില്ല. എങ്ങനെയൊക്കയോ തട്ടീം മുട്ടീം ഒരു വീട് വെയ്ക്കണമെന്ന ആ​ഗ്രഹത്തിൽ ഉണ്ടാക്കിയ വീടായിരുന്നുവെന്നും ഇത്രയും കാലം സിനിമയിൽ ജോലി ചെയ്തിട്ട് ഉണ്ടാക്കിയ വീട്ടിൽ കിടക്കാൻ‌ പറ്റിയില്ലെന്ന സങ്കടമാണ് ഉണ്ടായതെന്നും അർജുൻ പറയുന്നു.

‘കേസിന് പോകാൻ പ്രധാന കാരണം ഞങ്ങളുടെ കയ്യിൽ അത്ര പൈസ ഒന്നുമില്ല. എങ്ങനെയൊക്കെയോ തട്ടി മുട്ടി ഒരു വീട് വെക്കണം എന്ന ആ​ഗ്രഹത്തിൽ ഉണ്ടാക്കിയ വീടാണ് പ‍ഞ്ചാബി ഹൗസ്. അച്ഛന്റെ അമ്മ മരിക്കുന്നതിന് കുറച്ച് മുന്നെയാണ് ആ വീടിന്റെ പണി മുഴുവൻ തീർന്നത്. ഇത്രയും കാലം സിനിമയിൽ ജോലി ചെയ്ത് ഉണ്ടാക്കിയ വീട്ടിൽ‌ കിടക്കാൻ പറ്റിയില്ല എന്ന സങ്കടമാണ് അച്ഛന് ഏറ്റവും കൂടുതൽ ഉണ്ടായതെന്നും അത് റീപെയർ ചെയ്യാൻ തന്റെ കയ്യിലും അന്ന് പണം ഉണ്ടായിരുന്നില്ലയെന്നും അങ്ങനെ ഒരു പണി അവർ തന്നത് കൊണ്ടാണ് കേസിന് പോയതെന്നും അർജുൻ അശോകൻ പറയുന്നു.

തന്റെ കൊച്ചിന് പോലും ഇപ്പോഴും വീട്ടിൽ‌ ഓടിക്കളിക്കാൻ പറ്റില്ല. അത്യാവശ്യം മെച്ചപ്പെട്ട രീതിയിലേക്ക് ഞാൻ എത്തിയപ്പോഴും അത് മാറ്റാൻ അച്ഛൻ സമ്മതിച്ചില്ല. കേസ് ജയിച്ചിട്ടേ ഉള്ളൂ എന്ന നിർബന്ധം ഉണ്ടായിരുന്നുവെന്നും  അർജുൻ അശോകൻ പറയുന്നുണ്ട്.

വർഷങ്ങളോളം സിനിമയിൽ രാപ്പകൽ ഇല്ലാതെ അധ്വാനിച്ചാണ് വീട് എന്ന സ്വപ്നം ഹരിശ്രീ അശോകനും കുടുംബവും സാക്ഷാത്കരിച്ച് എടുത്തത്. തനിക്ക് മലയാള സിനിമയിൽ ഒരിടം കണ്ടെത്തിതന്ന ചിത്രമായ പഞ്ചാബി ഹൗസിന്റെ ഓർമക്കായി ആ പേര് തന്നെയാണ് വീടിനും ഹരിശ്രീ അശോകൻ നൽകിയത്. എന്നാൽ വളരെ കുറച്ച് കാലം മാത്രമെ അശോകനും കുടുംബത്തിനും ആ വീട്ടിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞുള്ളു.

വീടിന്റെ ഫർണിഷിങ്, ഫ്ലോറിങ് ഘട്ടത്തിൽ അത് ചെയ്തവർ വരുത്തിയ പിഴവുകൾ മൂലം വീട് ആകെ പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. ഇതിനെതിരെ ഉപഭോക്‌തൃ കോടതിയിൽ താരം നൽകിയ കേസ് അടുത്തിടെയാണ് വിധിയായത്. വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പിഴവുകൾ വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17 ലക്ഷതിലധികം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചത്.

അതേ സമയം, യുവ താരങ്ങളിൽ ശ്രദ്ധേയനാണ് നടൻ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ. ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധേയമാക്കാൻ അർജുൻ അശോകന് സാധിച്ചിട്ടുമുണ്ട്. അർജുൻ അശോകന്റെ ഏറ്റവും പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. സംവിധായതൻ വിനയന്റെ മകൻ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത് . അർജുൻ അശോകനും അപർണ ദാസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവംബർ 15 ന് ആണ് പ്രദർശനത്തിന് എത്തുന്നത്.