
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി നടി മീനാക്ഷി. ഫഹദ് ഫാസിലിന്റെ മകളായാണ് അഭിനയിക്കേണ്ടതെന്ന് അറിയാതെയാണ് ചിത്രത്തിനായി ഓഡിഷനിൽ പങ്കെടുത്തതെന്ന് മീനാക്ഷി പറയുന്നു. ഡ്രീം ലൂപ്പ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘മാലിക്’ലെ തന്റെ വേഷം താൻ ചോദിച്ചുവാങ്ങിയതാണെന്നും മീനാക്ഷി പറഞ്ഞു. ദിനേഷ് പ്രഭാകറാണ് ചിത്രത്തിനായി ഒരു ഓഡിഷൻ നടക്കുന്ന വിവരം അറിയിച്ചത്. രഹസ്യമായി നടക്കുന്ന ഓഡിഷനാണെന്നും പോയി പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞതോടെയാണ് മീനാക്ഷി ഓഡിഷനെത്തിയത്.
രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ നീണ്ടതായിരുന്നു ഓഡിഷൻ. രണ്ട് സീനുകളാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. ആദ്യത്തെ ഏതാനും തവണകൾക്ക് ശേഷം വീണ്ടും വീണ്ടും സീൻ ചെയ്യാൻ ആവശ്യപ്പെട്ടതോടെ തനിക്ക് ടെൻഷനായെന്നും മീനാക്ഷി പറയുന്നു.
“എനിക്ക് അഭിനയിക്കാൻ അറിയാത്തതുകൊണ്ടാണോ വീണ്ടും വീണ്ടും ചെയ്യിപ്പിക്കുന്നതെന്ന് വരെ ചിന്തിച്ചു. ലഞ്ച് സമയത്തും എന്നെ വിട്ടില്ല. എന്നാൽ ഭക്ഷണം കഴിക്കുന്നതിനിടെ മഹേഷ് നാരായണൻ പറഞ്ഞത്, ‘താൻ ചെയ്യുന്നത് കൊണ്ടാണ് വീണ്ടും ചെയ്യിപ്പിക്കുന്നത്. ചെയ്യാത്ത ഒരാളാണെങ്കിൽ നമ്മൾ സമയം ചെലവഴിക്കില്ല’ എന്നായിരുന്നു. അത് കേട്ടപ്പോഴാണ് സമാധാനമായത്,” മീനാക്ഷി ഓർത്തെടുത്തു.
ഓഡിഷനിടെ ഇൻസുലിൻ കുത്തിവെക്കുന്ന രംഗവും അവതരിപ്പിക്കേണ്ടി വന്നിരുന്നു. കടുത്ത ടെൻഷനിലായിരുന്നതിനാൽ ഓഡിഷനിൽ പലതും കാട്ടിക്കൂട്ടിയെന്നും നടി പറഞ്ഞു. കൈയിൽ ഇൻസുലിൻ കുത്തിവെക്കുന്നതിനിടെ മുറിവുണ്ടായി ചോര വന്നപ്പോൾ അത് വായിൽ ആക്കിയതടക്കമുള്ള കാര്യങ്ങൾ താൻ ചെയ്തെന്നും മീനാക്ഷി പറഞ്ഞു. എന്നാൽ ഓഡിഷൻ പൂർത്തിയാക്കി ഇറങ്ങാൻ നേരമാണ് ഇത് ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രമാണെന്ന് മീനാക്ഷി അറിയുന്നത്. അതിന് ശേഷമാണ് ഫഹദിന്റെ മകളുടെ വേഷമാണ് തനിക്ക് ലഭിക്കുന്നതെന്നും മനസിലാക്കിയത്.
“ഇതൊക്കെ നേരത്തെ അറിയാമായിരുന്നെങ്കിൽ കുറച്ചുകൂടി വൃത്തിയായി ചെയ്യാമായിരുന്നു എന്നാണ് ആദ്യം തോന്നിയത്. ഓഡിഷനിൽ എന്തൊക്കെയാണ് ഞാൻ കാണിച്ചതെന്ന് ആലോചിച്ചു. അവസാനം സാർ നന്നായി ചെയ്തെന്ന് പറഞ്ഞു. വിളിക്കാമെന്നും പറഞ്ഞു. പിന്നീട് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് വിളിച്ച് പറഞ്ഞപ്പോഴാണ് വലിയ സന്തോഷം തോന്നിയത്,” മീനാക്ഷി പറഞ്ഞു. അങ്ങനെയാണ് ‘മാലിക്’ എന്ന ചിത്രത്തിലേക്ക് താൻ എത്തിയതെന്നും നടി കൂട്ടിച്ചേർത്തു.











